ഫ്‌ളെക്‌സ്-ഫ്യുവൽ മോട്ടോർസൈക്കിൾ ജൂൺ 3-ന് പുറത്തിറക്കാൻ ഹീറോ; E100-ലും ഓടും

ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ പ്രതിസന്ധികൾ നിലനിൽക്കുന്നതിനിടെ ബദൽ മാർഗങ്ങളിലേക്ക് അതിവേഗം ചുവടുമായി ഇന്ത്യൻ വാഹന നിർമാതാക്കൾ. ഹീറോ മോട്ടോർകോർപ് തങ്ങളുടെ ആദ്യത്തെ ഫ്‌ളെക്‌സ്-ഫ്യൂവൽ മോട്ടോർസൈക്കിൾ ജൂൺ മൂന്നിന് പുറത്തിറക്കും. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയും ചേർന്ന് ന്യൂഡൽഹിയിൽ വാഹനം പുറത്തിറക്കും.
രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അവരുടെ ആദ്യ ഫ്‌ളെക്‌സ് ഫ്യുവൽ കാർ ജൂൺ അഞ്ചിന് പുറത്തിറക്കുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സും ഫ്‌ളെക്‌സ് ഫ്യുവൽ കാർ വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
100 ശതമാനം എഥനോളിൽ (E100) ഓടാൻ കഴിവുള്ള ഇന്ത്യയിലെ ആദ്യത്തെ ഇരുചക്ര വാഹനമായിരിക്കും ഹീറോ പുറത്തിറക്കുക. ശുദ്ധവും സുസ്ഥിരവുമായ ഇന്ധന ബദലുകളിലേക്ക് മാറാനുള്ള കേന്ദ്ര സർക്കാരിന്റെ ആഹ്വനത്തെ പിന്തുണച്ചാണ് ഹീറോ ഈ വാഹനം വിപണിയിലെത്തിക്കുന്നത്. ഇതോടെ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലുള്ള ഫ്‌ളെക്‌സ്-ഫ്യൂവൽ വിഭാഗത്തിൽ ഹീറോ സ്ഥാനമുറപ്പിക്കും.
വാഹനം ഏതായിരിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സ്‌പ്ലെൻഡർ അല്ലെങ്കിൽ എച്ച്എഫ് ഡീലക്‌സ് എന്നിവയിൽ ഒന്നായിരിക്കും ഫ്‌ളെക്‌സ് ഫ്യുവൽ വാഹനമായി എത്തുക എന്നാണ് സൂചനകൾ. എച്ച്എഫ് ഡീലക്‌സിന്റെ ഒരു ഫ്‌ളെക്‌സ്-ഫ്യൂവൽ പതിപ്പ് ഹീറോ മോട്ടോർകോർപ്പ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025-ൽ പ്രദർശിപ്പിച്ചിരുന്നു.
പെട്രോളും എഥനോളും വിവിധ അളവുകളിൽ ചേർക്കുന്ന E85, E100 പോലുള്ള ഉയർന്ന എത്തനോൾ ഇന്ധന മിശ്രിതങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തവയാണ് ഫ്‌ളെക്‌സ്-ഫ്യൂവൽ വാഹനങ്ങൾ. നിലവിൽ ഇന്ത്യൻ വിപണിയിലുള്ള മിക്ക പെട്രോൾ വാഹനങ്ങളും 20 ശതമാനം എഥനോൾ അടങ്ങിയ E20 ഇന്ധനവുമായി പൊരുത്തപ്പെടുന്നവയാണ്. എന്നിരുന്നാലും ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നത് അടക്കമുള്ളവ മുന്നിൽക്കണ്ട് ഉയർന്ന എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ള വാഹനങ്ങൾ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഹീറോ മോട്ടോർകോർപ്പിന്റെ പുതിയ മോട്ടോർസൈക്കിൾ രാജ്യത്ത് ഏറ്റവുംകൂടുതൽ ഇരുചക്ര വാഹനങ്ങൾ വിറ്റഴിക്കപ്പെടുന്ന കമ്മ്യൂട്ടർ സെഗ്മെന്റിൽ എഥനോൾ മൊബിലിറ്റി വ്യാപകമാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌പ്ലെൻഡർ അല്ലെങ്കിൽ എച്ച്എഫ് ഡീലക്‌സ് പ്ലാറ്റ്ഫോമിൽ ഫ്‌ളെക്‌സ് ഫ്യുവൽ വാഹനം പുറത്തിറക്കുകയാണെങ്കിൽ ഹീറോയുടെ വിപുലമായ ഉപഭോക്തൃ അടിത്തറയും ഗ്രാമീണ മേഖലകളിലെ വ്യാപകമായ സാന്നിധ്യവും അതിന് പ്രയോജനകരമാകും.
നിലവിൽ രാജ്യത്തെ ഫ്‌ളെക്‌സ്-ഫ്യൂവൽ മോട്ടോർസൈക്കിൾ വിപണി സജീവമല്ല. സുസുക്കിയുടെ ജിക്‌സർ SF 250 മോട്ടോർസൈക്കിൾ E85 ഇന്ധനവുമായി പൊരുത്തപ്പെടുന്നതാണ്. ഹോണ്ട മുമ്പ് ഹോണ്ട CB300F ന്റെ ഫ്‌ളെക്‌സ്-ഫ്യൂവൽ പതിപ്പ് വിപണിയിലെത്തിക്കുകയും പിന്നീട് നിർത്തലാക്കുകയും ചെയ്തിരുന്നു.
Content Highlights: Hero MotoCorp launching first flex-fuel bike on June 3, Supports 100% ethanol (E100) fuel compatibility, Presence of Union Ministers Nitin Gadkari and Hardeep Singh Puri, Strategic shift towards reducing oil imports and emissions, Likely built on proven commuter platforms like Splendor or HF Deluxe