ആറ് വയസുകാരന് മുതിര്‍ന്നവര്‍ക്കൊപ്പം മഡ് റേസ് പരീശീലനം; പിതാവിനെതിരേ കേസെടുത്ത് പോലീസ്

കുട്ടി പരീശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ | ഫോട്ടോ: മാതൃഭൂമി ന്യൂസ്‌
കുട്ടി പരീശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ | ഫോട്ടോ: മാതൃഭൂമി ന്യൂസ്‌

മഡ് റേസില്‍ പങ്കെടുക്കുന്നതിനായി ആറ് വയസുള്ള കുട്ടിക്ക് പരിശീലനം നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവിനെതിരേ പേലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്‌ക്കെതിരേയാണ് പാലക്കാട് സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് വയസ് മാത്രം പ്രായമുള്ള കുട്ടി മുതിര്‍ന്ന ആളുകള്‍ക്കൊപ്പമാണ് റേസിങ്ങ് പരിശീലനത്തിനായി ട്രാക്കില്‍ ഇറങ്ങിയത്. ഇതാണ് കേസെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ളതെന്നാണ് വിവരം. 

പാലക്കാട് നഗരത്തോട് ചേര്‍ന്നുള്ള കാടാങ്കോട് എന്ന പ്രദേശത്താണ് മഡ് റേസിങ്ങിനുള്ള പരീശീലനം നടന്നത്. ഈ മാസം 16,17 തീയതികളില്‍ ഈ മേഖലയില്‍ നടക്കുന്ന മഡ് റേസ് മത്സരത്തിന് മുന്നോടിയായാണ് പരീശീലനമെന്നും സൂചനയുണ്ട്. അതേസമയം,  ഈ കുട്ടി മുമ്പുതന്നെ റേസിങ്ങിന് പരീശീലനം നേടുന്നുണ്ടെന്നാണ് വിവരം. ആറ് വയസുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ പരീശീലനം നേടിയ സ്ഥലത്ത് മഡ് റേസ് നടത്തുന്നതിനുള്ള അനുമതി സംഘാടകര്‍ക്ക് ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

പരിശീലനത്തിനായി കുട്ടി ഉപയോഗിക്കുന്നത് ടോയ് ബൈക്കാണ്. ഇതില്‍ പരിശീലനം നടത്തുന്നതില്‍ നിയമവിരുദ്ധമായൊന്നുമില്ലെന്നാണ് പോലീസിന്റെയും നിലപാട്. എന്നാല്‍, മുതിര്‍ന്ന റൈഡര്‍മാര്‍ക്കൊപ്പം അപകടരമായ രീതിയില്‍ ഈ ആറ് വയസുകാരനും പായുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് വീവരം.

ഒന്നിലധികം ബൈക്കുകളാണ് പരീശീലനത്തിനായി മഡ് ട്രാക്കില്‍ എത്തിയത്. ഇവര്‍ ചീറി പാഞ്ഞ് പോകുന്നതിന് പിന്നാലെ റൈഡിങ്ങ് ഗിയറുകള്‍ എല്ലാം ധരിച്ച് കുഞ്ഞന്‍ ബൈക്കില്‍ പാഞ്ഞ് പോകുന്ന ആറ് വയസുകാരന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്. കേസെടുത്തതിന് പിന്നാലെ കുട്ടിയുടെ പിതാവായ ഷാനവാസ് അബ്ദുള്ളയോട് നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പാലാക്കാട് സൗത്ത് പോലീസ് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Mud race training for six year old boy, police register case against his father