വെറും രണ്ട് മണിക്കൂറിൽ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലെത്തും, അതും റോഡിലൂടെ; ഉറപ്പുമായി ഗഡ്കരി

#Auto Desk
മന്ത്രി നിതിന്‍ ഗഡ്കരി, എക്‌സ്പ്രസ് ഹൈവേ | Photo: Facebook/Nitin Gadkari, ANI
മന്ത്രി നിതിന്‍ ഗഡ്കരി, എക്‌സ്പ്രസ് ഹൈവേ | Photo: Facebook/Nitin Gadkari, ANI

ഗതാഗത സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് രാജ്യത്തുടനീളം നടക്കുന്നത്. ഇതിൽ തന്നെ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള എക്‌സ്പ്രസ് ഹൈവേകളുടെ നിർമാണമാണ് പ്രധാനം. ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ, ഡൽഹി-മീററ്റ് എക്‌സ്പ്രസ് വേ, ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ തുടങ്ങിയവയെല്ലാം ഇന്ത്യയിൽ സമീപകാലത്ത് പൂർത്തിയായ റോഡുകളാണ്. ഈ പട്ടികയിലേക്ക് ഇടംപിടിക്കാനൊരുങ്ങുകയാണ് ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയും.

ഈ റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്ര സമയത്തിൽ വലിയ കുറവുണ്ടാകുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അവകാശപ്പെടുന്നത്. 2026-ന്റെ അവസാനത്തോടെ ഈ എക്‌സ്പ്രസ് വേയുടെ നിർമാണം പൂർത്തിയാകുമെന്നാണ് അദ്ദേഹം ഉറപ്പ് നൽകുന്നത്. ഈ പാത പ്രവർത്തനക്ഷമമാകുന്നതോടെ ഇരു നഗരങ്ങൾക്കിടയിലുള്ള യാത്ര സമയം രണ്ട് മണിക്കൂറായി കുറയുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ ദൈർഘ്യം 260 കിലോമീറ്ററാണ്. ഇതിനോടകം തന്നെ ഭാഗീകമായി ഈ പാത പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഈ വർഷം അവസാനത്തടെ ഇതിന്റെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്ന് കൊടുക്കാൻ സാധിക്കും. പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ കേവലം രണ്ട് മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് റോഡ് മാർഗം എത്തിച്ചേരാൻ സാധിക്കുമെന്നാണ് മന്ത്രി ഗഡ്കരി അറിയിച്ചിരിക്കുന്നത്.

2024-ഓടെ ഈ പദ്ധതി പൂർത്തിയാക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ചില സാമ്പത്തിക പ്രതിസന്ധികളും സ്ഥലമേറ്റെടുക്കുന്നതിലുണ്ടായ തടസ്സങ്ങളും മൂലമാണ് നിർമാണത്തിൽ കാലതാമസമുണ്ടായത്. കർണാടക, ആന്ധ്രപ്രദേശം, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് ഈ എക്‌സ്പ്രസ് ഹൈവേ കടന്നുപോകുന്നത്. ഇതിൽ 72 കിലോമീറ്റർ ദൂരം വരുന്ന കർണാടകയുടെ ഭാഗം കഴിഞ്ഞ ഒരു വർഷം മുമ്പുതന്നെ നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ 85 കിലോമീറ്ററും തമിഴ്‌നാട്ടിലെ 106 കിലോമീറ്ററും ഉൾപ്പെടുന്ന മറ്റ് രണ്ട് ഭാഗങ്ങളും പൂർത്തീകരണത്തോട് അടുക്കുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ബെംഗളൂരുവിൽ നിന്ന് ചെന്നൈ വരെ റോഡ് മാർഗം എത്തിച്ചേരുന്നതിന് ആറ് മണിക്കൂറാണ് എടുക്കുന്നത്. ഇതാണ് രണ്ട് മണിക്കൂറായി കുറയുന്നത്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിൽ കരാറുകാർക്ക് ഉണ്ടായ സാമ്പത്തിക പരാധീനത മൂലം നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു.

Content Highlights: Travel time between Bengaluru and Chennai will be reduced from six hours to two., The 260 km expressway is scheduled for completion by the end of 2026., The route passes through three states: Karnataka, Andhra Pradesh, and Tamil Nadu.