ചൂടുകാപ്പിയുമായി ഇവിടെ ഒരു കുടുംബം കാത്തിരിക്കുന്നു, രാത്രി ഡ്രൈവർമാരുടെ ഉറക്കം അകറ്റാൻ

#Auto Desk
ടി.ആർ. രാഘവനും ടി.ആർ. അനീഷും രാത്രി റോഡരികിൽ മാണിമൂലമൊട്ട കവലയിൽ ഡ്രൈവർക്കും യാത്രികനും ചൂടുകാപ്പി നൽകുന്നു.
ടി.ആർ. രാഘവനും ടി.ആർ. അനീഷും രാത്രി റോഡരികിൽ മാണിമൂലമൊട്ട കവലയിൽ ഡ്രൈവർക്കും യാത്രികനും ചൂടുകാപ്പി നൽകുന്നു.

ബന്തടുക്ക: രാത്രി വാഹനമോടിക്കുന്നവർ റോഡപകടങ്ങളിൽപ്പെടാതിരിക്കാൻ കരുതലുമായി ഒരു കുടുംബം. ബന്തടുക്ക മാണിമൂലമൊട്ടയിലെ ടി.ആർ. രാഘവൻ, ഭാര്യ കെ. സരസ്വതി, മകൻ ടി.ആർ. അനീഷ്, ഭാര്യ കെ. അമൃത എന്നിവരാണ് രാത്രി വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് ഉറക്കവും ക്ഷീണവും അകറ്റാൻ സൗജന്യമായി ചൂടുകാപ്പി നൽകുന്നത്. 2025 ഒക്ടോബർ അഞ്ചുമുതലാണ് ഈ മാതൃകാപ്രവൃത്തി തുടങ്ങിയത്.

ബന്തടുക്ക-സുള്ള്യ റോഡരികിൽ മാണിമൂലമൊട്ട കവലയിൽ ഇവരുടെ വീടിനു മുന്നിലാണ് ഇതിനുള്ള സൗകര്യം. ദിവസവും വൈകീട്ട് ആറരമുതൽ രാത്രി വൈകുംവരെ ചൂടുകാപ്പി ലഭിക്കും. ചുക്ക്, ഉള്ളി, തുളസിയില, വെല്ലം എന്നിവയിട്ടാണ് തയ്യാറാക്കുന്നത്. സരസ്വതിയും അമൃതയുമാണ് വീട്ടിൽ ഇത് തയ്യാറാക്കുന്നത്. ആവശ്യമെങ്കിൽ യാത്രക്കാർക്കും കാപ്പികുടിക്കാം.

റോഡരികിൽ നിലത്ത് സ്ഥാപിച്ച വർണക്കുടയും പ്ലാസ്റ്റിക് മേശയും വെച്ച് കാപ്പികുടിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ടിആർസ് അയ്യൻ ബ്രേക്ക് പോയിന്റ് എന്ന് ഇതിനു പേരിട്ടു.

പാണ്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ യുപി വിഭാഗം അധ്യാപകനാണ് ടി.ആർ. അനീഷ്. 2021 ഡിസംബർ 28-ന് സ്‌കൂട്ടർ മറിഞ്ഞ് അനീഷിന്റെ കാലിന് പരിക്കേറ്റ് 70 ദിവസം കിടപ്പിലായി. അധ്യാപകജോലിയിൽ പ്രവേശിച്ച് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് മുൻപാണ് അപകടമെന്നതിനാൽ ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വ്യവസ്ഥയില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയും നേരിട്ടു. ഇതോടെയാണ് ഡ്രൈവറുടെ ക്ഷീണമൂലം രാത്രിയുണ്ടാകുന്ന റോഡപകടം കുറയ്ക്കാൻ തങ്ങളാലാകുംവിധം ചെയ്യാൻ ഇവർ തീരുമാനിച്ചത്.

2022 നവംബർ 19-ന് രാഘവൻ തെങ്ങിൽനിന്ന് വീണ് പരിക്കേറ്റ് ഏറെനാൾ ചികിത്സ തേടിയിരുന്നു. പിന്നീട് ലോട്ടറിവിൽപ്പനയാണ് തൊഴിൽ. ബന്തടുക്ക മുതൽ സുള്ള്യ വരെയുള്ള 19 കിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡ് പകുതിയിലേറെയും കർണാടക വനത്തിലൂടെയാണ്. അതിനാൽ ഇവരുടെ കാപ്പി തങ്ങൾക്ക് ഗുണം ചെയ്യുന്നതായി രാത്രി ഇതുവഴി പോകുന്ന ഡ്രൈവർമാരും യാത്രക്കാരും പറയുന്നു.

Content Highlights: A compassionate family in Banteadka, Kerala, provides free, warming coffee to night drivers to prevent road accidents due to fatigue. Learn more about their inspiring initiative.