വിദേശ കാറുമായി സ്‌കൂള്‍ ഗ്രൗണ്ടില്‍ അഭ്യാസം; ഒരു കോടിയുടെ കാറിന് പോലീസ് സ്‌റ്റേഷനില്‍ റെസ്റ്റ്

മേല്‍പ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത ആഡംബര കാര്‍
മേല്‍പ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത ആഡംബര കാര്‍

മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാസര്‍കോട് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് അതിക്രമിച്ച് കയറി റെയിസിങ് നടത്തിയ വിദേശനിര്‍മിത ആഡംബര സ്‌പോര്‍ട്‌സ് കാര്‍ മേല്‍പ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. 

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ജെ.ടോമിയുടെ പരാതിയിലാണ് നടപടി. സ്‌കൂള്‍വളപ്പില്‍ അനധികൃതമായി വാഹനമോടിച്ച് കയറ്റിയതിനും ശബ്ദമലിനീകരണം ഉണ്ടാക്കുംവിധം ഹോണടിച്ച് പഠനാന്തരീക്ഷം തകര്‍ത്തതിനും അപകടകരമായി വാഹനമോടിച്ചതിനുമാണ് കേസ്. ഷാര്‍ജ രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറാണിത്. 

ഇന്‍സ്‌പെക്ടര്‍ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ഐ. ശശിധരന്‍ പിള്ള, സിവില്‍ പോലീസുദ്യോഗസ്ഥരായ കെ.വി.ശ്രീജിത്ത്, പി.എം.പ്രദീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. ഒരുകോടിയിലേറെ വിലയുള്ള വിദേശവാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഇന്ത്യയില്‍ ഓടിക്കാനുള്ള പെര്‍മിറ്റ് എന്നിവ പരിശോധിക്കുന്നതിന് കാസര്‍കോട് മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് അപേക്ഷ നല്‍കി.

എല്ലാ സ്‌കൂള്‍പരിസരങ്ങളിലും വാഹനപരിശോധന കര്‍ശനമായി തുടരുമെന്നും കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കാനായി അനാവശ്യമായി കറങ്ങുന്നതും ശബ്ദമലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് നിയമനടപടി സ്വീകരിക്കുമെന്നും മേല്‍പ്പറമ്പ് പോലീസ് അറിയിച്ചു.

Content Highlights: Kerala police take luxury sports car into custody for stunting in school ground