പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ ഗെറ്റ് ഔട്ട് അടിക്കാന്‍ ഡല്‍ഹി; ഇനി ഇവി-സിഎന്‍ജി ടാക്‌സികള്‍ മാത്രം

രാജ്യതലസ്ഥാനമായ ഡല്‍ഹി നേരിടുന്ന സുപ്രധാന പ്രശ്‌നമാണ് അന്തരീക്ഷ മലിനീകരണം. ഇത് പരിഹരിക്കുന്നതിനായി നിരവധി നീക്കങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. ഇതില്‍ തന്നെ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികളാണ് ഏറെയും. പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നാലെ പെട്രോള്‍-ഡീസല്‍ ടാക്‌സികള്‍ നിരോധിക്കാനുള്ള നിര്‍ദേശമാണ് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്.
2026 ജനുവരി ഒന്നിന് ശേഷം ഡല്‍ഹിയില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ ക്യാബ് കമ്പനികളുടെ വാഹന വ്യൂഹത്തില്‍ ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, ഗുഡ്‌സ് കാരിയറുകള്‍, ഡെലിവറികള്‍ക്കും മറ്റും ഉപയോഗിക്കുന്ന ചെറുവാഹനങ്ങള്‍ എന്നിവയ്ക്കും ഈ നിര്‍ദേശം ബാധകമാണെന്നാണ് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ (സിഎക്യുഎം) അറിയിച്ചിരിക്കുന്നത്. ഇതുവഴി അന്തരീക്ഷ മലിനീകരണം ഒരുപരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ സമയം ഓടുന്നതിലൂടെയും കൃത്യമായ പരിപാലനത്തിന്റെ അഭാവം മൂലവും സ്വകാര്യ വാഹനങ്ങളെക്കാള്‍ ഉയര്‍ന്ന മലിനീകരണമാണ് വാണിജ്യ വാഹനങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് സിഎക്യുഎം വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ടാക്‌സി ക്യാബുകള്‍ ഉള്‍പ്പെടെ വാണിജ്യ ആവശ്യത്തിനായി ഓടുന്നതിനായി സിഎന്‍ജി അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും 2026 ജനുവരി ഒന്ന് മുതല്‍ അനുമതി നല്‍കുകയെന്നാണ് അറിയിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തുന്നതിന് സമാനമായ നിയന്ത്രണങ്ങള്‍ അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഏര്‍പ്പെടുത്തിയേക്കുമെന്നാണ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനും കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ഒഴിവാക്കുന്നതിനുമായി 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കുന്ന നടപടികളും ഡല്‍ഹിയില്‍ ആരംഭിച്ചിട്ടുണ്ട്.
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ച മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതി അനുസരിച്ച് നവംബര്‍ ഒന്ന് മുതല്‍ ഇലക്ട്രിക്, സിഎന്‍ജി, ബിഎസ്6 എന്നീ വാണിജ്യ വാഹനങ്ങള്‍ മാത്രമായിരിക്കും നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ കണ്ടെത്താനും തിരിച്ചറിയാനും സംസ്ഥാന അതിര്‍ത്തികളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Content Highlights: Delhi`s Air Quality Management Commission bans petrol and diesel taxis from 2026 to curb pollution