ADV160: E85 പെട്രോളിൽ ഓടുന്ന രാജ്യത്തെ ആദ്യ സ്‌കൂട്ടറുമായി ഹോണ്ട

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
ADV160 മാക്‌സി-സ്‌കൂട്ടര്‍ | Honda
ADV160 മാക്‌സി-സ്‌കൂട്ടര്‍ | Honda

E85 ഇന്ധനത്തിൽ ഓടിക്കാൻ കഴിവുള്ള ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടർ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ. പുതുതായി വിപണിയിലെത്തുന്ന ഹോണ്ടയുടെ 10 ഇരുചക്ര വാഹനങ്ങൾക്കൊപ്പമാണ് ADV160 എന്ന മാക്‌സി-സ്‌കൂട്ടറും ഹോണ്ട അവതരിപ്പിച്ചത്. പ്രാദേശികമായി നിർമ്മിക്കുന്ന സ്‌കൂട്ടർ ഹോണ്ടയുടെ റെഡ്‌വിങ് ഡീലർഷിപ്പുകൾ വഴിയും പ്രീമിയം ബിഗ്‌വിങ് നെറ്റ്‌വർക്ക് വഴിയും വിൽക്കും.

E85 കംപാറ്റിബിൾ157 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. 16.3 ബിഎച്ച്പി കരുത്തും 14.9 എൻഎം ടോർക്കും ഇത് നൽകും. സിവിടി ഗിയർബോക്‌സുമായി എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നു. പരമ്പരാഗത പെട്രോൾ സ്‌കൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി 85 ശതമാനം വരെ എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയ ഇന്ധനത്തിൽ പ്രവർത്തിക്കാൻ കഴിയുംവിധം രൂപകൽപ്പന ചെയ്തതാണ് എഞ്ചിൻ. ഹോണ്ട ഭാവിയെ മുന്നിൽക്കണ്ട് മുന്നേറുന്നതിന്റെ ഭാഗമായാണ് ഈ സ്‌കൂട്ടർ അവതരിപ്പിച്ചിട്ടുള്ളത്.

ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകൾ, ബ്ലോക്ക്-പാറ്റേൺ ടയറുകൾ, നിവർന്നിരിക്കാവുന്ന റൈഡിങ് പൊസിഷൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്. 'സിറ്റി അഡ്വഞ്ചർ' സ്‌കൂട്ടർ എന്നാണ് ഹോണ്ട ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കാരുടെ ദൈനംദിന യാത്രകളും വാരാന്ത്യത്തിലെ സാഹസിക-വിനോദ യാത്രകളും മുന്നിൽക്കണ്ട് രൂപകൽപ്പന ചെയ്തതാണിത്.

സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള ഒരു ഫുൾ-കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെലക്ടബിൾ ടോർക്ക് കൺട്രോൾ (ട്രാക്ഷൻ കൺട്രോൾ), സിംഗിൾ-ചാനൽ എബിഎസ്, ഒരു യുഎസ്ബി ചാർജിംഗ് സോക്കറ്റ്, ഒരു ഫുൾ-ഫേസ് ഹെൽമെറ്റ് ഉൾക്കൊള്ളാൻ കഴിയുന്ന 27 ലിറ്റർ വിശാലമായ സീറ്റ് സ്റ്റോറേജ് കമ്പാർട്ട്‌മെന്റ് എന്നിവ മറ്റ് സവിശേഷതകളാണ്. വാഹനം എന്നുമുതൽ ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങും എന്ന് ഹോണ്ട പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: First Indian scooter capable of running on E85 ethanol-blended fuel., Features a 157cc liquid-cooled engine producing 16.3bhp., Rugged adventure-style design with adjustable windscreen and block-pattern tyres., Equipped with premium tech including TFT display, Honda RoadSync, and traction control., Locally manufactured in India for domestic and international markets.