‘87 ലക്ഷത്തിന്റെ BMWവിൽ നിന്ന് 7 ലക്ഷത്തിന്റെ ഓറയിലേക്ക്’; ഗോവിന്ദയ്ക്ക് ട്രോൾ, ട്രോളിയവർക്കും ട്രോൾ

#Auto Desk
photo:Jaiky Yadav/X
photo:Jaiky Yadav/X

തൊണ്ണൂറുകളിലെ പ്രശസ്ത ബോളിവുഡ് താരം ഗോവിന്ദ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.  പക്ഷെ അതത്ര സുഖകരമായ കാരണങ്ങളാലല്ല. ഉത്ത ർപ്രദേശിലെ ആഗ്ര വിമാനത്താവളത്തിൽ (പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ വിമാനത്താവളം) ഒരു ഹ്യുണ്ടായ് ഓറ ടാക്സിയിൽ യാത്ര ചെയ്യുന്ന അദ്ദേഹത്തിന്റെ പുതിയ വീഡിയോ വൈറലായതിന് പിന്നാലെയാണിത്.

മുൻകാലങ്ങളിൽ ബിഎംഡബ്ല്യു ഉൾപ്പെടെയുള്ള ആഡംബര കാറുകളിൽ യാത്ര ചെയ്തിരുന്ന ഗോവിന്ദയുടെ ജീവിതരീതിയിലെ മാറ്റം ചൂണ്ടിക്കാട്ടി ഇന്റർനെറ്റിലെ ഒരു വലിയ വിഭാഗം അദ്ദേഹത്തെ ട്രോളി. മുൻ സൂപ്പർ സ്റ്റാർ ‘സാധാരണ ടാക്സി’യിൽ യാത്ര ചെയ്യുന്നത് കണ്ട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ‘ഞെട്ടൽ’ രേഖപ്പെടുത്തി.

‘87 ലക്ഷത്തിന്റെ ബിഎംഡബ്ല്യുവിൽനിന്ന് ഏഴ് ലക്ഷത്തിന്റെ ഓറ കാറിലേക്ക് ഗോവിന്ദ എത്തിയിരിക്കുന്നു’ എന്നുവരെയായി കമന്റുകൾ. എന്നാൽ, ഒരു വിഭാഗം ട്രോളിയപ്പോൾ മറ്റൊരു വിഭാഗം അദ്ദേഹത്തെ പിന്തുണയ്ക്കുകയും വിമാനത്താവളത്തിലെ നിയമങ്ങൾ പങ്കുവെക്കുകയും ചെയ്തു.

ആഗ്ര വിമാനത്താവളത്തിനുള്ളിൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ലെന്നും അത് ഇന്ത്യൻ വ്യോമസേനയുടെ അധികാരപരിധിയിലാണെന്നും അവർ ചൂണ്ടിക്കാട്ടി. ട്രോളിയവർക്ക് ഇതേക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ഗോവിന്ദയെ അന്യായമായി ട്രോളുകയായിരുന്നുവെന്നുമാണ് ട്രോളന്മാർക്കെതിരേയുള്ള വിമർശനം.

വീഡിയോയിൽ, ഗോവിന്ദ ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത ഓറ കാറിൽ കയറുന്നത് കാണാം. 'ഭാരത് സർക്കാർ' എന്ന് ടാക്സിക്ക് പിന്നിൽ എഴുതിയിട്ടുമുണ്ട്. അദ്ദേഹം വ്യക്തിപരമായ ആവശ്യങ്ങൾക്കായാണോ ഷൂട്ടിങ്ങിനായാണോ അതോ ഏതെങ്കിലും പരിപാടിയിൽ പങ്കെടുക്കാനായാണോ യാത്ര ചെയ്തതെന്നത് വ്യക്തമല്ല.

Content Highlights: Bollywood star Govinda`s recent taxi ride sparks debate online. See reactions from netizens and learn the real reason behind his car choice.