രണ്ട് നിലയുള്ള എസ്‌യുവി, മുകളിലും താഴെയും ബെഡ്ഡുകൾ, ലിവിങ് റൂമും; ആഡംബര വാഹനവുമായി മൊബൈൽ കമ്പനി

#Auto Desk
ഷവോമി സ്‌കൈനോമാഡ് എന്‍90 മാക്‌സ് സ്റ്റുഡിയോ | Photo: Xiaomi
ഷവോമി സ്‌കൈനോമാഡ് എന്‍90 മാക്‌സ് സ്റ്റുഡിയോ | Photo: Xiaomi

ഡംബരത്തിന്റെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നിലധികം വാഹനങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. മെഴ്‌സിഡീസിന്റെ മെയ്ബ മുതൽ ടൊയോട്ടയുടെ വെൽഫയർ വരെയുള്ള മോഡലുകൾ വലിയ ആഡംബര സംവിധാനങ്ങളാണ് ഉപയോക്താക്കൾക്ക് മുന്നിലേക്ക് വെച്ച് നീട്ടുന്നത്. എന്നാൽ, ഇവരാരും നൽകാത്ത ആഡംബര ഫീച്ചറുകൾ നൽകിയിട്ടുള്ള ഒരു എസ്‌യുവിയാണ് ചൈനീസ് കമ്പനിയായ ഷവോമി കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചത്.

ഷവോമി സ്‌കൈനോമാഡ് എൻ70 പ്രോ, എൻ70 മാക്‌സ്, എൻ90 മാക്‌സ്, എൻ90 മാക്‌സ് സ്റ്റുഡിയോ എന്നിവയാണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. ഇതിൽ തന്നെ എടുത്ത് പറയേണ്ട ഫീച്ചറുകൾ നൽകിയിട്ടുള്ള സ്‌കൈനോമാഡ് എൻ90 മാക്‌സ് സ്റ്റുഡിയോ എന്ന എസ്‌യുവിയാണ്. രണ്ടാം നിലയുള്ള വാഹനം എന്ന വിശേഷിപ്പിക്കുന്നതായിരിക്കും ഈ എൻ90 മാക്‌സ് സ്റ്റുഡിയോ എസ്‌യുവിക്ക് ഏറ്റവും ഇണങ്ങുന്ന പേരുകളിൽ ഒന്ന്.

ഇലക്ട്രിക് ലിഫ്റ്റിങ് റൂഫാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഈ വാഹനത്തിൽ നമ്മൾ കാണുന്ന റൂഫ് പൂർണമായും ലിഫ്റ്റ് ചെയ്യാൻ സാധിക്കും. ഇതോടെ ഒരാൾ വാഹനത്തിനുള്ളിൽ നിവർന്ന് നിൽക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഇവിടംകൊണ്ടും തീർന്നില്ല. റൂഫ് ഉയർത്തുന്നതോടെ സാധാരണ വാഹനങ്ങളിൽ നൽകുന്ന റൂഫ് ഒരു സ്ലീപ്പിങ് ബെഡ് ആയി മാറുകയും ചെയ്യുന്നുണ്ട്. വാഹനത്തിന്റെ സീറ്റുകൾ പൂർണമായും ബെഡ് ആക്കുന്നതിനൊപ്പം റൂഫിലും ബെഡ് ഒരുക്കുന്നുണ്ട്.

100 എം.എം. വരെയാണ് ഇതിന്റെ റൂഫ് ഉയർത്താൻ സാധിക്കുന്നത്. ഇതോടെയാണ് ഇന്റീരിയർ രണ്ട് നിലകളായി മാറുന്നത്. റൂഫ് ഉയർത്തുന്നതോടെ ഈ വാഹനത്തിന്റെ ഉയരം 2294 എംഎം ആകും. താഴത്തെ നിലയിൽ മുതിർന്ന ഒരാൾക്ക് നിവർന്ന് നിൽക്കാനുള്ള സ്ഥലമുണ്ടെന്ന് ഷവോമി അവകാശപ്പെടുന്നു. മുകളിലെ നിലയ്ക്ക് 2110 എംഎം നീളവും 985 എംഎം വീതിയുമുണ്ട്. 1946 എംഎം നീളമുള്ള ബെഡാണ് ഇതിൽ ലഭിക്കുന്നത്.

