കാടും മലയും പുഴയും താണ്ടും; ഇന്ത്യൻ സൈന്യത്തിലെ 10 പ്രധാന ഓഫ് റോഡ് പോരാളികൾ ഇതാ

.
.

പാകിസ്താനിലെ ഒൻപത് ഭീകര ക്യാമ്പുകൾ ചാരമാക്കിയാണ് പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം മറുപടി നൽകിയത്. പാകിസ്താനിലെ ഭീകര ക്യാമ്പുകൾ തകർക്കാൻ ഇന്ത്യൻ വ്യോമസേന ഓപ്പറേഷൻ സിന്ദൂർ തന്ത്രപരമായി ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു. ഇതൊരു വ്യോമാക്രമണം ആയിരുന്നെങ്കിലും, കരയിലും വെള്ളത്തിലും ഒരുപോലെ ഇന്ത്യൻ പ്രതിരോധസേന സുശക്തമാണ്. 

അത്യാധുനിക യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും പോലെ, ഇന്ത്യൻ മണ്ണ് കാക്കാൻ കരയിലും അത്യാധുനിക സംവിധാനങ്ങളുണ്ട്. ഇതിൽ പ്രധാനപ്പെട്ടവയാണ് സൈനിക വാഹനങ്ങൾ. പ്രതിരോധ ആവശ്യങ്ങൾക്കായി സൈന്യം നിരവധി വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഇന്ത്യൻ നിരത്തുകളിൽ പൊതുവേ കാണുന്ന ഓഫ് റോഡ് എസ്.യു.വികൾ ഉൾപ്പടെയുണ്ട്. ഇത്തരത്തിൽ സൈന്യത്തോടൊപ്പമുള്ള 10 പ്രധാന മോഡലുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.  

ടൊയോട്ട ഹൈലക്സ്

ലോകത്തില്‍ ഏറെ അംഗീകാരം നേടിയ ഈ ഓഫ് റോഡ് വാഹനം, സൈന്യത്തിന്റെ ഉപയോഗത്തിന് യോജിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് സേനയുടെ വാഹന വ്യൂഹത്തിന്റെ ഭാഗമായത്. രണ്ട് മാസത്തെ കഠിനമായ പരീക്ഷണങ്ങൾക്ക് ശേഷം, 2023 ജൂലായിയിലാണ് ഇന്ത്യൻ സൈന്യത്തിന് ഹൈലക്സുകൾ ടൊയോട്ട കൈമാറിയത്. 

13,000 അടി ഉയരമുള്ള കാഠിന്യമേറിയ പ്രദേശത്തും പൂജ്യത്തിലും താഴെ താപനിലയുള്ള മേഖലകളിലും പരീക്ഷണയോട്ടം നടത്തി വിജയമായതിന് ശേഷമാണ് ഈ വാഹനം വാങ്ങിയത്. സേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് പരീക്ഷണയോട്ടം നടന്നത്. മികച്ച ഓഫ്-റോഡ് കഴിവും വലിയ ഭാരം വഹിക്കാനുള്ള ശേഷിയും ഈ ലൈഫ് സ്റ്റൈല്‍ പിക്കപ്പിനുണ്ട്. വിശ്വാസ്യതയ്ക്കും പേരുകേട്ട വാഹനമാണിത്.  

മാരുതി സുസുക്കി ജിപ്‌സി 

ഇന്ത്യൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിൽ വർഷങ്ങളായി തുടരുന്ന ഒരു ഐതിഹാസിക എസ്‌യുവിയാണ് മാരുതി ജിപ്‌സി. 35000-ത്തിലധികം ജിപ്‌സി യൂണിറ്റുകൾ ഇന്ത്യൻ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. കരുത്ത്, വിശ്വാസ്യത, എല്ലാ ഭൂപ്രദേശങ്ങളിലുമുള്ള കഴിവുകൾ എന്നിവയെല്ലാം ജിപ്സിയുടെ സവിശേഷതകളാണ്. 

