വാഹനങ്ങളില്‍ കൂടുതൽ മലിനീകരണമുണ്ടാക്കുന്ന വില്ലൻ പുകക്കുഴലോ അതോ ടയറോ...?

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിലെ പ്രധാന കാരണമായി പറയുന്നത് വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയും ഇതേതുടര്‍ന്നുള്ള മലിനീകരണവുമാണ്. എന്നാല്‍, വാഹനങ്ങളുടെ എക്‌സ്‌ഹോസ്റ്റില്‍ നിന്നുണ്ടാകുന്ന മലിനീകരണത്തെക്കാള്‍ 16 ഇരട്ടി മലിനീകരണമാണ് ടയറുകള്‍ ഉണ്ടാക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന ഡാറ്റ സ്‌പെഷ്യലിസ്റ്റായ എമിഷന്‍സ് അനലറ്റിക്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

വാഹനങ്ങളുടെ പുക കുഴലില്‍ നിന്ന് പുറന്തള്ളുന്ന വാതകങ്ങള്‍ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നവയാണ്. എന്നാല്‍, ടയറുകളില്‍ നിന്ന് പുറന്തള്ളുന്ന കണങ്ങള്‍ ജലങ്ങളിലോ മണ്ണിലോ പതിക്കുന്നത് മൂലമാണ് മലിനീകരണമുണ്ടാകുന്നതെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. അതുകൊണ്ടുതന്നെ വാഹനങ്ങളിലെ പുക അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്നതിനെക്കാള്‍ 16 ഇരട്ടി മലിനീകരണമാണ് ടയറിലെ കണികകള്‍ മറ്റ് പ്രതലങ്ങളില്‍ തീര്‍ക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

ഒരു ടയര്‍ പൂര്‍ണമായും ഉപയോഗിച്ച് തീരുന്ന കാലഘട്ടത്തില്‍, വാഹനത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന പുകയെക്കാള്‍ 1850 മടങ്ങ് മലിനീകരണമുണ്ടാക്കുന്ന കണികകള്‍ ടയറുകളില്‍ നിന്ന് അന്തരീക്ഷത്തിലെത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഒരേ പോലെയുള്ള നാല് ടയറുകള്‍ കാറില്‍ ഇട്ട ശേഷം ഇത് 1000 മൈല്‍ ഓടിച്ചതില്‍ നിന്നുണ്ടായ തേയ്മാനവും വിവിധ ഡ്രൈവിങ്ങ് ശൈലിയില്‍ ഉപയോഗിച്ച 100 കണക്കിന് ടയറുകളുടെ സാമ്പിളിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം നടത്തിയിട്ടുള്ളത്. 

പുതുതലമുറ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുകയില്‍ നിന്നുള്ള മലിനീകരണം താരതമ്യേന കുറവാണ്. അതേസമയം, വാഹനത്തിന്റെ ഭാരവും ഡ്രൈവിങ്ങ് ശൈലിയുടേയും അടിസ്ഥാനത്തിലാണ് ടയറുകളില്‍ നിന്നുള്ള മലിനീകരണം കൂടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഹനത്തിന്റെ പുക കുഴലില്‍ നിന്നുള്ള മലിനീകരണം കുറഞ്ഞു വരികയാണ്. എന്നാല്‍, വാഹനത്തിന്റെയും ടയറുകളുടെയും വലിപ്പവും ഡ്രൈവിങ്ങ് രീതിയും അനുസരിച്ച് ടയറുകളില്‍ നിന്നുള്ള മലിനീകരണം വര്‍ധിക്കുകയാണ്. 

മലനീകരണം കുറയ്ക്കുന്നതിനായാണ് ലോകമെമ്പാടും ഇലക്ട്രിക് വാഹനത്തിലേക്ക് മാറാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നത്. ടെയ്ല്‍പൈപ്പില്‍ നിന്നുള്ള മലിനീകരണം ഇല്ലാതാകുന്നതോടെ ബാറ്ററി ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണത്തിലൂടെ മറ്റ് മലിനീകരണമുണ്ടാകുമെന്ന ആശങ്കയും ഒരുവശത്തുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ടയറുകളില്‍ നിന്നുള്ള മലിനീകരണ തോത് ഇപ്പോഴും വ്യക്തമല്ല. റെഗുലര്‍ എന്‍ജിന്‍ കാറുകളെക്കാള്‍ ഭാരം കൂടിയവയാണ് ഇലക്ട്രിക് വാഹനങ്ങള്‍ എന്നത് കൊണ്ട് ഇത് ഉയരാനും സാധ്യതയേറെയാണ്.

മാന്യമായ ഡ്രൈവിങ്ങിലൂടെയും റീജനറേറ്റീവ് ബ്രേക്കിങ്ങ് സംവിധാനം ഉപയോഗപ്പെടുത്തിയും ഇലക്ട്രിക് വാഹനത്തിന്റെ അധിക ഭാരം ഉണ്ടാക്കിയേക്കാവുന്ന ടയര്‍ എമിഷന്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും വിലയിരുത്തലുകളുണ്ട്. ടയര്‍ മാലിന്യത്തിന്റെ തോതും ഡ്രൈവിങ്ങ് ശൈലിയും പരസ്പരം ബന്ധപ്പെട്ടിട്ടുള്ളവയാണ്. സാധാരണ ഗതിയിലുള്ള ഡ്രൈവിങ്ങിനെക്കാള്‍ 100 ഇരട്ടി ടയര്‍ തേയ്മാനമാണ് അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ ഉണ്ടാകുന്നതെന്നാണ് വിലയിരുത്തലുകള്‍. 

ടയറുകളില്‍ നിന്നുള്ള മലിനീകരണങ്ങള്‍ മനുഷ്യരെ നേരിട്ട് ബാധിക്കുന്നവയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിലെ സൂഷ്മ കണങ്ങള്‍ അതിവേഗം മനുഷ്യരുടെ ശ്വാസകോശത്തിലേക്കും രക്തക്കു ഴലുകളിലേക്കും പ്രവേശിക്കുകയും അതുവഴി തലച്ചോറില്‍ ഉള്‍പ്പെടെ എത്തുകയും ചെയ്‌തേക്കും. ഇ.ക്യു.യു.എ. ടയര്‍ ഡാറ്റ അനുസരിച്ച് ചില ടയറുകളില്‍ സാധാരണ ടയറുകളെക്കാള്‍ മൂന്നിരട്ടി വിഷാംശമുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം പദാര്‍ഥങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും ഇത് കുറയ്ക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.

Source: Autoweek 

Content Highlights: Vehicle tyres make more pollution than smoke emission, Tailpipe, Vehicle Tyre, Pollution