അതിസുരക്ഷാ നമ്പർപ്ലേറ്റ് പ്ലാന്റിനുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് വിമർശനം

കൊച്ചി: 2019 ഏപ്രിൽ ഒന്നിനുമുമ്പ് നിർമിച്ച വാഹനങ്ങൾക്കായി അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർമിക്കുന്നതിന് പ്രത്യേക പ്ലാന്റ് സ്ഥാപിക്കുന്നതിന് ആഗോള ടെൻഡർ വിളിക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഗതാഗതവകുപ്പ് ജൂലായ് 30-ന് ഇറക്കിയ ഉത്തരവാണ് ജസ്റ്റിസ് ദിനേശ്കുമാർ സിങ് റദ്ദാക്കിയത്.അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർമാതാക്കളായ മലപ്പുറത്തെ ഓർബിസ് ഓട്ടോമോട്ടീവ്സ് അടക്കം നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്.
സർക്കാരിന്റെ നീക്കം അതിസുരക്ഷാ നമ്പർപ്ലേറ്റ് നടപ്പാക്കാതിരിക്കാനുള്ള തന്ത്രമാണെന്ന് കോടതി വിമർശിച്ചു. അംഗീകാരമുള്ള നിർമാതാക്കളിൽനിന്നും ഡീലർമാരിൽനിന്നും സുതാര്യമായ ടെൻഡർ വിളിച്ച് ഉചിതമായ ഒന്നോ അധിലധികമോ സ്ഥാപനങ്ങളെ കണ്ടെത്തി പദ്ധതി നടപ്പാക്കണമെന്നും നിർദേശിച്ചു.
കേന്ദ്ര ഏജൻസികളുടെ ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും നമ്പർപ്ലേറ്റുകൾ നിർമിക്കാനും ഘടിപ്പിച്ച് നൽകാനും സംസ്ഥാനസർക്കാർ അനുവദിക്കുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ പരാതി. ഇതിനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്ന കേന്ദ്ര ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കോടതി തള്ളി.
പഴയവാഹനങ്ങളുടെ നമ്പർപ്ലേറ്റിനായി എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്ലാന്റ് സ്ഥാപിക്കുമെന്നായിരുന്നു സർക്കാരിന്റെ മുൻനിലപാട്. എന്നാൽ ഇതിൽനിന്ന് പിന്നീട് പിന്മാറി.
പ്ലാന്റ് മറ്റൊരിടത്ത് സ്ഥാപിക്കുന്നതിന് യന്ത്രങ്ങൾ ലഭ്യമാക്കാൻ ആഗോള ടെൻഡർ വിളിക്കാൻ തുടർന്ന് ഉത്തരവിറക്കി. അതിസുരക്ഷാ നമ്പർപ്ലേറ്റ് 2012-നകം സ്ഥാപിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവെന്നും ഏറെ വൈകിയെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. 2019 ഏപ്രിൽ ഒന്നിനുമുൻപ് നിർമിച്ച 75 ലക്ഷത്തോളം വാഹനങ്ങളാണ് കേരളത്തിലുള്ളത്.
Content Highlights: HC quashes notification for plant of high security registration plate