1985 മുതല്‍ മാരുതി സുസുക്കി  ഇന്ത്യയില്‍ എത്തിച്ചിരുന്ന വാഹനമായിരുന്നു ഇത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം ഉള്‍പ്പെടെ നല്‍കി എത്തിയിരുന്ന ജിപ്സി, സൈനിക സേനകളുടെ ഇഷ്ട വാഹനമായിരുന്നു. 1991-ൽ ആണ് സൈന്യം ജിപ്‌സി ഉപയോഗിക്കാൻ തുടങ്ങിയത്. നിരത്തുകളിൽനിന്ന് നേരത്തേ വിടപറഞ്ഞെങ്കിലും ഇന്ത്യൻ സൈന്യത്തിന് പ്രത്യേകമായി ജിപ്സി മാരുതി നിർമിച്ചു നൽകി. 

അറ്റോർ N1200 

നദികൾ ഉൾപ്പടെയുള്ള ജലാശയങ്ങളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാനുള്ള കഴിവ് അറ്റോർ N1200ക്ക് ഉണ്ട്. മറ്റ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത മഞ്ഞ്, ചെളി, ജലാശയങ്ങൾ എന്നിവ ഈ വാഹനത്തിന് കീഴടക്കാൻ കഴിയും. 

ടാറ്റ സെനോൺ

ടാറ്റ സെനോണിന്റെ ഡബിൾ ക്യാബ് പതിപ്പ് ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നു. വിശ്വസനീയവും കരുത്തുറ്റതും ദുഷ്കരവുമായ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിവുള്ള പിക്കപ്പ് ട്രക്കാണിത്. വിവിധ ഉപകരണങ്ങളും സൈനികരെയും കൊണ്ടുപോകാൻ ഈ 4×4 പിക്കപ്പ് ട്രക്ക് ഉപയോഗിക്കുണ്ട്.  

മഹീന്ദ്ര മാർക്ക്‌സ്മാൻ

ഇന്ത്യൻ സൈന്യവുമായി സഹകരിച്ചാണ് ഈ ലൈറ്റ് കവചിത പേഴ്‌സണൽ കാരിയർ വാഹനം മഹീന്ദ്ര വികസിപ്പിച്ചത്. അർധസൈനിക വിഭാഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, വാഹനവ്യൂഹ സംരക്ഷണ സംഘങ്ങൾ എന്നിവർ വിവിധ സുരക്ഷാ പ്രവർത്തനങ്ങൾക്കായി മാർക്ക്‌സ്മാൻ ഉപയോഗിക്കുന്നു. വെടിവയ്പ്പുകളെയും ഗ്രനേഡ് ആക്രമണങ്ങളെയും പോലും പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബാലിസ്റ്റിക് ആക്രമണങ്ങളിൽനിന്ന് സംരക്ഷണം, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, റിമോട്ട് കൺട്രോൾഡ് ആയുധ സംവിധാനം എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

മഹീന്ദ്ര സ്കോർപിയോ

2023-ൽ 1850 സ്കോർപിയോ ക്ലാസിക് യൂണിറ്റുകളാണ് ഇന്ത്യൻ സൈന്യം സ്വന്തമാക്കിയത്. അപ്പോഴും സൈന്യത്തിന്റെ വാഹനവ്യൂഹത്തിൽ സ്കോർപിയോയുടെ 1470 യൂണിറ്റുകൾ ഉണ്ടായിരുന്നു. കരുത്തുറ്റതും വിശ്വസനീയവുമായ ഒരു ഓഫ്-റോഡ് എസ്‌യുവിയാണ് സ്കോർപിയോ ക്ലാസിക്. 

