പിടികിട്ടാപ്പുള്ളികളായി വിലസുന്നു, ലോറികളുടെ ’ക്രാഷ് നമ്പർ’ കൊച്ചിയിൽ വേണ്ട

#പി.ബി.ഷെഫീക്
പ്രതീകാത്മക ചിത്രം| AI generated image
പ്രതീകാത്മക ചിത്രം| AI generated image

കാക്കനാട്: റോഡിൽ അപകടമുണ്ടാകുമ്പോൾ നാട്ടുകാരുടെ കണ്ണുവെട്ടിക്കാൻ പിൻഭാഗത്ത് നമ്പർ പ്ലേറ്റ് മറച്ച് പായുന്ന ചരക്കുലോറികളെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ്. അപകടമുണ്ടാക്കിയാലും പിടിക്കപ്പെടാതിരിക്കാനാണ് നമ്പർ മറച്ചുള്ള ഈ തന്ത്രം. മറ്റു വാഹനങ്ങളെ ഇടിച്ചിട്ട്‌ നിർത്താതെ മുങ്ങി ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി വിലസുന്ന വാഹനങ്ങളിൽ അധികവും ഇങ്ങനെ നമ്പർ മറച്ചാണ്‌ രക്ഷപ്പെടുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിൽ ചരക്കുമായി എത്തുന്ന പല ലോറികളുടെയും വണ്ടിനമ്പർ പെട്ടെന്നു വായിച്ചെടുക്കാൻ കഴിയാറില്ല. കഴിഞ്ഞ ദിവസം കൊച്ചിയിൽ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള രണ്ടു ചരക്കു ലോറികൾ പിടികൂടി. പിൻഭാഗത്ത് നമ്പർപ്ലേറ്റ് മറച്ച ഈ ലോറികൾക്ക് പിഴയും ചുമത്തി.

വാഹനം രജിസ്റ്റർ ചെയ്ത ശേഷമാണ്‌ ലോറികളിൽ നമ്പർ മറയ്ക്കൽ നടക്കുന്നത്. ലോറികൾക്കു പിന്നിൽ ഘടിപ്പിക്കാറുള്ള ക്രാഷ് ഗാർഡ് ആണ് മറയ്ക്കാനുള്ള ഒരു മാർഗം. നമ്പർ വായിക്കാൻ കഴിയാത്ത തരത്തിൽ പ്ലേറ്റ്‌ മറച്ചുകൊണ്ടാണ് ഇവ ഘടിപ്പിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.

ദേശീയപാതയിലൂടെ പോകുന്ന ഭൂരിഭാഗം ലോറികളുടെയും പിൻഭാഗത്തെ നമ്പർപ്ലേറ്റ് ഇത്തരത്തിൽ മറച്ചാണു പായുന്നത്. ഈ വണ്ടികൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ നമ്പറില്ലാതെ, മറ്റു ലക്ഷണങ്ങൾ മാത്രം െവച്ച് അപകട വണ്ടികൾ കണ്ടെത്താൻ പ്രയാസമാണെന്ന്‌ പോലീസും പറയുന്നു. ലോറി നിർത്തിയിട്ട് അടുത്തു വന്ന് പരിശോധിച്ചാലല്ലാതെ നമ്പർ വായിച്ചെടുക്കാൻ കഴിയില്ല.

പ്ലേറ്റ് മറച്ച് മുന്നിൽ ഗ്രിൽസ് ഘടിപ്പിക്കുന്നതാണ് മറ്റൊരു തന്ത്രം. വാഹനത്തിന്റെ നമ്പർപ്ലേറ്റിൽ അലങ്കാരം ചാലിച്ചെഴുതി കുതിക്കുന്നവർക്കെതിരേയും വാഹന വകുപ്പ് നടപടിയെടുക്കുന്നുണ്ട്. ചില വാഹനങ്ങളിൽ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകൾ വായിച്ചെടുക്കാൻ പലപ്പോഴും സാധിക്കാറില്ലെന്ന് വെഹിക്കിൾ ഇൻസ്പെക്ടർമാർ പറയുന്നു.

ഈ സാഹചര്യത്തിലാണ് ഇതര പരിശോധനകൾക്കൊപ്പം നമ്പർ പ്ലേറ്റിലേക്കൂകൂടി ശ്രദ്ധപതിപ്പിക്കാൻ തീരുമാനിച്ചത്. മോട്ടോർ വാഹന നിയമം 177-ാം വകുപ്പുപ്രകാരം പിഴ തുക വളരെ കുറവായതിനാൽ 39, 192 വകുപ്പുകൾ കൂടി ചേർത്ത് രണ്ടായിരം മുതൽ 5000 രൂപ വരെ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Kerala Motor Vehicles Department targets trucks hiding rear number plates to escape consequences after accidents. Increased fines imposed.