കണ്ണാടി നന്നായാല്‍ ചങ്ങാതി വേണ്ട; അഡ്ജസ്റ്റ്‌മെന്റിന് ചില പൊടികൈകള്‍

നിരത്തുകളിലെ തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് ഏറ്റവും ഉപയോഗം ഏറിവരുന്ന ഒന്നാണ് വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിററുകള്‍. പുതുതലമുറ കാറുകളിലും മറ്റും ക്യാമറകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇന്നും റിയര്‍വ്യൂ മിററിനെ വിശ്വസിക്കുന്ന ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ബൈക്കുകളിലും മറ്റും ഇത് അഴിച്ച് കളഞ്ഞ് വിലസുന്നവരും കുറവല്ല. സുരക്ഷ മുന്നില്‍ കണ്ട് ഇത്തരക്കാര്‍ക്ക് പോലീസ് തക്കതായ ശിക്ഷയും നല്‍കുന്നുണ്ട്.
വാഹനത്തില്‍ നല്‍കിയിട്ടുള്ള ഇത്തരം കണ്ണാടികള്‍ ഡ്രൈവിങ്ങില്‍ വലിയ സഹായമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഈ കണ്ണാടികള്‍ എങ്ങനെയാണ് ക്രമീകരിക്കേണ്ടത് എന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. ചിലര്‍ പൂര്‍ണമായും റോഡ് കാണുന്ന രീതിയില്‍ മിറര്‍ അഡ്ജസ്റ്റ് ചെയ്യുമ്പോള്‍ ചിലയാളുകള്‍ സ്വന്തം വാഹനം കൂടി കാണുന്ന തരത്തിലാണ് ഇതിനെ ക്രമീകരിക്കുന്നത്. എന്നാല്‍, കണ്ണാടി ശരിയായി ക്രമീകരിക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയാണ് കേരളാ പോലീസ്.
കണ്ണാടി നന്നായാല്‍ ചങ്ങാതി വേണ്ട എന്ന തലക്കെട്ടോടെയാണ് പോലീസ് റിയര്‍വ്യൂ മിറര്‍ അഡ്ജസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്.
പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കണ്ണാടി നന്നായാല്‍ ചങ്ങാതി വേണ്ട...
വാഹനമോടിക്കുമ്പോള്‍ പുറകിലും വശങ്ങളിലും നിന്നും വാഹനങ്ങള്‍ വരുന്നുണ്ടോ എന്നുനോക്കാന്‍ ചങ്ങാതിമാരോട് (സഹയാത്രികരോട്) പറയാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, വാഹനത്തിലെ കണ്ണാടി ശരിയായിക്രമീകരിച്ചാല്‍ ചങ്ങാതിയെക്കൊണ്ട് ചുറ്റുപാടും നോക്കിക്കേണ്ടി വരില്ല. വശങ്ങളിലൂടേയും പുറകേയും വരുന്ന വാഹനങ്ങളെ കണ്ട് സുരക്ഷിതമായി വാഹനമോടിക്കാനാണ് കണ്ണാടികള്‍.
വാഹനത്തില്‍ കയറിയാല്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ് കണ്ണാടിയുടെ ക്രമീകരണം. ഡ്രൈവര്‍ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങില്‍ നിന്നുള്ള അകലവും ക്രമീകരിച്ചതിനുശേഷം ഹെഡ്‌റെസ്റ്റില്‍ തലചായ്ച്ചുവേണം കണ്ണാടിയിലേക്കു നോക്കാന്‍. ഹെഡ്‌റെസ്റ്റില്‍ തലചായ്ച്ചശേഷം തല തിരിച്ചാല്‍ മൂന്നു കണ്ണാടികളിലേക്കും കണ്ണെത്തണം. ഇതാണ് കണ്ണാടി ക്രമീകരിക്കാനുള്ള സീറ്റിങ് പൊസിഷന്‍.
കണ്ണാടികള്‍ ക്രമീകരിക്കേണ്ടത് ...
ആദ്യം ഉള്‍വശത്തെ മിറര്‍. ഈ കണ്ണാടിയെ തിരശ്ചീനമായി രണ്ടു ഭാഗങ്ങളാക്കാം. കാല്‍ഭാഗം ആകാശം (മേല്‍പ്പോട്ട്) കാണാനും മുക്കാല്‍ ഭാഗം റോഡ് കാണാനും. ഇനി പുറത്തെ രണ്ടു കണ്ണാടിയും ശരിയായി ക്രമീകരിച്ചാല്‍ മാത്രമേ കാഴ്ച വേണ്ടവിധം ലഭിക്കുകയുള്ളൂ. ഇരു കണ്ണാടികളേയും മൂന്നാക്കി വിഭജിക്കാം. ഉള്ളിലെ പകുതിയില്‍ കാറിന്റെ ബോഡി കാണണം. മറ്റു രണ്ടു പകുതികളില്‍ റോഡും ചുറ്റുപാടുകളുമായിരിക്കണം. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ മിററുകള്‍ അഡ്ജസ്റ്റ് ചെയ്താല്‍, തലയുടെ തിരിവുകള്‍കൊണ്ടുതന്നെ കാറിന്റെ എല്ലാ വശങ്ങളിലേക്കും കണ്ണെത്തും.
Content Highlights: Kerala police facebook post on vehicle rear view mirror adjustment, Rear view mirror, kerala police