ഒരേസമയം നിരയായി ഒഴുകിനീങ്ങി 71 ലംബോര്‍ഗിനികള്‍, അത്ഭുതംകൂറി വഴിയാത്രക്കാര്‍ | VIRAL VIDEO

Screengrab : Instagram Video
Screengrab : Instagram Video

ലംബോര്‍ഗിനിയാകട്ടെ അല്ലെങ്കില്‍ ഫെരാരിയാകട്ടെ, ഒരു ആഡംബരകാര്‍ നിരത്തിലിറങ്ങിയാല്‍ അതിനെ നിമിഷനേരത്തേക്കെങ്കിലും നോക്കാതിരിക്കാന്‍ ഭൂരിഭാഗം പേര്‍ക്കും സാധ്യമല്ല. അങ്ങനെയുള്ളപ്പോള്‍ 71 ലംബോര്‍ഗിനികള്‍ നിരയായി റോഡിലൂടെ നീങ്ങുന്ന സാഹചര്യമൊന്ന് സങ്കല്‍പിച്ച് നോക്കൂ. മസൂറിയുടെ മനോഹരമായ മലനിരകള്‍ക്കിടയിലൂടെ നീങ്ങുന്ന വിവിധവര്‍ണങ്ങളിലുള്ള ലംബോര്‍ഗിനി കാറുകളുടെ ഒരു വീഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. 

മാധ്യമപ്രവര്‍ത്തകനായ സിരീഷ് ചന്ദ്രനാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വാഹനത്തിരക്കേറിയ റോഡിലാണ് ലംബോര്‍ഗിനികളുടെ യാത്ര. ഒഴുകി നീങ്ങുന്ന ആഡംബരകാറുകളുടെ ദൃശ്യം റോഡിലെ മറ്റ് യാത്രക്കാരെ അമ്പരപ്പിച്ചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വീതികുറഞ്ഞ റോഡുകളില്‍ വാഹനങ്ങള്‍ വശത്തേക്ക് നിര്‍ത്തി നിരവധി യാത്രക്കാര്‍ റോഡിന്റെ വശങ്ങളില്‍ നിന്ന് ആ കാഴ്ച ആസ്വദിക്കുകയും മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്. 

2024 ലെ ലംബോര്‍ഗിനി ഗിരോയുടെ ഭാഗമായാണ് ഈ ആഡംബരവാഹനവ്യൂഹം നിരത്തിലിറങ്ങിയത്. വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന നിറവും വാഹനങ്ങളുടെ കിടിലന്‍ ശബ്ദവും എല്ലാ വഴിയാത്രക്കാരുടേയും ശ്രദ്ധയാകര്‍ഷിച്ചു. 

 
 

Content Highlights: 71 Lamborghinis bring Mussoorie to a standstill Viral video