EV വിൽപ്പന കുതിക്കുന്നു; ഓഗസ്റ്റിലും 30,000 കടന്നു, നാലാം സ്ഥാനത്തെത്തി വിൻഫാസ്റ്റ്

തുടർച്ചയായ മൂന്നാം മാസവും 30,000 യൂണിറ്റ് പിന്നിട്ട് രാജ്യത്തെ ഇലക്ട്രിക് യാത്രാവാഹന വിൽപ്പന. വാഹൻ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ 30,418 യൂണിറ്റുകളുടെ റീട്ടെയിൽ വിൽപ്പനയാണ് രാജ്യത്ത് രേഖപ്പെടുത്തത്. കഴിഞ്ഞ ജൂണിലാണ് ഇലക്ട്രിക് പി.വി വിൽപ്പന ആദ്യമായി പ്രതിമാസം 30,000 യൂണിറ്റ് കടന്നത് (33,529 യൂണിറ്റുകൾ). ജൂലായിൽ ഇത് 34,454 യൂണിറ്റായി ഉയർന്നു. ഈ മുന്നേറ്റമാണ് ഓഗസ്റ്റിലും തുടർന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ജൂലായിലെന്നപോലെ ഓഗസ്റ്റിലും മാസ് മാർക്കറ്റ് ഇവി ബ്രാൻഡുകളായ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങൾ നിലനിർത്തി. അതിനിടെ വിയറ്റ്‌നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് നാലാം സ്ഥാനത്തേക്ക് ഉയർന്നു. ലക്ഷ്വറി ഇവി സെഗ്മെന്റിൽ ബി.എം.ഡബ്ല്യു, മെഴ്സിഡസ് ബെൻസ്, ടെസ്ല എന്നിവ വിൽപ്പനയിൽ മുന്നിൽ തുടർന്നു.
13,070 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റ മോട്ടോഴ്‌സ്
ഓഗസ്റ്റിൽ ടാറ്റ മോട്ടോഴ്സ് 13,070 ഇവികൾ വിറ്റു. മുൻവർഷത്തെ അപേക്ഷിച്ച് (8,053 യൂണിറ്റുകൾ) 62 ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ 12,000-ത്തിലധികം ഇവികൾ വിറ്റഴിക്കുന്ന തുടർച്ചയായ മൂന്നാം മാസമാണിത്. ജൂണിൽ 12,869 യൂണിറ്റുകളും തുടർന്ന് ജൂലായിൽ 14,310 യൂണിറ്റുകളുമാണ് വിറ്റത്. ടാറ്റയുടെ ഇ-പി.വി വിപണി വിഹിതം മുൻവർഷത്തെ 40 ശതമാനത്തിൽ നിന്ന് 43 ശതമാനമായി ഉയർന്നു.
പെട്രോൾ, ഡീസൽ, സി.എൻ.ജി വില വർധനയെ തുടർന്ന് നെക്‌സോൺ ഇവി ടാറ്റയുടെ ഏറ്റവും വലിയ വോള്യം ഡ്രൈവറായി തുടരുകയാണ്. അപ്‌ഡേറ്റ് ചെയ്ത ടിയാഗോ ഇവി, പഞ്ച് ഇവി എന്നിവ പുതിയ ഇവി വാങ്ങുന്നവരിൽ വലിയൊരു ശതമാനത്തെ ആകർഷിച്ചിട്ടുണ്ട്.
മഹീന്ദ്ര
2026 മാർച്ചിൽ ജെ.എസ്.ഡബ്ല്യു എം.ജിയെ പിന്തള്ളി ഇ-പി.വി വിപണിയിൽ രണ്ടാം സ്ഥാനം നേടിയ ഹീന്ദ്ര ഓഗസ്റ്റിൽ 6,408 ഇവികൾ വിറ്റഴിച്ചു. കമ്പനിയുടെ വിപണി വിഹിതം മുൻവർഷത്തെ 20 ശതമാനത്തിൽ നിന്ന് 21 ശതമാനമായി ഉയർന്നു. മഹീന്ദ്ര ബി.ഇ 6, എക്‌സ്.ഇ.വി 9ഇ എന്നിവയ്ക്ക് ശക്തമായ ഡിമാൻഡ് തുടരുന്നു. അതേസമയം ബ്രാൻഡിന്റെ ത്രീ-റോ ബോൺ-ഇലക്ട്രിക് എസ്യുവിയായ എക്‌സ്.ഇ.വി 9എസ് അതിന്റെ ഇവി നിരയെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ
മൂന്നാം സ്ഥാനത്തുള്ള ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ കഴിഞ്ഞ മാസം രാജ്യത്ത് 4,602 ഇ-പി.വികൾ വിറ്റഴിച്ചു. വിൻഡ്സർ ഇവി എം.ജിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുന്നു.
വിൻഫാസ്റ്റ്
2025 സെപ്റ്റംബറിൽ ഇന്ത്യൻ ഇ-പി.വി വിപണിയിൽ പ്രവേശിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി വിൻഫാസ്റ്റ് നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഇവി നിർമ്മാതാക്കൾ ഓഗസ്റ്റിൽ 2,198 യൂണിറ്റുകൾ വിറ്റഴിച്ചു. ഇത് ഇ-പി.വി വിപണിയുടെ 7 ശതമാനം വിഹിതം അവർക്ക് നൽകുന്നതാണ്. ജൂലായിലെ 1,531 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 44 ശതമാനം വർധനവാണ്. പാസഞ്ചർ വെഹിക്കിൾ പോർട്ട്ഫോളിയോയിലെ മൂന്ന് മോഡലുകളിൽ രണ്ടെണ്ണം എസ്യുവികളാണ് - VF6, VF7 - അതേസമയം VF MPV 7, അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു എം.പി.വിയാണ്.
മാരുതി സുസുക്കി
ഓഗസ്റ്റിൽ മാരുതി സുസുക്കി 1,405 ഇ-വിറ്റാരകൾ വിറ്റു. മാർച്ചിൽ 1,027 യൂണിറ്റുകൾ, ഏപ്രിലിൽ 1,354 യൂണിറ്റുകൾ, മെയ് മാസത്തിൽ 1,676 യൂണിറ്റുകൾ, ജൂണിൽ 2,009 യൂണിറ്റുകൾ, ജൂലായിൽ 1,665 യൂണിറ്റുകൾ എന്നിവയ്ക്ക് ശേഷം തുടർച്ചയായ ആറാം മാസമാണ് ആയിരത്തിലധികം യൂണിറ്റുകൾ വിൽക്കുന്നത്.
ഹ്യുണ്ടായ്
ഹ്യുണ്ടായ് ഓഗസ്റ്റിൽ 802 ഇവികൾ ഉപഭോക്താക്കൾക്ക് എത്തിച്ചു. മുൻവർഷത്തെ 686 യൂണിറ്റുകളെ അപേക്ഷിച്ച് 17 ശതമാനം വർധനവാണിത്. ഹ്യുണ്ടായിക്ക് നിലവിൽ രണ്ട് ഇവികൾ മാത്രമാണ് പോർട്ട്ഫോളിയോയിലുള്ളത്: ക്രെറ്റ ഇലക്ട്രിക്കും അയോണിക് 5 ഉം.
Content Highlights: Retail sales of electric passenger vehicles crossed 30,000 units for the third consecutive month in August 2026, reaching 30,418 units., Tata Motors retained the top spot with 13,070 units and a 43 percent market share., Mahindra and JSW MG Motor secured the second and third positions respectively., Vinfast climbed to fourth place, overtaking Maruti Suzuki.