റോഡ് ബസ്സുകൾക്ക് മാത്രം? ഫോട്ടോയും വീഡിയോയും അയച്ചിട്ടും അനങ്ങാതെ പോലീസും എംവിഡിയും

തലയോലപ്പറമ്പ്: അമിതവേഗം, യാത്രക്കാരോട് മോശം പെരുമാറ്റം, മറ്റു വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തല്‍... കോട്ടയം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്കെതിരേ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന പരാതികള്‍ ഏറെയാണ്. നിരവധി പരാതികള്‍ വീഡിയോയായും ഫോട്ടോയായും നല്‍കിയിട്ടും, പോലീസോ മോട്ടോര്‍വാഹന വകുപ്പോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
പഞ്ചായത്തംഗത്തിനും രക്ഷയില്ല
കോട്ടയം-എറണാകുളം റൂട്ടിലെ സ്വകാര്യബസുകള്‍ക്കെതിരേ അവസാനം തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത് വെള്ളൂര്‍ പഞ്ചായത്തംഗം കെ.എസ്. സച്ചിനാണ്. വ്യാഴാഴ്ച രാവിലെ 7.30-ന് തലയോലപ്പറമ്പ് മാര്‍ക്കറ്റ് ജങ്ഷന് സമീപമാണ് പരാതിക്കാധാരമായ സംഭവം നടത്തുന്നത്. ബൈക്കില്‍ ഇടതുവശം ചേര്‍ന്ന് സച്ചിന്‍ വരുകയായിരുന്നു.
ബസ് തെറ്റായ ദിശയില്‍ വേഗത്തില്‍ പാഞ്ഞെത്തി. ബസിന്റെ വരവുകണ്ട് സച്ചിന്‍ ബൈക്ക് നിര്‍ത്തി. ബൈക്കിനുസമീപം എത്തിയപ്പോള്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. സച്ചിന്റെ പരാതിയില്‍ കേസെടുക്കുമെന്ന് തലയോലപ്പറമ്പ് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി, ഗതാഗതവകുപ്പ് മന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് സച്ചിന്‍ പറഞ്ഞു.
അപകടം പതിവ്
കോട്ടയം-എറണാകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ബസുകളെല്ലാം അമിതവേഗത്തിലാണ് പായുന്നത്. സ്പീഡ് ഗവര്‍ണറുകള്‍, വാഹനങ്ങള്‍ വാര്‍ഷിക പരിശോധനയ്ക്ക് എത്തിക്കുമ്പോള്‍ മാത്രം ഘടിപ്പിക്കുകയും പിന്നീട് അഴിച്ചുമാറ്റുകയുമാണ് ചെയ്യുന്നത്. ചെറുതും വലുതുമായ നിരവധി അപകടങ്ങളും സ്ഥിരമായി ഉണ്ടാകാറുണ്ട്.
എതിര്‍ദിശയില്‍നിന്ന് കാറുകളടക്കമുള്ള ചെറുവാഹനങ്ങള്‍ വന്നാലും ഇതൊന്നും ശ്രദ്ധിക്കാതെ, സമാന്തരമായി പോകുന്ന വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്താണ് ബസുകള്‍ മുന്നോട്ട് പായുന്നത്. റോഡരികിലേക്ക് ഇറക്കിനിര്‍ത്തിയാണ് ചെറുവാഹനങ്ങളിലുള്ളവര്‍ രക്ഷപ്പെടുന്നത്. സംഭവം ചോദ്യംചെയ്താല്‍ ജീവനക്കാര്‍ അസഭ്യവും ഭീഷണിയുമാണ് നടത്തുന്നത്.
2024 ജൂലായില്‍ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജങ്ഷനില്‍ അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 41 പേര്‍ക്ക് പരിക്കേറ്റ സംഭവം ഉണ്ടായി. തുടര്‍ന്ന് പോലീസും മോട്ടോര്‍വാഹനവകുപ്പും പരിശോധന കര്‍ശനമാക്കുകയും, ബസുകളുടെ മരണപ്പാച്ചില്‍ ഒഴിവാകുകയും ചെയ്തിരുന്നു. പക്ഷേ, പിന്നീടെല്ലാം നിലച്ചു.
Content Highlights: Complaints rise against private buses on Kottayam-Ernakulam route for reckless driving, harassment