മൂന്ന് വര്‍ഷത്തില്‍ എത്തിയത് 5.17 ലക്ഷം ഇലക്ട്രിക് കാറുകള്‍, വേണ്ടത് ഫാസ്റ്റ് ചാര്‍ജിങ്ങുകള്‍

രാജ്യത്ത് സമീപഭാവിയില്‍ വൈദ്യുതിവാഹനങ്ങളുടെ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമാകുമെന്ന് എം. മിഥുന്‍കൃഷ്ണന്‍. കെ.എസ്.ഇ.ബി.യുമായി ചേര്‍ന്ന് വൈദ്യുതിത്തൂണുകളില്‍ ചാര്‍ജിങ് സംവിധാനം സ്ഥാപിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയാണ് അദ്ദേഹം. കുസാറ്റിന്റെ പുളിങ്കുന്ന് എന്‍ജിനിയറിങ് കോളേജ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മിഥുന്‍.
വൈദ്യുതിത്തൂണിലുറപ്പിച്ച 1140 ചാര്‍ജിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ, സ്‌കൂട്ടര്‍ എന്നിവയ്ക്കാണ് നിലവില്‍ ഇവിടെനിന്നു ചാര്‍ജുചെയ്യാന്‍ സാധിക്കുക. കാറുകള്‍ക്ക് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ തന്നെ വേണം.
വീടുകളില്‍ ചെയ്യുന്നപോലെ എ.സി. (ആള്‍ട്ടര്‍നേറ്റീവ് കറന്റ്) ചാര്‍ജിങ് സംവിധാനമാണെങ്കില്‍ കാര്‍ പൂര്‍ണമായും ചാര്‍ജാകാന്‍ മണിക്കൂറുകള്‍വേണം. ഡി.സി. (ഡയറക്ട് കറന്റ്) സംവിധാനത്തിലൂടെ ചുരുങ്ങിയ സമയംകൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജുചെയ്യാന്‍ സാധിക്കും. സ്വകാര്യമേഖലയില്‍ ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രോത്സാഹനമാണു നല്‍കുന്നത്, സബ്സിഡിയും ലഭിക്കും- അദ്ദേഹം പറഞ്ഞു.
വൈദ്യുതിവാഹനങ്ങളുടെ വില്‍പ്പന വിവരങ്ങളടങ്ങുന്ന ഇ- വാഹന്‍ പോര്‍ട്ടലിന്റെ കണക്കുപ്രകാരം മൂന്നുവര്‍ഷത്തിനിടെ 5.17 ലക്ഷം വൈദ്യുതികാറുകളാണ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. കാര്യമായ ചാര്‍ജിങ് സംവിധാനങ്ങളില്ലാതെയാണ് ഇത്രയും വില്‍പ്പന. അടിസ്ഥാനസൗകര്യങ്ങള്‍കൂടി ഒരുക്കിനല്‍കി വില്‍പ്പന കൂട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു സെമിനാര്‍ ചൂണ്ടിക്കാട്ടി.
കോളേജ് പ്രിന്‍സിപ്പല്‍ ജോസഫ്കുട്ടി ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വകുപ്പ് മേധാവി സാജന്‍ ജോസഫ് അധ്യക്ഷനായിരുന്നു. അധ്യാപകരായ ഷൈനി പോള്‍, സുനില്‍കുമാര്‍, വി.ജെ. മനോജ്, പ്രീത മാത്യു, സെന്തില്‍ പ്രകാശ്, പ്രിയ ആര്‍. കൃഷ്ണന്‍, അസോസിയേഷന്‍ സെക്രട്ടറി ആല്‍വിന്‍ ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നുനടന്ന ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനത്തില്‍ വിവിധ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു.
Content Highlights: KSEB wants to make more fast electric vehicle charging facilities for electric cars, E-Charging