മഹീന്ദ്ര അർമാഡോ

ഈ ലിസ്റ്റിലെ മഹീന്ദ്രയുടെ മറ്റൊരു പ്രധാന വാഹനമാണ് അർമാഡോ. ഇന്ത്യൻ സൈന്യത്തിനും പ്രത്യേക സേനകൾക്കുമായി മഹീന്ദ്ര ഡിഫൻസ് സിസ്റ്റം വികസിപ്പിച്ചെടുത്ത ഒരു കവചിത ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനമാണിത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, സ്ഫോടനത്തെ പ്രതിരോധിക്കുന്ന ഫ്ലോർ, ബാലിസ്റ്റിക് സംരക്ഷണം എന്നിവയെല്ലാമുണ്ട്. ആയുധ വാഹകൻ, അതിർത്തി സുരക്ഷാ പട്രോളിങ്ങ്, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, പ്രത്യേക സേനാ പ്രവർത്തനങ്ങൾ എന്നിവയ്ക്കെല്ലാം അർമാഡോ ഉപയോഗിക്കുന്നു.

ടാറ്റ സഫാരി GS800

ടാറ്റ സഫാരി സ്റ്റോമിന്റെ പരിഷ്കരിച്ച പതിപ്പാണ് ടാറ്റ സഫാരി GS800. കരുത്തിനും വിശ്വാസ്യതയ്ക്കും പേരുകേട്ട ഏറ്റവും കഴിവുള്ള ഓഫ്-റോഡ് വാഹനങ്ങളിൽ ഒന്നാണിത്. സൈനികരെ കൊണ്ടുപോകുന്നതിനും നിരീക്ഷണത്തിനും എല്ലാത്തരം ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നതിനും സഫാരി GS800 ഉപയോഗിക്കുന്നു.

മാരുതി സുസുക്കി ജിംനി

പട്രോളിങ്ങിനും അതിർത്തി സംരക്ഷണത്തിനുമായി ഇന്ത്യൻ സൈന്യം 60 ജിംനികൾ സ്വന്തമാക്കിയിട്ടുണ്ട്.  മാരുതി ജിപ്‌സിയുടെ പിൻഗാമിയായാണ് ജിംനി സൈന്യത്തോടൊപ്പം ചേർന്നത്. കഠിനമായ ഭൂപ്രദേശങ്ങളിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ ജിംനി സഹായിക്കുന്നു.

ലേ-ലഡാക്ക്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിൽ പട്രോളിങ് നടത്താൻ ജിംനിയെ കേന്ദ്ര സായുധ സേനാവിഭാഗമായ ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന് ഇന്ത്യൻ സൈന്യം നൽകിയിട്ടുണ്ട്. ഓഫ് റോഡ് കരുത്ത്, ചെറിയ വഴികളിലൂടെ യാത്ര ചെയ്യാനുള്ള കാര്യക്ഷമത എന്നിവയാണ് ജിപ്‌സിയുടെ പകരക്കാരനായി എത്തിയ ജിംനിയെ ഐ.ടി.ബി.പി പ​ഗി​ഗണിക്കാൻ കാരണമായത്.

ഫോഴ്‌സ് ഗൂർഖ

ഫോഴ്‌സ് ഗൂർഖയെ 2025 മാർച്ചിലാണ് ഇന്ത്യൻ പ്രതിരോധ സേനാ വ്യൂഹത്തിലേക്ക് ഔദ്യോഗികമായി ചേർത്തത്. 2978 ഫോഴ്‌സ് ഗൂർഖ യൂണിറ്റുകൾക്കാണ് സൈന്യം ഓർഡർ നൽകിയത്. കരുത്തുറ്റതും ഏത് ഭൂപ്രദേശത്തിലൂടേയും സഞ്ചരിക്കാൻ കഴിവുള്ളതുമായ ഒരു എസ്‌യുവിയാണിത്. മികച്ച നിർമാണ നിലവാരവും വിശ്വസനീയവുമായ എസ്‌യുവികളിൽ ഒന്നാണ് ഗൂർഖ.

Content Highlights: Indian Army used Top 10 Cars