സ്‌കൂട്ടറിന്റെ എന്‍ജിന്‍, ജീപ്പ് പോലൊരു ബോഡി; ഇത് 40,000 രൂപയ്ക്ക് ഒരുങ്ങിയ വെറൈറ്റി വാഹനം

മാത്യു ടി.കുര്യന്‍ സ്വന്തമായുണ്ടാക്കിയ നാലുചക്രവാഹനത്തില്‍
മാത്യു ടി.കുര്യന്‍ സ്വന്തമായുണ്ടാക്കിയ നാലുചക്രവാഹനത്തില്‍

തിരുവല്ല: സ്‌കൂട്ടറിന്റെ എന്‍ജിനും ചക്രങ്ങളും. ഏതൊക്കയോ വാഹനങ്ങളുടെ സീറ്റുകളും തകിട് ഭാഗങ്ങളും. നാല് വീലുകളുള്ള ഈ വാഹനംകണ്ടാല്‍ ജീപ്പ് മോഡല്‍. സ്റ്റാര്‍ട്ടാക്കിയാല്‍ കുതിച്ചുപായും. നന്നാട് തോപ്പില്‍ വീട്ടില്‍ മാത്യു ടി.കുര്യന്‍(58) സ്വന്തം പ്രയത്‌നത്തില്‍ പണിതിറക്കിയതാണ് ഈ വാഹനം. 

22 വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിലെത്തി സിമന്റുകട്ട നിര്‍മാണക്കമ്പനി നടത്തുകയാണ് മാത്യു. ഇലക്ട്രീഷ്യനാണ്. ആക്രിക്കടയില്‍നിന്നാണ് വാഹനത്തിന്റെ ഒട്ടുമിക്ക സാധനങ്ങളും വാങ്ങിയത്.

നാലായിരം രൂപയ്ക്ക് സ്‌കൂട്ടറിന്റെ എന്‍ജിന്‍ സംഘടിപ്പിച്ചു. 40,000-ഓളം രൂപ ചെലവിട്ടാണ് രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന ജീപ്പ് പണിതിറക്കിയത്. രണ്ട് മാസമെടുത്തു പണി തീര്‍ക്കാന്‍. വെല്‍ഡിങ് അടക്കമുള്ള ജോലികള്‍ സ്വയം ചെയ്തു. 

ഓട്ടോമൊബൈല്‍ മേഖലയുമായി മുമ്പ് പ്രത്യേകിച്ച് പരിചയമുണ്ടായിരുന്നില്ലെന്ന് മാത്യു പറഞ്ഞു. മോട്ടോര്‍വാഹന വകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ റോഡിലൂടെ വാഹനം ഓടിക്കാറില്ല. വിശാലമായ വീട്ടുവളപ്പിലാണ് ജീപ്പിന്റെ ഓട്ടം. മാത്യുവിന്റെ വാഹനംകാണാന്‍ നിരവധിപ്പേര്‍ വീട്ടിലെത്തുന്നുണ്ട്.

Content Highlights: Mathew from Thiruvalla make small jeep using scooter engine and tires