E20 പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ, കർണാടകയുടെ ആരോപണത്തിൽ കേരളത്തിലും ആശങ്ക; പരിശോധന തുടങ്ങി

#Auto Desk
1, പെട്രോളില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ അളവില്‍ എഥനോള്‍ ചേര്‍ത്തത് കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായി കണ്ണൂര്‍ പെട്രോള്‍പമ്പില്‍നിന്ന് സാംപിള്‍ ശേഖരിക്കുന്നു. 2, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പാറോപ്പടി പമ്പില്‍നിന്ന് പരിശോധനയ്ക്കായി പെട്രോള്‍ എടുക്കുന്നു.
1, പെട്രോളില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ അളവില്‍ എഥനോള്‍ ചേര്‍ത്തത് കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായി കണ്ണൂര്‍ പെട്രോള്‍പമ്പില്‍നിന്ന് സാംപിള്‍ ശേഖരിക്കുന്നു. 2, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പാറോപ്പടി പമ്പില്‍നിന്ന് പരിശോധനയ്ക്കായി പെട്രോള്‍ എടുക്കുന്നു.

കോഴിക്കോട്: പെട്രോളിൽ അനുവദനീയമായ അളവിൽക്കൂടുതൽ എഥനോൾ കലർത്തിയിട്ടുണ്ടോയെന്നറിയാൻ കോഴിക്കോട് ജില്ലയിലും പരിശോധന. രണ്ട് പമ്പുകളിൽനിന്ന് പെട്രോൾ ശേഖരിച്ചു. ഇതിന്റെ പരിശോധനാഫലം ലാബിൽനിന്ന് വന്നാൽ മാത്രമേ എഥനോൾ കൂടുതലുണ്ടോയെന്ന് അറിയാൻ പറ്റൂ. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി.) പാറോപ്പടിയിലെ പമ്പിലും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ (എച്ച്.പി.) സരോവരത്തെ പമ്പിലുമാണ് സിവിൽ സപ്ലൈസ് അധികൃതർ പരിശോധിച്ചത്. ഇവിടെനിന്ന് ആറുവീതം സാംപിളുകൾ പരിശോധനയ്ക്കെടുത്തു.

ഇവ റീജണൽ അനലിറ്റിക്കൽ ലാബിലേക്കാണ് അയക്കുന്നത്. പരിശോധനാഫലം കിട്ടാൻ പത്ത് ദിവസത്തോളമെങ്കിലും എടുക്കും. സംസ്ഥാനത്ത് കണ്ണൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലും പരിശോധനയുണ്ടായി. സർക്കാർ നിർദേശപ്രകാരമുള്ള പരിശോധനയാണിത്. നിലവിൽ പരാതികളില്ലെന്നും ലാബ് റിപ്പോർട്ട് വന്നാൽ മാത്രമേ എഥനോളിന്റെ അളവ് വ്യക്തമാകുകയുള്ളൂവെന്നും ജില്ലാ സപ്ലൈ ഓഫീസർ എം.എം. പ്രജുല പറഞ്ഞു.

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താം. എന്നാൽ, കർണാടകയിലെ പരിശോധനയിൽ 31.2 ശതമാനത്തിലേറെവരെ എഥനോൾ സാന്നിധ്യം കണ്ടതോടെയാണ് കേരളവും പരിശോധനയിലേക്കു കടന്നത്. നേരത്തേതന്നെ പലയിടത്തും ഇരുചക്രവാഹനങ്ങൾക്ക് തകരാർ വരുന്നതായും പരാതി ഉയർന്നിരുന്നു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ ടി.കെ. സുമേഷ്, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ സന്തോഷ് ചോലയിൽ, സിറ്റി റേഷനിങ് ഓഫീസർമാരായ പി. പ്രമോദ്, പി.ഇ. സീന, റേഷനിങ് ഇൻസ്‌പെക്ടർമാരായ കവിത, ബൈജു, വിനോദ് തുടങ്ങിയവരും പരിശോധനാസംഘത്തിലുണ്ടായി.

കണ്ണൂരിലും പെട്രോളിൽ പരിശോധന

അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർന്ന പെട്രോൾ വിൽക്കുന്നുവെന്ന പരാതിയിൽ കണ്ണൂർ ജില്ലയിലെ പമ്പുകളിൽ പരിശോധന. ജില്ലാ സപ്ലൈ ഓഫീസർ എം. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എഥനോൾ അളവ് കൂടുതലുണ്ടോ എന്ന് കണ്ടെത്താൻ സംസ്ഥാനത്തെ വ്യത്യസ്ത സ്ഥലങ്ങളിലെ പമ്പുകളിൽ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലയിലും പരിശോധന നടന്നത്.

പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനാണ് പരിശോധനയുടെ ചുമതല. കണ്ണൂർ കണ്ണോത്തുംചാലിലെയും വാരത്തെയും പമ്പുകളിൽനിന്നാണ് തിങ്കളാഴ്ച രാവിലെ സാമ്പിൾ ശേഖരിച്ചത്. ആറ് ചെറിയ കന്നാസുകളിലായാണ് സാമ്പിൾ ശേഖരിച്ചത്. തുടർന്ന് ഓയിൽ കമ്പനി, പെട്രോൾപമ്പ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ സാമ്പിളുകൾ സീൽചെയ്തശേഷം പരിശോധനയ്ക്കായി അയച്ചു. ആറ് സാമ്പിളുകളിൽ രണ്ടെണ്ണമാണ് പരിശോധനാ ലാബിലേക്കയച്ചത്. രണ്ടെണ്ണം വീതം അതത് പമ്പിലും ജില്ലാ സപ്ലൈ ഓഫീസിലും സൂക്ഷിക്കും. ഒരാഴ്ചയ്ക്കകം ഫലമറിയുമെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതർ പറഞ്ഞു.

ജില്ലാ സപ്ലൈ ഓഫീസർക്കു പുറമേ, സപ്ലൈ ഓഫീസർമാരായ രാജേന്ദ്ര പ്രസാദ് (ഇരിട്ടി), എം.പി. സുനിൽകുമാർ (തലശ്ശേരി), ജെ.എം. സ്മിത (കണ്ണൂർ), വിപിൻ ലാൽ (തളിപ്പറമ്പ്), പി.കെ. വിജേഷ് (പയ്യന്നൂർ) എന്നിവരുൾപ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്. എഥനോൾ കലർന്ന പെട്രോളടിക്കുന്നതുകാരണം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ആദ്യഘട്ടത്തിൽ കണ്ണൂരുൾപ്പെടെ നാല് ജില്ലകളിലാണ് പരിശോധന.

Content Highlights: Civil supplies authorities inspected petrol pumps in Kozhikode and Kannur., Samples collected to check for excess ethanol mixing beyond the permissible 20% limit., Inspection triggered following findings in Karnataka and vehicle damage complaints., Lab results are expected within 7 to 10 days.