E20 പെട്രോളിന്റെ ഗുണിനിലവാരം അറിയാൻ ഉപകരണം വേണം; കേന്ദ്ര സർക്കാരിനോട് പമ്പുടമകൾ

#Auto Desk
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

മുംബൈ: ഇ-20 പെട്രോളിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗരേഖയും പരിശോധിക്കാൻ ഉപകരണങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പെട്രോൾ പമ്പുടമകൾ പെട്രോളിയം മന്ത്രാലയത്തിനു കത്തയച്ചു.

മായം ചേർത്ത പെട്രോൾ വിൽക്കുന്നതിനെതിരേ കർശനനടപടി വേണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയ പശ്ചാത്തലത്തിലാണിത്. എഥനോൾ പെട്രോളിൽ ചേർക്കുമ്പോൾ ചെറിയ അളവിൽപോലും ഈർപ്പം കലർന്നാൽ വലിയ അളവിൽ ഇന്ധനം ഉപയോഗശൂന്യമാകും. ഇത് പമ്പുടമകൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എണ്ണ ശേഖരിക്കുന്ന സംവിധാനത്തിലോ വിതരണത്തിലോ ചെറിയ പ്രശ്‌നങ്ങളുണ്ടായാൽപോലും ഇതു സംഭവിക്കാം. ഈ സാഹചര്യത്തിൽ പൊതുവായ പ്രവർത്തന മാർഗനിർദേശങ്ങളും ഇന്ധനത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളും ലഭ്യമാക്കണമെന്നാണ് ആവശ്യം.

ഇ-20 പെട്രോളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായ നിൽക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം. അതേസമയം, ഇ20-പെട്രോളിനെ അനുകൂലിക്കുന്ന നിലപാടാണ് വാഹന നിർമാതാക്കൾ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യൻ സാഹചര്യങ്ങളിൽ വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർന്ന ഇന്ധനം സുരക്ഷിതമാണെന്നായിരുന്നു വാഹന നിർമാതാക്കൾ മുമ്പ് പറഞ്ഞത്.

മാരുതി സുസുക്കി, ടൊയോട്ട കിർലോസ്‌കർ, ഹ്യൂണ്ടായ്, ഹീറോ മോട്ടോകോർപ്, ടി.വി.എസ്. മോട്ടോർ, ബജാജ് ഓട്ടോ എന്നീ കമ്പനികളെല്ലാം ഇ 20-യെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. 20 ശതമാനത്തിൽ കൂടുതൽ എഥനോൾ ചേർക്കുന്നത് ഘട്ടംഘട്ടമായിമാത്രമേ നടപ്പാക്കാവൂ എന്നും ഏതാനും കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

Content Highlights: Petrol pump owners demand standard operating procedures for E20 fuel., Concerns raised regarding moisture contamination leading to fuel spoilage., Request for specialized testing equipment to ensure quality compliance., Automakers like Maruti Suzuki and Hyundai support E20 fuel standards., Industry push for phased implementation of higher ethanol blending.