റോഡിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും MVD ചെക്കിങ്; വാഹനാഭ്യാസം റീലാക്കുന്നവരെ ‘മര്യാദ’ പഠിപ്പിക്കും

കാക്കനാട്: ഇരുചക്രവാഹനത്തിലോ കാറിലോ അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് മാസ്സ് കാണിക്കുന്നവർ അറിയാൻ: നിങ്ങൾ ചിത്രീകരിക്കുന്ന ആ സ്റ്റണ്ട് വീഡിയോ ഇൻസ്റ്റഗ്രാമിലോ ഫെയ്‌സ്ബുക്കിലോ പോസ്റ്റ് ചെയ്താൽ സ്‌പോട്ടിൽ പണി കിട്ടും. റോഡിലെ റീൽസ് വീരന്മാരെ പുട്ടാൻ എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി. ഓഫീസിൽ പ്രത്യേക എം.വി.ഡി. സൈബർ വിങ് പണി തുടങ്ങി.
പിഴയടച്ച് കൈകഴുകി പോകാമെന്ന് കരുതേണ്ട. പോക്കറ്റ് ചോരുന്ന പിഴയ്‌ക്കൊപ്പം ഒരു ദിവസം മുഴുവൻ മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത ക്ലാസിലും ഇരിക്കേണ്ടി വരും. ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരെയാണ് മോട്ടോർ വാഹനവകുപ്പ് കുടുക്കി ക്ലാസിലേക്ക് വിടുന്നത്.
വല വിരിക്കുന്നത് ഡിജിറ്റലായി
സോഷ്യൽ മീഡിയയിൽ ലൈക്കും വ്യൂസും വാരിക്കൂട്ടാൻ നിയമം കൈയിലെടുക്കുന്നവരെ വലയിലാക്കാൻ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളാണ് സൈബർ വിങ് ഒരുക്കിയിരിക്കുന്നത്. വണ്ടിയുടെ നമ്പർ പ്ലേറ്റുകൾ ഡിജിറ്റലായി പരിശോധിച്ചാണ് ഉടമയെ കണ്ടെത്തുന്നത്. റീൽസ് ഷൂട്ട് ചെയ്ത സ്ഥലവും പശ്ചാത്തലവും കൃത്യമായി നിരീക്ഷിച്ച് സ്‌പോട്ട് ഉറപ്പാക്കും. വിഡിയോയിലുള്ള കൂട്ടുകാരുടെയും അഭ്യാസപ്രകടനത്തിന് ഒത്താശ ചെയ്യുന്നവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത്.
വണ്ടിയിൽ വരുത്തിയ അനധികൃത രൂപമാറ്റം, റിയർ വ്യൂ മിററുകൾ ഊരിമാറ്റൽ, നാട് വിറപ്പിക്കുന്ന സൈലൻസർ മാറ്റൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് വലിയ തുക പിഴ ഈടാക്കും. എന്നാൽ, ഇത്തവണ കളി പിഴയിൽ മാത്രം ഒതുങ്ങില്ല. പിടിക്കപ്പെടുന്ന യുവാക്കൾക്കായി മോട്ടോർ വാഹന വകുപ്പ് ഒരു ദിവസത്തെ നിർബന്ധിത ക്ലാസ് ഏർപ്പെടുത്തി. റോഡിലെ ഇത്തരം അഭ്യാസപ്രകടനങ്ങൾ കാരണം ഉണ്ടാകുന്ന ദാരുണമായ അപകടങ്ങളെക്കുറിച്ചുള്ള നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ പ്രദർശനവും ഇതിലുണ്ടാകും. ആദ്യ ക്ലാസ് 26-ന് നടക്കും.
'നോട്ടപ്പുള്ളികൾ' 19-30 പ്രായപരിധിയിലുള്ളവർ
റോഡിലെ ഇത്തരം അപകടകരമായ റീൽസ് എടുക്കുന്നവരിൽ ഭൂരിഭാഗവും 19 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള യുവാക്കളാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, 30 വയസ്സിന് മുകളിലുള്ളവരിൽ ഭൂരിഭാഗവും പൊതുവേ ഉത്തരവാദിത്വത്തോടെയാണ് വണ്ടി ഓടിക്കാറുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു. വരുംദിവസങ്ങളിലും സോഷ്യൽ മീഡിയ വഴിയുള്ള പരിശോധന കർശനമായി തുടരുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി.
Content Highlights: MVD Ernakulam launches a dedicated Cyber Wing to monitor road stunt videos., Digital surveillance used to track license plates and locations from social media., Offenders face heavy fines plus mandatory one-day safety classes., Focus on unauthorized vehicle modifications and dangerous driving stunts., Target demographic identified as youth aged 19-30.