മുഖത്ത് കാറ്റടിക്കുമ്പോള്‍ ഇപ്പോഴും പഴയ പതിനാറുകാരി; സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കറങ്ങി 87-കാരി

87-കാരി മന്ദാകിനിയും സഹോദരിയും സ്‌കൂട്ടര്‍ യാത്രയില്‍ | Photo: Instagram/officialhumansofbombay
87-കാരി മന്ദാകിനിയും സഹോദരിയും സ്‌കൂട്ടര്‍ യാത്രയില്‍ | Photo: Instagram/officialhumansofbombay

പ്രായം വെറും അക്കങ്ങള്‍ മാത്രമാണ്, സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവുമധികം കേട്ട് തഴമ്പിച്ച ഒരു വാചകമാണിത്. വയോധികരായ ആളുകള്‍ അല്‍പ്പം സ്റ്റൈലിഷായി വസ്ത്രം ധരിക്കുകയോ എന്തെങ്കിലും സാഹസികതയില്‍ ഏര്‍പ്പെടുകയോ ചെയ്യുമ്പോഴാണ് ഈ പ്രയോഗം സാധാരണ ഗതിയില്‍ കേള്‍ക്കുന്നത്. എന്നാല്‍, ഈ ഒരു വിശേഷണം ഏറ്റവുമധികം ചേരുന്ന ഒരു 87-കാരിയായ സ്ത്രീയുണ്ട്. അഹമ്മദാബാദ് സ്വദേശിനിയായ മന്ദാകിനി ഷാ.

എന്തുകൊണ്ടാണ് മന്ദാകിനിക്ക് ഈ വിശേഷണം ചേരുന്നതെന്ന് നോക്കാം. ഈ 87-ാം വയസിലും തന്റെ ഇളയ സഹോദരിയേയും കൂട്ടി സ്‌കൂട്ടറില്‍ കറങ്ങുകയും ആകുന്നത് പോലെ സാഹസിക യാത്ര നടത്തുകയും ചെയ്യുന്നതിലൂടെയാണ് ഈ വയോധിക പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുന്നത്. താന്‍ നടത്തുന്ന യാത്രകളെ കുറിച്ചും തന്റെ ഇഷ്ടങ്ങളെ കുറിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പും വീഡിയോയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അഞ്ച് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമുള്ള കുടുംബത്തില്‍ മൂത്ത മകളായിരുന്നു മന്ദാകിനി. പിതാവ് സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നത് കൊണ്ടുതന്നെ ചെറുപ്രായത്തില്‍ തന്നെ നിരവധി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നിരുന്നുവെന്നാണ് മന്ദാകിനി പറയുന്നത്. സ്വാതന്ത്ര്യ ലഭിച്ചതിന് ശേഷം ഒരു വ്യവസായം തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ദാരിദ്ര്യം എല്ലാക്കാലത്തും ഒരു വില്ലനായിരുന്നു. പണത്തിനായി കഷ്ടപ്പെടുന്ന അമ്മയെ കണ്ടാണ് സ്വന്തം കാലില്‍ നില്‍ക്കണമെന്ന തീരുമാനമെടുക്കുന്നതെന്നാണ് മന്ദാകിനി കുറിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

കോളേജില്‍ പോയി പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്നങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞുടന്‍ തന്നെ മോണ്ടിസോറി ടീച്ചറായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതയായി. പിന്നീട് സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പഞ്ചായത്ത് ചര്‍ച്ചകളില്‍ പങ്കെടുക്കുക, സ്ത്രീകളെ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായുള്ള യാത്രകളിലാണ് ഞാന്‍ ഒരു മോപ്പഡ് ഓടിക്കാന്‍ പഠിക്കുന്നത്. പിന്നീട് ജീപ്പ് ഓടിക്കാന്‍ പഠിച്ചു, വൈകാതെ തന്നെ ഞാന്‍ സ്വന്തമായി ഒരു സ്‌കൂട്ടര്‍ വാങ്ങിയെന്നും മന്ദാകിനി പറയുന്നു.

ഒരു സ്ത്രീ വിവാഹം കഴിക്കാതെ ജീവിക്കുകയെന്നത് നമ്മുടെ ചുറ്റിലുമുള്ള ആളുകളെ സംബന്ധിച്ച പൂര്‍ത്തിയാകാത്ത ഒരു കഥ പോലെയാണ്. അതുകൊണ്ടുതന്നെ വിവാഹത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങളും വിധവയാണോയെന്ന് വരെയുള്ള സംശയങ്ങളും എനിക്ക് നേരെ നീണ്ടിരുന്നു. ഒടുവില്‍ വിവാഹം കഴിക്കാമെന്ന് ഞാന്‍ തീരുമാനിച്ചെങ്കിലും വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ആ തീരുമാനത്തിനൊപ്പം ഒഴുകുകയാണ് ഞാന്‍ ഇപ്പോള്‍ എന്നാണ് മന്ദാകിനിയുടെ കുറിപ്പില്‍ പറയുന്നത്.

ഇപ്പോള്‍ ഞാനും എന്റെ അനുജത്തി ഉഷയും സ്‌കൂട്ടറില്‍ പോകുന്നത് കാണുമ്പോള്‍ ആളുകള്‍ വളരെ കൗതുകത്തോടെ നോക്കുന്നത് കാണാം. ട്രാഫിക് പോലീസുകാര്‍ എന്നോട് ചോദിക്കും അമ്മൂമ്മ എന്തിനാണ് ഈ പ്രായത്തിലും സ്‌കൂട്ടര്‍ ഓടിക്കുന്നതെന്ന്, ഞാന്‍ മിണ്ടാതെ ഒന്ന് പുഞ്ചിരിക്കും. കാരണം മുഖത്ത് കാറ്റടിക്കുമ്പോള്‍ ഇപ്പോഴും എനിക്ക് 16 വയസാണെന്ന് തോന്നുമെന്ന് ഞാന്‍ എങ്ങനെയാണ് അവരോട് വിശദീകരിച്ച് നല്‍കുന്നതെന്നാണ് ഈ 87-കാരി ചോദിക്കുന്നത്.

ഞാന്‍ എല്ലാ ദിവസവും എന്റെ കൂട്ടുക്കാരെ കാണാറുണ്ട്. ഞങ്ങള്‍ ഒന്നിച്ച് പാട്ടുകള്‍ പാടും. ഭക്ഷണം കഴിക്കും, എന്തെങ്കിലുമൊക്കെ കളികളില്‍ ഏര്‍പ്പെടും.... മറ്റുള്ളവരെ പഠിപ്പിക്കുന്ന എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. പ്രായം എന്റെ വേഗത കുറച്ചിട്ടുണ്ടാകാം. പക്ഷെ ഇപ്പോഴും ജോലികള്‍ ചെയ്യാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും ഇഷ്ടമാണ്. നമ്മുടെ സമൂഹത്തിന് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത ജീവിതമാണ് ഞാന്‍ ഇതുവരെ ജീവിച്ചത്. എന്റെ കഥ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് പറഞ്ഞാണ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlights: Meet Mandakini Shah, an 87-year-old who defies age by joyfully riding a scooter with her sister. Discover her inspiring story of independence & zest for life!