അവരുടെ ആസ്വാദനമാണ് ഏറ്റവും വലിയ ആഡംബരം; ബിഎംഡബ്ല്യുവിന്റെ ആഡംബരം സ്വന്തമാക്കി ക്രിക്കറ്റ് താരം ചഹൽ

#Auto Desk
Photo: Instagram/Yuzvendra Chahal
Photo: Instagram/Yuzvendra Chahal

ക്രിക്കറ്റിനോളം തന്നെ വാഹനങ്ങളെയും ഇഷ്ടപ്പെടുന്ന നിരവധി താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്. മുൻ താരങ്ങളായ സച്ചിൻ, ധോണി, യുവരാജ് സിങ്  തുടങ്ങിയവരെല്ലാം ഈ ഗണത്തിൽ പെടുന്നവരാണ്. ഈ പേരുകൾക്കൊപ്പം ചേർത്തുവായിക്കാൻ സാധിക്കുന്ന പുതുതലമുറ ക്രിക്കറ്റ് താരമാണ് യുസ്‌വേന്ദ്ര ചഹൽ. പോർഷെയുടെ കയേൻ ഉൾപ്പെടെയുള്ള ചഹലിന്റെ വാഹന ശേഖരത്തിലേക്ക് പുതുതായി എത്തിച്ചിരിക്കുന്ന അൽപ്പം സ്‌പോർട്ടിയായുള്ള ഒരു വാഹനമാണ്.

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ വാഹന നിരയിലെ ടൂ സീറ്റർ കൺവേർട്ടബിൾ മോഡലായ Z4 ആണ് ചഹൽ തന്റെ വാഹന ശേഖരത്തിലേക്ക് കൂട്ടിച്ചേർത്തിരിക്കുന്നത്. പെർഫോമെൻസ് വാഹനങ്ങളുടെ ശ്രേണിയിൽ വരുന്ന ഈ മോഡലിന് ഒരു കോടി രൂപയ്ക്ക് മുകളിലാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം അദ്ദേഹം തന്നെയാണ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

എന്റെ എല്ലാ സ്വപ്‌നങ്ങളും യാഥാർഥ്യമാക്കാൻ കൂടെ നിന്ന് രണ്ടു പേരോടൊപ്പം എന്റെ പുതിയ കാറിനെ വീട്ടിലേക്ക് കൊണ്ടുവന്നു. മാതാപിതാക്കളെ സാക്ഷികളാക്കി ഈ നേട്ടം സ്വന്തമാക്കുകയും അവർ അത് കണ്ട് ആസ്വദിക്കുന്നതും കാണുന്നതാണ് യഥാർഥ ആഡംബരം എന്ന കുറിപ്പോടെയാണ് പുതിയ വാഹനം സ്വന്തമാക്കുന്നതിന്റെ ദൃശ്യങ്ങൾ ചഹൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ മാതാപിതാക്കൾക്കൊപ്പം എത്തിയാണ് അദ്ദേഹം പുതിയ വാഹനം സ്വന്തമാക്കിയത്.

മൂന്ന് വേരിയന്റുകളിലാണ് Z4 ഇന്ത്യയിൽ എത്തുന്നത്. ഇതിൽ ഏത് വേരിയവന്റാണ് അദ്ദേഹം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. സ്റ്റൈലിഷായ തണ്ടർനൈറ്റ് മെറ്റാലിക് ഫിനിഷിങ്ങിലുള്ള വാഹനമാണ് ചഹൽ തിരഞ്ഞെടുത്തത്. ബി.എം.ഡബ്ല്യുവിന്റെ വാഹന ശ്രേണിയിലെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായാണ് ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. ഈ വാഹനത്തിന്റെ ഏറ്റവുമൊടുവിൽ മുഖംമിനുക്കിയെത്തിയ പതിപ്പാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

പെട്രോൾ എൻജിനിൽ മാത്രമാണ് Z4-നെ ബി.എം.ഡബ്ല്യു വിപണിയിൽ എത്തിക്കുന്നത്. 3.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 340 ബി.എച്ച്.പി. പവറും 500 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുകൾ ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നുണ്ട്. 4.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയും ബി.എം.ഡബ്ല്യുവിന്റെ ഈ കരുത്തൻ വാഹനത്തിനുണ്ട്.

Content Highlights: Cricketer Yuzvendra Chahal adds a sporty BMW Z4 convertible to his car collection. Explore the luxury and performance of his new acquisition. Click to know more!