വീട്ടില്‍കിടന്ന വാഹനത്തിന് ടോള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ ചോരും, പരാതിപ്പെടാം ഈ നമ്പറില്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: ഇ.എസ്.അഖില്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: ഇ.എസ്.അഖില്‍

ടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോള്‍ കേന്ദ്രം വഴി പോകാത്തപ്പോഴും പണം നഷ്ടപ്പെടുന്നു. സംഭവത്തില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. വാഹനം വീട്ടില്‍ നില്‍ക്കെ പന്നിയങ്കര ടോള്‍ കേന്ദ്രത്തിലൂടെ കടന്നു പോയതായി ചൂണ്ടിക്കാട്ടി 55 രൂപ ഫാസ്റ്റാഗില്‍ നിന്ന് പിടിച്ചതായി മൊബൈലിന്‍ സന്ദേശം വന്നുവെന്ന് തരൂര്‍ ഗ്രാമപ്പഞ്ചായത്തംഗമായ യൂസഫ് പറഞ്ഞു. 

പന്നിയങ്കര ടോള്‍ കേന്ദ്രത്തിലെത്തി വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പണം തിരികെ നല്‍കാമെന്ന് കരാര്‍ കമ്പനി അറിയിച്ചു. മണ്ണൂര്‍ സ്വദേശി ഫൈസല്‍, അമ്പാട്ടുപറമ്പ് നൗഷാദ്, തോണിപ്പാടം ബദറുദ്ദീന്‍ തുടങ്ങിയവര്‍ക്കും വാഹനം ടോള്‍ കേന്ദ്രം കടക്കാത്ത സമയങ്ങളില്‍ പണം നഷ്ടപ്പെട്ടു. 

പണം ഈടാക്കിയതായി മൊബൈലില്‍ വരുന്ന സന്ദേശം പലരും ശ്രദ്ധിക്കാത്തതിനാല്‍ അറിയാതെ പോകുന്ന സ്ഥിതിയുമുണ്ട്. സംഭവം കണ്ടെത്തി പരാതി അറിയിക്കുമ്പോള്‍ മാത്രമാണ് പണം തിരികെ ലഭിക്കുന്നത്. മറ്റു ജില്ലകളിലോ സംസ്ഥാനങ്ങളിലോ ഉള്ളവരാണെങ്കില്‍ പരാതി നല്‍കാനും സാധ്യത കുറവാണ്.

1033 എന്ന നമ്പറില്‍ വിളിക്കാം

സാങ്കേതിക തകരാര്‍ മൂലമാകാം വാഹനം കടക്കാത്തപ്പോഴും പണം നഷ്ടപ്പെടുന്നത്. വാഹനം കടന്നു പോകാത്ത അവസരങ്ങളില്‍ ഫാസ്റ്റാഗില്‍ നിന്ന് പണം നഷ്ടമായാല്‍ 1033 എന്ന നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാം. പരാതി പരിശോധിച്ച ശേഷം പണം തിരികെ നല്‍കും -ടോള്‍ കമ്പനി അധികൃതര്‍

Content Highlights: Fastag users report money deducted even when not using Panniyankara toll plaza