ഥാർ റോക്‌സ് പ്ലാറ്റ്‌ഫോമിൽ മഹീന്ദ്രയുടെ ATV; എയർഡ്രോപ് മൗണ്ടുകളടക്കം സവിശേഷത

സുരക്ഷാ സേനകൾക്കും സായുധ സേനകൾക്കുംവേണ്ടി രൂപകൽപ്പന ചെയ്ത പ്രത്യേക ഓൾ-ടെറൈൻ വെഹിക്കിൾ (എ.ടി.വി) അവതരിപ്പിക്കാൻ മഹീന്ദ്ര. ഷാസിയും ഓഫ്-റോഡ് സംവിധാനങ്ങളുമെല്ലാം എസ്‌യുവിയുടേത് തന്നെയാണെങ്കിലും ഥാറിൽ സാധാരണ ഉപയോക്താക്കൾക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഘടകങ്ങളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. പ്രവർത്തനക്ഷമതയ്ക്ക് മാത്രം ഊന്നൽ നൽകിയാണ് രൂപകൽപ്പന. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്.
'അധികമൊന്നുമില്ല. അലങ്കാരങ്ങളില്ല. കൃത്യമായ പ്രവർത്തനം ലക്ഷ്യം വെച്ചുള്ള കഴിവുകൾ മാത്രം. ഓരോ ബാറും, ഓരോ മൗണ്ടും, ഓരോ ഇഞ്ചും അതിന്റേതായ ജോലി ചെയ്യുന്നു. നമ്മുടെ സുരക്ഷാ സേനങ്ങൾക്കായി പ്രത്യേകം നിർമ്മിച്ചതാണിത്. അവർക്കുവേണ്ടി ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്നതിൽ അഭിമാനമുണ്ട്.' - എ.ടി.വി അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റിൽ മഹീന്ദ്ര പറയുന്നു.
കഠിനമായ സാഹചര്യങ്ങൾ നേരിടുന്നതിനായി പ്രത്യേകം നിർമ്മിച്ച വാഹനം എന്ന് മഹീന്ദ്ര ഇതിനെ വിശേഷിപ്പിക്കുന്നു. പൂർണ്ണമായ അണ്ടർബോഡി പ്രൊട്ടക്ഷൻ, മുൻവശത്ത് ഘടിപ്പിച്ച വിഞ്ച് എന്നിവ എടിവിയിൽ ഉൾപ്പെടുന്നു. എയർ ഡ്രോപ് തയ്യാറെടുപ്പുകൾക്കുള്ള മൗണ്ടുകൾ, ഗൺമൗണ്ട്, വിൻഡ്ഷീൽഡ് പ്രൊട്ടക്ടർ എന്നിവയും ഇതിലുണ്ട്. ദൈർഘ്യമേറിയ ദൗത്യങ്ങൾക്കായി ടാൻഡം ടയർ കാരിയറുകളും ജെറിൻ കാൻ ഹോൾഡറുകളും ഇതിന് സവിശേഷതയാണ്. സാധാരണ ഡോറുകൾക്ക് പകരം ട്യൂബുലാർ ഫ്രെയിമുകളാണ് ഉപയോഗിച്ചിരിക്കുന്നത്. റോൾ കേജ് ആണ് മേൽക്കൂരയായി വരുന്നത്. വാഹനത്തിന് ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഓഫ്-റോഡ് ടയറുകളും ഉണ്ട്. കൃത്യമായ സ്‌പെസിഫിക്കേഷനുകൾ പുറത്തുവിട്ടിട്ടില്ല.
പർവതങ്ങൾ, മരുഭൂമികൾ, വിദൂര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ് വാഹനം. ഈടുനിൽപ്പ്, അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള എളുപ്പം, പ്രവർത്തനക്ഷമത എന്നിവയാണ് സവിശേഷതകൾ. എഞ്ചിൻ ഓപ്ഷനുകൾ അടക്കമുള്ളവയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. വാഹനം സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: Purpose-built ATV based on the Mahindra Thar Roxx platform for armed forces., Features include roll cage, gun mounts, winch, and reinforced underbody protection., Designed for extreme terrains including deserts, mountains, and remote regions., Engineered for operational durability, repairability, and mission-specific utility., No civilian availability confirmed; engine specifications remain undisclosed.