ചെറിയ സിനിമ, കൊയ്തത് കോടികള്‍; ടൂറിസ്റ്റ് ഫാമിലിയുടെ സംവിധായകന് BMW SUV സമ്മാനിച്ച് നിര്‍മാതാവ്

തമിഴ് ബോക്‌സ് ഓഫീസിലെ സമീപകാല സൂപ്പര്‍ ഹിറ്റുകളുടെ പട്ടികയില്‍ പ്രധാനപ്പെട്ട സിനിമയാണ് ടൂറിസ്റ്റ് ഫാമിലി. വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ എടുത്ത ചിത്രം ബോക്‌സ്ഓഫീസില്‍ കോടികളാണ് കൊയ്തത്. സിനിമ സൂപ്പര്‍ ഹിറ്റ് അടിച്ചതിന്റെ സന്തോഷം സമ്മാനത്തിന്റെ രൂപത്തില്‍ സംവിധായകനും തിരക്കഥാകൃത്തുമായ അഭിഷന്‍ ജീവന്തുമായി പങ്കിട്ടിരിക്കുകയാണ് ടൂറിസ്റ്റ് ഫാമിലി സിനിമയുടെ നിര്‍മാതാവ് മഗേഷ് രാജ്.
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച എസ്‌യുവികളില്‍ ഒന്നാണ് എക്‌സ് 1 ആണ് നിര്‍മാതാവ് മഗേഷ് രാജ് സംവിധായനകന് സമ്മാനിച്ചിരിക്കുന്നത്. സിനിമ സൂപ്പര്‍ ഹിറ്റായതിന്റെ സന്തോഷത്തിന് പുറമെ ഒരു വിവാഹ സമ്മാനമായി കൂടിയാണ് ഈ വാഹനം സമ്മാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 31-നാണ് അഭിഷന്റെ വിവാഹം. ബിഎംഡബ്ല്യുവിന്റെ എസ്‌യുവി നിരയിലെ ആദ്യ മോഡലായ എക്‌സ് 1-ന് 50.60 ലക്ഷം രൂപ മുതല്‍ 52.20 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി രണ്ട് വേരിയന്റുകളിലാണ് എക്‌സ് 1 വിപണിയില്‍ എത്തുന്നത്. എസ് ഡ്രൈവ് 18ഐ എം സ്‌പോട്ട് പെട്രോള്‍ മോഡലില്‍ 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 134 ബിഎച്ച്പി പവറും 230 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. ഏഴ് സ്പീഡ് സ്റ്റെപ്പ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുങ്ങുന്നത്.
ബിഎംഡബ്ല്യു എക്‌സ് 1 എസ് ഡ്രൈവ് 18ഡി എം സ്‌പോട്ട് ഡീസല്‍ മോഡലില്‍ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. ഈ എന്‍ജിന്‍ 148 ബിഎച്ച്പി പവറും 360 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് സ്റ്റെപ്പ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തന്നെയാണ് ഈ വാഹനത്തിലും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. എന്നാല്‍, ഇതില്‍ ഏത് മോഡലാണ് സംവിധായകന് സമ്മാനമായി ലഭിച്ചതെന്ന് വ്യക്തമല്ല.
Content Highlights: Low-budget Tamil film `Tourist Family` becomes a blockbuster, earning crores. Producer gifts director Abishan Jeevan a BMW X1 as a success and wedding present.