മൂന്ന് വിൻഡോകളും അവ അടച്ചുവെക്കുന്നതിനുള്ള സ്‌ക്രീനുകളും ഉൾപ്പെടെയാണ് ഇതിന്റെ റൂഫ് ഒരുങ്ങിയിട്ടുള്ളത്. എ.സി.വെന്റുകൾ, 18 വോൾട്ട് ചാർജിങ് പോർട്ട്, 30 എംഎം കട്ടിയുള്ള കിടക്ക എന്നിവയും റൂഫിൽ ഒരുക്കിയിട്ടുണ്ട്. സീറ്റുകൾ നീക്കം ചെയ്യാതെ ഇലക്ട്രിക്കലായി 30 സെക്കന്റിൽ ബെഡുകളായി മാറുന്ന സീറ്റുകളാണ് ഈ വാഹനത്തിന്റെ താഴത്തെ നിലയിൽ നൽകിയിരിക്കുന്നത്. 1.87 മീറ്റർ നീളവും 1.24 മീറ്റർ വീതിയുമുള്ള ഈ കിടക്കയിൽ രണ്ടുപേർക്ക് സുഖമായി ഉറങ്ങാം.

ഇതിനുപുറമെ, ഒരു വശത്തെ സീറ്റ് മാത്രം കിടക്കയാക്കി മറുവശം ഒരു ലിവിങ് സ്‌പേസ് പോലെ ഉപയോഗിക്കാനും സാധിക്കും. ഫാക്ടറി ഇന്റഗ്രേറ്റഡ് ഫ്‌ളോർ ഹീറ്റിങ്, 30 ഇഞ്ച് പ്രൊജക്ഷൻ സ്‌ക്രീൻ, ബ്ലാക്ക് ഔട്ട് കർട്ടണുകൾ, ഫ്രിഡ്ജ്, 220 വോർട്ട് പവർ ഔട്ട്‌ലെറ്റ്, വാനിറ്റി മിറർ, സ്റ്റോറേജ് ക്യാബിനുകൾ തുടങ്ങിയവയാണ് ഫീച്ചറുകൾ. ഒരു കാരവാനിൽ ലഭിക്കുന്ന ഭൂരിഭാഗം സൗകര്യങ്ങളും അടിസ്ഥാന ഫീച്ചറുകളാക്കിയാണ് ഈ എസ്‌യുവി എത്തുന്നത്.

റേഞ്ച് എക്‌സ്റ്റെന്റഡ്-റേഞ്ച് ഇലക്ട്രിക് വാഹനമായാണ് ഷവോമി സ്‌കൈനോമാഡ് എൻ 90 മാക്‌സ് സ്റ്റുഡിയോ എത്തിയിരിക്കുന്നത്. ഇരട്ട മോട്ടോറുകളാണ് ഈ വാഹനത്തിൽ പ്രവർത്തിക്കുന്നത്. 76 കിലോവാട്ടാണ് ബാറ്ററിപാക്ക്. ഒറ്റത്തവണ ചാർജിൽ 462 കിലോമീറ്റർ റേഞ്ചാണ് ഈ വാഹനത്തിന് നിർമാതാക്കൾ ഉറപ്പുനൽകുന്നത്. എന്നാൽ, റേഞ്ച് എക്സ്റ്റന്റർ മോഡൽ ആയതിനാൽ തന്നെ സംയോജിത റേഞ്ച് 1688 കിലോമീറ്റർ വരെ ലഭിക്കുമെന്നാണ് നിർമാതാക്കളുടെ വാദം.

Content Highlights: Xiaomi unveiled the SkyNomad N90 Max Studio, a unique two-story SUV., Features an electric lifting roof that creates an upper-level sleeping bed and headroom., Lower-level seats electrically convert into a bed within 30 seconds., Offers advanced amenities like floor heating, 30-inch projection screen, and a fridge., Powered by an extended-range electric system delivering a combined range of up to 1688 km.