വണ്ടി കയറിയാലും ഒടിഞ്ഞുപോകില്ല, സ്പ്രിങ് പോലെ തിരിച്ചുവരും; നിരത്തിൽ ഇനി ഫ്ളെക്സിപോൾ കാലം

കൊച്ചി: റോഡുകളിലെ പ്ലാസ്റ്റിക് ബാരിക്കേഡുകൾക്ക് സലാം പറയാം. വാഹനങ്ങൾ കയറിയിറങ്ങിയാലും സ്പ്രിങ് പോലെ പഴയപടിയാകുന്ന ഫ്ളെക്സിപോൾ ബാരിക്കേഡുകൾ നിരത്തുകളിൽ നിറയും. റബ്ബറിൽ തീർത്ത അത്തരമൊരു ബാരിക്കേഡിന് പേറ്റന്റ് നേടിയിരിക്കുകയാണ് കേരളത്തിൽനിന്നുള്ള കമ്പനി.
കൊച്ചി സർവകലാശാലയിൽനിന്ന് പഠിച്ചിറങ്ങിയ എൻജിനിയർമാരും എം.ബി.എ.ക്കാരുമടക്കമുള്ള പത്തുപേർ ചേർന്ന് തുടങ്ങിയ മില്ലെനിയം റബ്ബർ ടെക്നോളജീസ് എന്ന കമ്പനിയാണ് നൂതനമായ ഈ ബാരിക്കേഡ് കണ്ടുപിടിച്ചിരിക്കുന്നത്. രാജ്യത്തെ റോഡുകളിൽ നിലവിൽ പ്ലാസ്റ്റിക്, ഇരുമ്പ്, കോൺക്രീറ്റ് ബാരിക്കേഡുകളാണ് ഗതാഗത നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്.
വാഹനങ്ങൾ ഒരുതവണ കയറിയാൽത്തന്നെ പ്ലാസ്റ്റിക് ബാരിക്കേഡിന്റെ കഥകഴിയും. മണൽനിറച്ച വലിയ പ്ലാസ്റ്റിക് ബാരിക്കേഡ്, ഇരുമ്പ്, കോൺക്രീറ്റ് ബാരിക്കേഡുകൾ എന്നിവയിലിടിച്ച് അപകടങ്ങളും ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരമാണ് ഫ്ലെക്സിപോൾ ബാരിക്കേഡ്. അഞ്ചുവർഷത്തെ ഗവേഷണത്തിന്റെ ഫലമാണിതെന്ന് തൃശ്ശൂർ ആസ്ഥാനമായ മില്ലെനിയം റബ്ബർ ടെക്നോളജീസ് എം.ഡി. നോബി ജോസഫ് പറഞ്ഞു.
ഒരാഴ്ച മുൻപാണ് ഫ്ളെക്സിപോളിന് പേറ്റന്റ് ലഭിച്ചത്. അതിന് മുന്നേതന്നെ ഉത്പന്നത്തിന്റെ പരീക്ഷണപ്രയോഗങ്ങൾ നടന്നിരുന്നു. തൃശ്ശൂർ, കോട്ടയം എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ 500 ഫ്ളെക്സിപോളുകൾ വെച്ചിരുന്നതിന് പോലീസിൽ നിന്ന് മികച്ച പ്രതികരണമുണ്ടായി. ഒരുമീറ്ററിൽ താഴെ ഉയരമുള്ള ഒരു ഫ്ലെക്സിപോളിന് 2.7 കിലോയാണ് ഭാരം. റിഫ്ളക്ടറുകളടക്കമുള്ള ഇവ റോഡിൽ സ്ക്രൂചെയ്ത് ഉറപ്പിച്ചുനിർത്തുകയാണ് ചെയ്യുക.
വാഹനം എത്രവേഗത്തിൽ കയറിയിറങ്ങിപ്പോയാലും പോൾ പഴയ രൂപത്തിലേക്ക് തിരിച്ചെത്തുമെന്ന് കമ്പനിയുടെ ടെക്നിക്കൽ ഡയറക്ടറായ അബ്ദു സമദ് പറഞ്ഞു. സമദ് സി.ഇ.ഒ. ആയ ആലുവയിലെ ഇൻഡസ്ട്രിയൽ എലാസ്റ്റമേഴ്സ് കമ്പനിയാണ് ചാന്ദ്രയാൻ ദൗത്യത്തിനായുള്ള ഒ-റിങ്ങുകൾ, ഡസ്റ്റ് കവറുകൾ, ഗാസ്കെറ്റ്സ് എന്നിവ നിർമിച്ചുനൽകിയത്. നിലവിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഫ്ളെക്സി പോളുകൾക്ക് ധാരാളം ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും അബ്ദു സമദ് കൂട്ടിച്ചേർത്തു.
Content Highlights: Millennium Rubber Technologies from Kerala invented and patented spring-like rubber road barricades called Flexipole., Flexipoles bounce back to their original shape even after vehicles run over them, unlike traditional plastic, iron, or concrete barriers., The product is a result of five years of research and has already received positive feedback from police after trials in Thrissur and Kottayam., The company has started receiving commercial orders from Kerala and Tamil Nadu.