'അവര്‍ എത്ര വിളിക്കുന്നോ അതിന്റെ ഇരട്ടി', KL 07 DG 0007 നമ്പര്‍ ലേലത്തില്‍ പോയത് 45 ലക്ഷത്തിന്

കൊച്ചി: ആഗ്രഹിച്ച് സ്വന്തമാക്കുന്ന വാഹനങ്ങള്‍ക്ക് ഇഷ്ടനമ്പറോ ഭാഗ്യനമ്പറോ സ്വന്തമാക്കുന്നതിനായി ലക്ഷങ്ങള്‍ മുടക്കുന്ന ആളുകളെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇത് കോടികള്‍ കടക്കാറുണ്ട്. ഇത്തരത്തില്‍ വാശിയേറിയ ലേലമാണ് കൊച്ചിയിലെ ഒരു നമ്പറിനായി നടന്നിരിക്കുന്നത്. എറണാകുളം ആര്‍ടി ഓഫീസിന് കീഴില്‍ വരുന്ന KL 07 DG 0007 എന്ന നമ്പറിനായുള്ള ലേലം വിളി ആയിരങ്ങളും ലക്ഷങ്ങളും കടന്നിരിക്കുകയാണ്.
25,000 രൂപ അഡ്വാന്‍സ് തുക നല്‍കി ബുക്കുചെയ്യുന്ന ഈ നമ്പര്‍ സ്വന്തമാക്കാന്‍ അഞ്ചുപേരാണ് മത്സരിച്ച് ഇറങ്ങിയത്. കനത്ത ലേലം വിളിക്കൊടുവില്‍ 45 ലക്ഷം രൂപയ്ക്കാണ് KL 07 DG 0007 എന്ന ഫാന്‍സി നമ്പര്‍ ലേലത്തില്‍ പോയിരിക്കുന്നത്. ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് ഈ നമ്പര്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഏത് വാഹനത്തിലാണ് ഈ നമ്പര്‍ പതിപ്പിക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് ലേലം നടന്ന മറ്റൊരു നമ്പര്‍ KL 07 DG 0001 ആയിരുന്നു. ഒരുലക്ഷം രൂപ അഡ്വാന്‍സ് തുക നല്‍കി നാലുപേരാണ് ഈ നമ്പര്‍ ബുക്കുചെയ്തത്. ഇതേതുടര്‍ന്ന് ലേലത്തിലേക്ക് പോയ ഈ നമ്പര്‍ 25 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയതെന്നാണ് റിപ്പോര്‍ട്ട്. പിറവം സ്വദേശിയായ തോംസണ്‍ എന്നയാളുടെ വാഹനത്തിന് നല്‍കുന്നതിനായാണ് എറണാകുളം DG സീരീസിലെ ഒന്നാം നമ്പര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഏത് മോഡല്‍ വാഹനമാണെന്നതിന്റെ സുചനകള്‍ ലഭിച്ചിട്ടില്ല.
Content Highlights: A fancy number plate KL 07 DG 0007 fetched a whopping rupees 45 lakh in a Kochi auction