ഒന്നല്ല, രണ്ട്; എതിരാളികളെ വിറപ്പിച്ച് ഹോണ്ടയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്തി

#വിപിന്‍ വാസുദേവന്‍
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ബെംഗളൂരുവില്‍ അവതരിപ്പിച്ചപ്പോള്‍. ഫോട്ടോ: മാതൃഭൂമി
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ബെംഗളൂരുവില്‍ അവതരിപ്പിച്ചപ്പോള്‍. ഫോട്ടോ: മാതൃഭൂമി

ഇന്ത്യയിലെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണി സജീവമായതോടെ ഹോണ്ടയുടെ ഇലക്ട്രിക് സ്‌കൂട്ടറിനായി കാത്തിരിക്കുകയായിരുന്നു വാഹനപ്രേമികള്‍. ഒടുവില്‍ ഇതാ ഒന്നല്ല രണ്ട് മോഡലുകളുമായാണ് ഹോണ്ട എത്തിയിരിക്കുന്നത്. ജാപ്പനീസ് വാഹന നിര്‍മാണ കമ്പനിയായ ഹോണ്ട തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ബെംഗളൂരുവിലാണ് പുറത്തിറക്കിയത്. ആക്ടീവ - ഇ, ക്യൂ. സി 1  എന്ന പേരുകളില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് പുതിയ മോഡലുകള്‍ എത്തിയിരിക്കുന്നത്.  

ക്യൂ. സി. 1 എന്നത് ബേസ് വേരിയന്റും ആക്ടീവ ഇ ടോപ് എന്‍ഡ് മോഡലുമാണ്. ഇരു മോഡലുകളുടേയും വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുന്ന 2025 ജനുവരിയില്‍ ആയിരിക്കും വിലയും പുറത്തുവിടുകയെന്ന് ഹോണ്ട അറിയിച്ചു. 2025 ഫെബ്രുവരി മുതല്‍ വാഹനങ്ങളുടെ വിതരണം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ആക്ടീവ-ഇ

ആദ്യ കാഴ്ച്ചയില്‍ തന്നെ സ്‌റ്റൈലിഷ് എന്നാണ് ആക്ടീവ-ഇ യെ വിശേഷിപ്പിക്കാവുക. ഹെഡ് ലാമ്പിന്റെയും ഡിആര്‍എല്ലിന്റെയും ഡിസൈന്‍ മുന്‍ ഭാഗത്തെ ഭംഗി വര്‍ധിപ്പിക്കുന്നു. വശ കാഴ്ച്ചയിലും പിന്നിലെ ഡിസൈനിങ്ങിലും ഹോണ്ട ഞെട്ടിച്ചിരിക്കുകയാണ്. എതിരാളികള്‍ വിയര്‍ക്കുമെന്ന് തീര്‍ച്ച.
ഒറ്റ ചാര്‍ജിങ്ങില്‍ 102 കിലോമീറ്റര്‍ റേഞ്ച് ആണ്  ഹോണ്ട അവകാശപ്പെടുന്നത്. 80 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. 22 എന്‍.എം ആണ് മാക്‌സിമം ടോര്‍ക്ക്. ആറ് കിലോ വോട്ടാണ് മാക്‌സിമം പവര്‍. 1.5 കിലോവാട്ടിന്റെ രണ്ട് ബാറ്ററികളാണ് ഉള്ളത്. സീറ്റിനടിയില്‍ സ്ഥാപിച്ചിട്ടുള്ള രണ്ട് ബാറ്ററികളും എടുത്തു മാറ്റാന്‍ കഴിയുന്നവയാണ്. ബാറ്ററികള്‍ സ്വാപ്പ് ചെയ്യാന്‍ കഴിയുന്നവിധത്തിലുള്ള സാങ്കേതികവിദ്യയാണ് ഹോണ്ട ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ആക്ടിവ ഇ

ചാര്‍ജ്ജ് കഴിഞ്ഞ ബാറ്ററികള്‍ നിക്ഷേപിച്ച് ഫുള്‍ ചാര്‍ജ്ജുള്ള ബാറ്ററി സ്വാപ്പിങ് മെഷീനുകളില്‍ നിന്ന് സ്വീകരിക്കാനാകും. ദൈര്‍ഘ്യമേറിയ ചാര്‍ജിങ് ഒഴിവാക്കാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കും. അതേസമയം സീറ്റിനുള്ളില്‍ ബാറ്ററികള്‍ ഉളളതിനാല്‍ സ്റ്റോറേജ് സ്‌പെയ്‌സ് കുറവാണ്. 119 കിലോ ഗ്രാമാണ് വാഹനത്തിന്റെ ഭാരം. 171 എം എം ഗ്രൗണ്ട് ക്ലിയറന്‍സും  1310 എം.എം വീല്‍ ബെയ്‌സും ഉണ്ട്. 

