ഗതാഗത നിയമലംഘന പിഴ: പകുതി തുകയടച്ച് കുടിശ്ശിക തീർക്കാം, ഇനിയും അടച്ചില്ലെങ്കിൽ കുടുങ്ങും

കാളികാവ്: കുടിശ്ശികയായ ഗതാഗതനിയമലംഘന പിഴകൾ പകുതി തുക അടച്ച് തീർക്കാൻ വാഹന ഉടമകൾക്ക് അവസരം. മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ച ആംനസ്റ്റി പദ്ധതിക്ക് സർക്കാർ അനുമതി നൽകിയതോടെയാണിത്. നവംബർ ഒന്നു മുതൽ ജനുവരി 31 വരെയുള്ള ഇ-ചലാനുകളുടെ പിഴ ഇളവോടെ അടയ്ക്കാം.
മാർച്ച് 31-ന് മുൻപ് ചുമത്തിയതും കോടതി നടപടികൾക്കായി കൈമാറാത്തതുമായ ഇ-ചലാനുകൾക്കാണ് ആനുകൂല്യം ലഭിക്കുക. മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 1,00,22,255 ചലാനുകളാണ് തീർപ്പാകാതെ കിടക്കുന്നത്. ഇവയിലായി 907.74 കോടി രൂപയാണ് പിഴയിനത്തിൽ സർക്കാരിന് ലഭിക്കാനുള്ളത്. കുടിശ്ശികയുടെ പകുതി തുക ഒഴിവാക്കുന്നതിലൂടെ സർക്കാരിന് ഏകദേശം 450 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെങ്കിലും വലിയ കുടിശ്ശിക സംഖ്യ വേഗം പിരിച്ചെടുക്കുകയാണ് ലക്ഷ്യം.
പിഴ അടയ്ക്കാത്തവർക്കെതിരേ തുടർനടപടികൾ ശക്തമാക്കും. കുടിശ്ശികയുള്ള വാഹനങ്ങൾക്കും അവയുമായി ബന്ധപ്പെട്ട ഡ്രൈവിങ് ലൈസൻസുകൾക്കും മോട്ടോർ വാഹന വകുപ്പിന്റെ വിവിധ സേവനങ്ങൾ നിഷേധിക്കുന്ന സംവിധാനം ഉടൻ പ്രാബല്യത്തിൽ വരും. ഇതോടെ വാഹന ഫിറ്റ്‌നസ് നേടുന്നതിനും ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനും ആർ.സി. പുതുക്കുന്നതിനും ഡ്യൂപ്ലിക്കറ്റ് ആർ.സി. എടുക്കുന്നതിനും പുക പരിശോധനാ സർട്ടിഫിക്കറ്റ് നേടുന്നതിനുമടക്കം സേവനങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാകും. പിഴയടയ്ക്കാത്ത വാഹനങ്ങളെ പരിവാഹൻ പോർട്ടലിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും.
Content Highlights: 50% discount on pending traffic violation fines in Kerala., Applies to e-challans issued before March 31 that are not referred to court., Strict actions including blacklisting on Parivahan portal and denial of MVD services for non-payment.