നിരത്തിലെ സെഡാന്‍ സൗന്ദര്യം വിടപറയുന്നു; ഇന്ത്യയോട് ഗുഡ്ബൈ പറയാന്‍ വോള്‍വോ എസ്90

Photo: Volvo India
Photo: Volvo India

ഇന്ത്യന്‍ നിരത്തുകളിലെ സെഡാന്‍ സൗന്ദര്യമെന്ന വിശേഷണം ഏറെ ഇണങ്ങുന്ന വാഹനമായിരുന്നു സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ ഇന്ത്യയില്‍ എത്തിച്ചിരുന്ന എസ്90. സുരക്ഷയും ആഡംബരവും ഒരുപോലെ ഉറപ്പാക്കിയിരുന്ന ഈ പ്രീമിയം സെഡാന്‍ ഇന്ത്യന്‍ നിരത്തുകളോട് വിടപറയുകയാണ്. വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിന്റെ ഭാഗമായി വോള്‍വോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് എസ്90 സെഡാന്‍ മോഡലിനെ ഒഴിവാക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. 

2016-ലാണ് വോള്‍വോ എസ് 90 ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. എസ് 80-യുടെ പകരക്കാരനായിട്ടായിരുന്നു ഈ ആഡംബര സെഡാന്റെ വരവ്. വോള്‍വോയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി മോഡലാണ് എക്‌സ്‌സി 90-യുടെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിരുന്ന ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ ഔഡി എ6, മെഴ്‌സിഡീസ് ഇ-ക്ലാസ്, ബിഎംഡബ്ല്യു 5സീരീസ്, ജാഗ്വാര്‍ എക്‌സ്എഫ് എന്നീ മോഡലുകളുമായായിരുന്നു മത്സരിച്ചിരുന്നത്. 53.5 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വോള്‍വോ എസ്90 ഇന്ത്യയില്‍ എത്തിയത്. 

2021-ല്‍ മുഖംമിനുക്കല്‍ നടത്തിയ മോഡലാണ് നിലവില്‍ ഇന്ത്യയില്‍ വിപണിയിലുള്ളത്. വോള്‍വോയുടെ വാഹന ശ്രേണിയില്‍ എസ്‌യുവികള്‍ മാത്രമാക്കുന്നതിന്റെ ഭാഗമായും എതിരാളികളെ അപേക്ഷിച്ച് വില്‍പ്പനയില്‍ കുറവ് നേരിട്ടതുമാണ് എസ്90 സെഡാന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്ന ഈ വാഹനത്തിന്റെ ഏറ്റവുമൊടുവിലെ എക്‌സ്‌ഷോറൂം വില 68.25 ലക്ഷം രൂപയായിരുന്നു. 

ബി5 എന്ന ഒറ്റ വേരിയന്റില്‍ മാത്രമാണ് വോള്‍വോ എസ്90 വിപണിയില്‍ എത്തുന്നത്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനായിരുന്നു ഈ വാഹനത്തിന് കരുത്തേകിയിരുന്നത്. 250 എച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ആദ്യ വരവില്‍ 2.0 ലിറ്റര്‍ ഡി4 ഡീസല്‍ എന്‍ജിനിലും ഈ വാഹനം എത്തിയിരുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരുന്നു ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നത്.

Content Highlights: Volvo discontinues its S90 sedan in India