ഓടുന്ന വാഹനങ്ങളുടെ ഡോർ വലിച്ചു തുറക്കും, ബൈക്കുമായി നടുറോഡിൽ അഭ്യാസം; പ്രതിയെ പൊക്കി പോലീസ്| VIDEO

#Auto Desk
photo:delhi.police_official/ instagram
photo:delhi.police_official/ instagram

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡോർ തുറക്കുന്ന ബൈക്ക് യാത്രികനായ യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ തിരഞ്ഞുപിടിച്ച് അറസ്റ്റുചെയ്തിരിക്കുകയാണ് ഡൽഹി പോലീസ്.

മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കിയതിന് മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അറസ്റ്റിലായ പ്രതിയുടെ വീഡിയോയും പോലീസ് പങ്കുവെച്ചു.വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, ന്യൂ ഉസ്മാൻപുർ പോലീസ് ശക്തമയ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വീഡിയോയ്ക്കൊപ്പം കുറിച്ചു.

സോഷ്യൽ മീഡിയ കണ്ടന്റ് സൃഷ്ടിക്കുന്നതിനായിട്ടായിരുന്നു നടുറേ‍ാഡിൽ അപകടകരമാംവിധം യുവാവിന്റെ അഭ്യാസം. ഓടുന്ന ബസിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തുള്ള ഡോറുകൾ ബൈക്കിലെത്തിയ യുവാവ് വലിച്ചുതുറക്കുന്നത് ഡൽഹി പോലീസ് പങ്കുവെച്ച വീഡിയോയിൽ കാണാം. ബസിന് മുന്നിൽ ബൈക്ക് നിർത്തി അഭ്യാസം കാണിക്കുന്നുമുണ്ട്. റോഡിലെ മറ്റ് വാഹനങ്ങളുടെ ഡോറും ഇയാൾ സമാന രീതിയിൽ തുറക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അതേസമയം, യുവാവ് സഞ്ചരിച്ച ബൈക്കിന് നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല. ഇത് തുടക്കത്തിൽ പോലീസിനെ ഏറെ കുഴക്കി. തുടർന്ന് ഇയാളെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ബൈക്ക് യാത്രികനെ തിരിച്ചറിയുന്നതിനായി വൈറലായ വീഡിയോയുടെ ഓരോ ഫ്രെയിമും വിശദമായി നിരീക്ഷിക്കുകയും ചെയ്തു.

അന്വേഷണത്തിനൊടുവിൽ പ്രതിയായ യുവാവിനെയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെത്തി. മുൻപും ഇയാൾ സമാനമായ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Content Highlights: Delhi Police arrests stunt biker seen yanking doors of moving vehicles in viral videos. Booked under MV Act for endangering public safety. Learn more about the crackdown.