ഹുറകാൻ ആയാലും, ഇന്ത്യന്‍ റോഡിൽ മുട്ടുമടക്കും! കുഴികടക്കാൻ പാടുപെടുന്ന ലംബോർഗിനിയുടെ വീഡിയോ വൈറൽ

വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: Screen grabs from instagram.com/pavangamemaster
വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: Screen grabs from instagram.com/pavangamemaster

ആഡംബര കാര്‍ പ്രേമികളുടെ സ്വപ്‌ന ബ്രാന്‍ഡുകളിലൊന്നാണ് ലംബോര്‍ഗിനി. ശരവേഗത്തില്‍ കുതിച്ചുപായുന്ന ലംബോര്‍ഗിനിയെ കണ്ടാല്‍ നോക്കിനില്‍ക്കാത്തവരായി ആരുമില്ല. ലംബോര്‍ഗിനിയുടെ കരുത്തുറ്റ മോഡലാണ് ഹുറകാന്‍. മിന്നല്‍വേഗത്തില്‍ കുതിച്ചുപായുന്ന ഹുറകാന്‍ പക്ഷേ മുന്നോട്ടുപോകാന്‍ കഷ്ടപ്പെടുന്നതിന്റെ ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

ഇന്ത്യയിലെ ഒരു റോഡിന് മുന്നിലാണ് ലംബോര്‍ഗിനി ഹുറകാന്‍ മുട്ടുമടക്കിയത്. കറുത്ത നിറത്തിലുള്ള ഹുറകാന്‍ ആണ് വീഡിയോയിലുള്ളത്. റോഡിലെ സ്പീഡ് ബ്രേക്കറും അതിന് പിന്നാലെ റോഡിലെ കുഴിയും കടക്കാന്‍ പാടുപെടുകയാണ് ലോകപ്രശസ്തമായ ആഡംബര കാര്‍. അതേസമയം ഹുറകാന് പിന്നാലെ വരുന്ന ഹ്യുണ്ടായ് എക്‌സ്റ്റെര്‍ എന്ന കാര്‍ ഇതെല്ലാം അനായാസമായി മറികടന്ന് മുന്നോട്ട് പോകുന്നതും വീഡിയോയില്‍ കാണാം. 

പവന്‍ ഗെയിം മാസ്റ്റര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒമ്പതുലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത്. തമാശയും ഗൗരവവുമെല്ലാം നിറഞ്ഞ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഇത്തരമൊരു സൂപ്പര്‍ കാറിനെ ഇന്ത്യയില്‍ ഓടിക്കുന്നത് കാട്ടിലെ കടുവയെ ചെറിയൊരു കൂട്ടിലടയ്ക്കുന്നതിന് തുല്യമാണെന്നാണ് ഒരു കമന്റ്. ഇങ്ങനെ കഷ്ടപ്പെടുന്നതിലും നല്ലത് നിങ്ങള്‍ക്ക് ഒരു സാധാരണ ഹാച്ച്ബാക്ക് കാറില്‍ പോകുന്നതായിരുന്നുവെന്നാണ് ഹുറകാനിലുള്ളവരോടായി മറ്റൊരാള്‍ കമന്റിലെഴുതിയത്. ഇത്തരം ആഡംബര കാറുകള്‍ ഇത്തരം ഇന്ത്യന്‍ നിരത്തുകളില്‍ ഓടിക്കുന്നതിന്റെ ആശങ്കയും മറ്റുചിലര്‍ പങ്കുവെച്ചു.

Content Highlights: Lamborghini battles rough road, pothole in viral video. Watch viral video