'പശ്ചിമേഷ്യ സംഘർഷത്തിനിടെ ഇന്ധനവില പിടിച്ചുനിർത്തിയത് E20'; ന്യായീകരിച്ച് കേന്ദ്രം

ഒരു വിഭാഗം ഉപയോക്താക്കളിൽനിന്ന് വിമർശനം ഉയരുന്നതിനിടെ പെട്രോളിൽ എഥനോൾ കലർത്തുന്നതിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്ത്. പെട്രോളിൽ എഥനോൾ കലർത്താതിരുന്നുവെങ്കിൽ ന്യൂഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 125 രൂപയായി ഉയരുമായിരുന്നെന്ന് മന്ത്രാലയം അവകാശപ്പെടുന്നു. എഥനോൾ കലർത്തുന്നത് കാരണം രാജ്യതലസ്ഥാനത്തെ ഉപയോക്താക്കൾക്ക് ലിറ്ററിന് 94.77 രൂപയേ നൽകേണ്ടി വരുന്നുള്ളൂ. ഒരോ ലിറ്റർ ഇന്ധനത്തിലും 20 ശതമാനം എഥനോൾ ഉള്ളതുകൊണ്ടാണ് ഈ വിലയ്ക്ക് നൽകാൻ സാധിക്കുന്നതെന്നും മന്ത്രാലയം അവകാശപ്പെട്ടതായി ന്യൂസ്18 റിപ്പോർട്ടു ചെയ്തു.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചപ്പോൾ റീട്ടെയിൽ ഇന്ധന വില താഴ്ത്തി നിർത്താൻ E20 പെട്രോൾ സഹായിച്ചു. ഉപയോക്താക്കൾക്ക് ഒരു ലിറ്റർ പെട്രോളിന്റെ വിലയിൽ 30 രൂപ ലാഭിക്കാനും E20 സഹായിച്ചെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഭക്ഷ്യധാന്യങ്ങൾ എഥനോൾ ഉത്പാദനത്തിനായി ഉപയോഗിക്കുന്നു എന്ന ആരോപണം മന്ത്രാലയം തള്ളി.
ഫെബ്രുവരി 28-ന് പശ്ചിമേഷ്യൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏകദേശം 75 ദിവസത്തോളം റീട്ടെയിൽ ഇന്ധന വിലയിൽ മാറ്റമുണ്ടായില്ല. ലോക വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നിട്ടും സർക്കാർ പെട്രോൾ, ഡീസൽ വില സ്ഥിരമായി നിലനിർത്തി. മാർച്ചിൽ വില 7.5 രൂപ വർധിപ്പിച്ചു. നിലവിൽ ഡൽഹിയിൽ E20 (91-ഒക്ടേൻ) പെട്രോളിന് ഒരു ലിറ്ററിന് 102.12 രൂപയാണ് വില. അതേസമയം 100-ഒക്ടേൻ പെട്രോളിന് 169 രൂപയാണ് വിലയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
E20 പെട്രോൾ ഉപയോഗംമൂലം പഴയ BS-III വാഹനങ്ങളിലെ ചില റബ്ബർ ഭാഗങ്ങൾ മാറ്റേണ്ടി വന്നേക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. E20 പെട്രോൾ എഞ്ചിനുകൾക്ക് കേടുവരുത്തില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
രേഖാമൂലം നൽകിയ മറുപടിയിൽ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) എന്നിവ സംയുക്തമായി നടത്തിയ പഠനത്തിൽ E20 മൈലേജ് കുറച്ചേക്കാമെന്ന് കണ്ടെത്തിയതായി ഗഡ്കരി പറഞ്ഞതായും ന്യൂസ് 18-ന്റെ റിപ്പോർട്ടിൽ പറയുന്നു. പിന്നാലെയാണ് E20 പെട്രോളിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം വീണ്ടും രംഗത്തെത്തിയിട്ടുള്ളത്.
Content Highlights: E20 petrol prevented petrol prices from reaching Rs 125/litre in Delhi., Ethanol blending saved consumers approximately Rs 30 per litre., E20 fuel can cause a 2% to 6% reduction in vehicle mileage., Older BS-III vehicles may require rubber part replacements for E20 compatibility., Government confirms no diversion of foodgrain meant for the poor for ethanol production.