കത്തിയമര്‍ന്ന് ലംബോര്‍ഗിനി ഹുറാകാന്‍, നിന്ന് കത്തിയത് 45 മിനിട്ട്; വീഡിയോ പങ്കുവച്ച് വ്യവസായി

ഓടിക്കൊണ്ടിരിക്കെ ആഢംബര കാറായ ലംബോര്‍ഗിനി ഹുറാകാന് തീപിടിച്ചു. മുംബൈയിലെ തീരദേശറോഡില്‍ ബുധനാഴ്ച രാത്രി 10:20-ഓടെയാണ് സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന്റെ ഉള്ളിലാണ് തീ പടര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. 45 മിനിറ്റോളമാണ് കാറില്‍ തീ ആളിയത്. അപകടത്തില്‍ ആളപായമൊന്നുമില്ല. കാറില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നോ അഗ്നിബാധയുടെ കാരണമെന്താണെന്നോ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
പ്രമുഖ വ്യവസായിയും കാര്‍പ്രേമിയുമായ ഗൗതം സിംഘാനിയ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു. കാറിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നതിന്റെ ദൃശ്യം അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു. ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള കാറാണ് ഇതെന്നാണ് മറ്റൊരു ദൃശ്യത്തില്‍ നിന്ന് വ്യക്തമായത്.
ലംബോര്‍ഗിനിയുടെ സുരക്ഷയും വിശ്വാസ്യതയും സംബന്ധിച്ച് ആശങ്കയുണ്ടെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് സിംഘാനിയ എക്‌സില്‍ കുറിച്ചു. ഇത്ര വിലയും പ്രശസ്തിയുമുള്ള ബ്രാന്‍ഡില്‍ നിന്ന് വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരമാണ് പ്രതീക്ഷിക്കുന്നതെന്നും അപകടങ്ങളല്ലെന്നും അദ്ദേഹം കുറിച്ചു.
Content Highlights: Lamborghini Huracan Supercar Catches Fire On Mumbai Road, Gautam Singhania Shares Video