നിക്ഷേപിക്കുന്നത് 35,000 കോടി, വർഷം 10 ലക്ഷം കാറുകൾ; ഗുജറാത്തിൽ മാരുതിയുടെ ഭീമൻ പ്ലാന്റ്

ഗുജറാത്തിലെ രണ്ടാമത്തെ വാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) 35,000 കോടി രൂപ നിക്ഷേപിക്കും. ഗാന്ധിനഗറിന് സമീപം ഖൊരാജിൽ നിർമിക്കുന്ന ഈ പ്ലാന്റിൽ പ്രതിവർഷം 10 ലക്ഷം കാറുകൾ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ പദ്ധതി 12,000-ത്തിലധികം ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തെ അനുബന്ധ യൂണിറ്റുകളുടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും വളർച്ചയ്ക്ക് ഉത്തേജനം നൽകുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പറഞ്ഞു. ഇത് ശക്തമായ വാഹന നിർമാണ കേന്ദ്രമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (GIDC) നൽകുന്ന 1,750 ഏക്കർ ഭൂമിയിലാണ് പ്ലാന്റ് സ്ഥാപിക്കുക. ഗുജറാത്തിലെ തങ്ങളുടെ നിർമാണ ശേഷി വർധിപ്പിക്കുന്നതിനായി ഭൂമി വാങ്ങുന്നതിന് 4,960 കോടി രൂപയുടെ പദ്ധതിക്ക് അവരുടെ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി നേരത്തേ അറിയിച്ചിരുന്നു.
അതേസമയം, 2025-ൽ 22.55 ലക്ഷത്തിൽ അധികം വാഹനങ്ങളാണ് മാരുതി സുസുക്കി ഇന്ത്യയിൽ ഉത്പാദിപ്പിച്ചത്. ഇത് ഒരു കലണ്ടർ വർഷത്തിലെ അവരുടെ ഏറ്റവും ഉയർന്ന ഉത്പാദനമാണ്. ഇതേവർഷം 3.95 ലക്ഷം വാഹനങ്ങളാണ് കയറ്റി അയച്ചത്. ഒരു കലണ്ടർ വർഷത്തിലെ കമ്പനിയുടെ ഏറ്റവും ഉയർന്ന കയറ്റുമതിയാണിത്. 2024-നെ അപേക്ഷിച്ച് ഇത് 21 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തുന്നു.
Content Highlights: Maruti Suzuki announces a massive Rs 35,000 crore new manufacturing plant in Gujarat. Discover details on capacity, jobs, and expansion plans.