സവിശേഷതകള്‍: ഏഴ് ഇഞ്ച് ടിഎഫ്ടി ആന്‍ഡ്രോയിഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,  നാവിഗേഷന്‍, ഹോണ്ട റോഡ് സിങ്ക് ഡുവോ എന്ന കണക്റ്റഡ് ടെക്നോളജി, റിവേഴ്‌സ് മോഡ്,  ഇക്കോണ്‍, സ്റ്റാന്‍ഡേര്‍ഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിങ് മോഡുകള്‍, സ്മാര്‍ട് കീ, സ്മാര്‍ട് ട്രാക്കിങ്, സ്മാര്‍ട് സ്റ്റാര്‍ട്ട്, സ്മാര്‍ട്ട് അണ്‍ലോക്ക്, കോള്‍ ആന്‍ഡ് മ്യൂസിക് കണ്‍ട്രോള്‍, എല്‍ഇഡി ഹെഡ്ലാമ്പും ഇന്‍ഡിക്കേറ്റേഴ്‌സും, മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് ത്രീ സ്റ്റെപ് അഡ്ജസ്റ്റു ചെയ്യാവുന്ന സ്പ്രിങ് ലോഡഡ് ഹൈഡ്രോളിക് സസ്‌പെന്‍ഷനും, മുന്നില്‍ 160 എംഎം ഡിസ്‌കും പിന്നില്‍ 130 എംഎം  ഡ്രം ബ്രേക്കും,  12 ഇഞ്ചിന്റെ ട്യൂബ്‌ലെസ് ടയറുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍.

ക്യൂ. സി വണ്‍

ബെയ്‌സ് മോഡല്‍ ആയതിനാല്‍ തന്നെ ആക്ടീവ ഇ യെ അപേക്ഷിച്ച് ഫീച്ചറുകള്‍ ക്യൂ സി വണ്ണില്‍ കുറവാണ്. ലുക്കിന്റെ കാര്യത്തിലും ഈ കുറവ് ഉണ്ട്. പക്ഷെ ഡീസന്റായ ഡിസൈന്‍ തന്നെയാന്ന് ഉള്ളത്.  80 കിലോ മീറ്ററാണ് റേഞ്ച്. 50 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. 77 എന്‍.എം മാക്‌സിമം ടോര്‍ക്കും 1.8 കിലോവോട്ട് മാക്‌സിമം പവറും ഉണ്ട്. 1.5 കിലോവാട്‌സിന്റെ ഫിക്‌സ്ഡ് ബാറ്ററിയാണ് ഈ മോഡലില്‍ ഉള്ളത്.  പൂജ്യത്തില്‍ നിന്ന് നൂറ് ശതമാനം ബാറ്ററി ചാര്‍ജ്ജാകാന്‍ വേണ്ടത് ആറ് മണിക്കൂറും 50 മിനിറ്റുമാണ്. 89.5 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം.

ഹോണ്ട ക്യൂ. സി വണ്‍

സവിശേഷതകള്‍:  അഞ്ച് ഇഞ്ച് എല്‍സിഡി  ഡിസ്‌പ്ലേ, ഇക്കോണ്‍, സ്റ്റാന്‍ഡേര്‍ഡ് എന്നീ രണ്ട് റൈഡിങ് മോഡുകള്‍, എല്‍ഇഡി ഹെഡ് ലാമ്പ്, ടെയില്‍ ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍, 12 ഇഞ്ച് മുന്‍ടയര്‍, 10 ഇഞ്ച് പിന്‍ടയര്‍, മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകള്‍, മുന്നില്‍ ടെലിസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ ഹൈഡ്രോളിക് സസ്‌പെന്‍ഷനും.

പേള്‍ ഷാഡോ ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, പേള്‍ സെറ നിറ്റി ബ്ലൂ, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ രണ്ട് വാഹനങ്ങളും ലഭിക്കും. ഏഥര്‍ 450ത, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഒല ഇലക്ട്രിക് എസ്1 തുടങ്ങിയ മോഡലുകളായിരുക്കും എതിരാളികള്‍.

Content Highlights: Honda launches ACTIVA e: and QC1 electric scooters in India