ട്രെയിനില്‍ അതിഥിയായി ഗോള്‍ഡന്‍ റിട്രീവര്‍; പരിലാളിച്ചും തലോടിയും സഹയാത്രികര്‍ |Video

നഗരത്തിന്റെ ജീവനാഡിയെന്നാണ് മുംബൈ ലോക്കല്‍ ട്രെയിനുകളെ വിശേഷിപ്പിക്കാറ്. വെറും യാത്രയ്ക്കപ്പുറം അതൊരു കൂട്ടായ്മ കൂടിയാണ്. അതുകൊണ്ടുതന്നെ ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടാവുന്ന കൗതുകകരമായ സംഭവങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാവാറുണ്ട്. സന്തോഷത്തിന്റെ നിരവധി നിമിഷങ്ങളാണ് മുംബൈ ലോക്കല്‍ ട്രെയിനുകളില്‍ കൈമാറ്റംചെയ്യപ്പെടുന്നതും പിന്നീട് ഇതിന്റെ വീഡിയോകള്‍ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നതും.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഒരു ഗോള്‍ഡന്‍ റിട്രീവര്‍ നായയാണ് ഇതിന്റെ കേന്ദ്രകഥാപാത്രം. ലോക്കല്‍ ട്രെയിനില്‍ കയറിയ മിന്നി എന്ന നായ സഹയാത്രികരുടെ ഹൃദയം കീഴടക്കി. ശ്രീജനി ദാസ് എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് ലോക്കല്‍ ട്രെയിനിലെ മിന്നിയുടെ മനോഹരനിമിഷങ്ങളുടെ ചിത്രം പങ്കുവെച്ചത്.
ഓടുന്ന ട്രെയിനിലും മിന്നിയുടെ ശാന്തമായ പെരുമാറ്റവും ഓമനത്തം നിറഞ്ഞ സാന്നിധ്യവും യാത്രക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി. സഹയാത്രികര്‍ വാത്സല്യത്തോടെയാണ് മിന്നിയെ പരിചരിച്ചത്. മിന്നിയുടെ ഉടമ അതിനെ മാറോട് ചേര്‍ത്താണ് ട്രെയിനില്‍ കയറിയത്. ഒരു കൊച്ചുയാത്രക്കാരി മിന്നിയെ തലോടുന്നതടക്കം വീഡിയോയിലുണ്ട്.
സമ്മിശ്രപ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ചിലര്‍ മിന്നിയുടെ ശാന്തസ്വഭാവത്തേയും മറ്റുള്ളവരോട് മെരുങ്ങിയുള്ള പെരുമാറ്റത്തേയും പുകഴ്ത്തുമ്പോള്‍, ചിലര്‍ ഇത്തരം യാത്ര റിസ്‌ക് ഏറിയതാണെന്നും സൂചിപ്പിക്കുന്നു.
Content Highlights: Pet dog travels on Mumbai local