KSRTC ആറ്റിങ്ങൽ ഡിപ്പോ കൂടുതല്‍ ജനകീയമാകും; ഡ്രൈവിങ് സ്കൂളും ഫ്യൂവല്‍ പമ്പും ഉടനെ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. ആറ്റിങ്ങൽ ഡിപ്പോ കൂടുതൽ ജനകീയമാകുന്നു. ഡ്രൈവിങ് സ്‌കൂൾ, യാത്രി ഫ്യൂവൽ എന്നീ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡിപ്പോയുടെ തെക്കുഭാഗത്തുള്ള ഭൂമിയിൽ കച്ചവടസമുച്ചയം ഒരുക്കാനും പദ്ധതിയുണ്ട്.
ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കാനുള്ള പ്രാരംഭനടപടികൾ പൂർത്തിയായി. ഓഫീസ് മന്ദിരത്തിൽ ഡ്രൈവിങ് സ്‌കൂളിന്റെ ഓഫീസ്, പ്രാക്ടിക്കൽ ക്ലാസ്‌മുറി എന്നിവ സജ്ജമാക്കി. ക്ലാസ് മുറിയിലേയ്ക്കാവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്.
പരിശീലകനെ നിയമിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ ഹെവി വാഹനങ്ങളുടെ പരിശീലനം ആരംഭിക്കാൻ കഴിയും. ഹെവി വാഹന ഡ്രൈവിങ് പരിശീലനത്തിനുള്ള ബസ് ഡിപ്പോയിലുണ്ട്. കെ.എസ്.ആർ.ടി.സി.യിൽ നിന്നുള്ള ഡ്രൈവർമാരെയാണ് പരിശീലകരായി നിയമിക്കുന്നത്. നിയമനത്തിനായി വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ കാണിച്ച് അപേക്ഷ ക്ഷണിച്ചു. പരിശീലകനെ നിയമിച്ചതിനുശേഷമേ രജിസ്‌ട്രേഷൻ നടപടികളിലേക്ക് കടക്കൂ. നടപടികൾ ഉടൻതന്നെ പൂർത്തിയാകും.
തുടർന്ന് ഹെവി പരിശീലനം ആരംഭിക്കും. കാർ, മോട്ടോർബൈക്ക് എന്നിവയുടെ പരിശീലനത്തിനായി മൈതാനം സജ്ജമാക്കണം. ഇതിനായി ഡിപ്പോയുടെ പിന്നിലുള്ള സ്ഥലം ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്.
മൈതാനം സജ്ജമാക്കുന്നതിനും കാറും ബൈക്കും വാങ്ങുന്നതിനുമുള്ള തുക ഒ.എസ്.അംബിക എം.എൽ.എ.യുടെ ഫണ്ടിൽ നിന്നും അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫണ്ട് ലഭ്യമായാലുടൻ കാറിന്റെയും ബൈക്കിന്റെയും പരിശീലനം ആരംഭിക്കും.
ഇപ്പോൾ ഗാരേജ് പ്രവർത്തിക്കുന്ന സ്ഥലത്ത് ദേശീയപാതയോട് ചേർന്ന് യാത്രി ഫ്യുവൽ തുടങ്ങാനാണ് പദ്ധതി. ഇത് വലിയ നേട്ടമുണ്ടാക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
തിരുവനന്തപുരത്തുനിന്നും കൊല്ലത്തേയ്ക്ക് പോകുമ്പോൾ മാമത്തിനും കല്ലമ്പലത്തിനും ഇടയിൽ ദേശീയപാതയുടെ ഇടതുവശത്ത് പെട്രോൾ പമ്പുകളില്ല. കെ.എസ്.ആർ.ടി.സി. ഗാരേജിൽ പമ്പ് ആരംഭിച്ചാൽ അത് വലിയ ആശ്വാസമാകും. ഇപ്പോൾ കല്ലമ്പലം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കണമെങ്കിൽ റോഡിന്റെ വലതുവശത്തേയ്ക്ക് പോകണം.
നാലുവരിപ്പാതയായതിനാൽ ചുറ്റിക്കറങ്ങിവേണം പമ്പുകളിലെത്താൻ.
Content Highlights: KSRTC Actingal Depot, Driving school and fuel pump