സിറ്റിയും സ്ലാവിയയുമൊന്നുമല്ല, സെഡാന്‍ സെഗ്മെന്റിലെ സൂപ്പര്‍ സ്റ്റാര്‍ മാരുതിയുടെ ഈ മോഡലാണ്

ഇന്ത്യയിലെ വാഹന വിപണയില്‍ സെഡാന്‍ കാറുകള്‍ക്ക് ഇടക്കാലത്ത് കൈമോശം വന്ന പ്രതാപം തിരിച്ചുവരികയാണ്. സ്ലാവിയ, വിര്‍ടസ്, സിറ്റി, അമേസ്, ഡിസൈയര്‍, ടിഗോര്‍, ഓറ തുടങ്ങിയ വാഹനങ്ങള്‍ക്കെല്ലാം മെച്ചപ്പെട്ട വില്‍പ്പന നേട്ടവുമുണ്ടാകുന്നുണ്ട്. സെഡാന്‍ ശ്രേണിയിലെ പോപ്പുലര്‍ മോഡല്‍ എല്ലാ കാലത്തും ഹോണ്ട സിറ്റി തന്നെയാണ്. എന്നാല്‍, വില്‍പ്പനയില്‍ സെഡാന്‍ ശ്രേണിയിലെ അതികായന്‍ മാരുതി സുസുക്കിയുടെ ഡിസയറാണ്. പുതിയ മോഡലിന്റെ വരവോടെ ഇത് ഒരിക്കല്‍ കൂടി അടിവരയിടുകയാണ്.
മറ്റ് സെഡാന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന ആദ്യ പത്ത് വാഹനങ്ങളുടെ പട്ടികയിലും ഡിസയറിന് സ്ഥാനമുണ്ട്. പുതിയ മോഡല്‍ എത്തിയതിന് ശേഷം വില്‍പ്പനയില്‍ വലിയ കുതിപ്പുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 2025-ലെ കണക്ക് അനുസരിച്ച് ജനുവരിയില്‍ 15,383 യൂണിറ്റും ഫെബ്രുവരിയില്‍ 14,694 യൂണിറ്റുമാണ് ഡിസയറിന്റെ വില്‍പ്പന. 2023-ല്‍ 1,57,522 യൂണിറ്റും 2024-ല്‍ 1,67,988 യൂണിറ്റുമായിരുന്നു ഡിസയറിന്റെ ആകെ വില്‍പ്പന.
ഡിസയറില്‍ സംഭവിച്ച തലമുറ മാറ്റവും വില്‍പ്പനയെ സ്വാധീനിച്ചിട്ടുണ്ട്. 2024 നവംബറിലാണ് മാരുതി സുസുക്കി നാലാം തലമുറ ഡിസയര്‍ വിപണിയില്‍ എത്തിച്ചത്. ഹോണ്ട അമേസ്, ടാറ്റ ടിഗോര്‍, ഹ്യുണ്ടായി ഓറ തുടങ്ങിയ വാഹനങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഡിസയര്‍ സെഡാന് 6.84 ലക്ഷം രൂപ മുതല്‍ 10.19 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെ ക്രാഷ്ടെസ്റ്റിനെ അതിജീവിച്ച ആദ്യ മാരുതി സുസുക്കി വാഹനം എന്ന ഖ്യാതിയും ഡിസയറിന് കൂടുതല്‍ കരുത്തേകുന്നുണ്ട്.
ഇസഡ് സീരീസ് എന്‍ജിനിലേക്കുള്ള മാറ്റമാണ് മെക്കാനിക്കലായി നാലാം തലമുറ ഡിസയറില്‍ വന്ന മാറ്റം. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 81.9 ബി.എച്ച്.പി. പവറും 111.7 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മാനുവല്‍ മോഡലിന് 24.79 കിലോമീറ്ററാണ് മാരുതി അവകാശപ്പെടുന്ന മൈലേജ്. എ.ജി.എസിന് ലിറ്ററിന് 25.71 കിലോമീറ്ററും സി.എന്‍.ജി.ക്ക് 33.73 കിലോമീറ്ററും മൈലേജ് കമ്പനി ഉറപ്പുനല്‍കുന്നു.
ഇലക്ട്രിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും സപ്പോട്ട് ചെയ്യുന്ന 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, റിയര്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റ്, പുത്തന്‍ ഡ്രൈവര്‍ ഡിസ്പ്ലേ കണ്‍സോള്‍, അര്‍കാമിസിന്റെ സൗണ്ട് സിസ്റ്റം, കീലെസ് എന്‍ട്രി തുടങ്ങിയവയാണ് ഡിസയറില്‍ സ്ഥാനം പിടിച്ച ഫീച്ചറുകള്‍. എ.ബി.എസ് ഇ.ബി.ഡി, ആറ് എയര്‍ബാഗുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഇ.എസ്.പി,ട്രാക്ഷന്‍ കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ഡീഫോഗര്‍ തുടങ്ങിയവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുമാണ്.
Content Highlights: The Maruti Suzuki Dzire is back on top-Discover its impressive sales figures with 5-star safety