ലുക്കിലെ സസ്‌പെൻസ് അവസാനിപ്പിച്ച് ടാറ്റ; സിയേറ EV-യുടെ ചിത്രം പുറത്തുവിട്ടു, വരവിന് ദിവസങ്ങൾമാത്രം

ടാറ്റയുടെ ഐതിഹാസിക എസ്‌യുവി മോഡലായ സിയേറയുടെ ഇലക്ട്രിക് പതിപ്പ് നിരത്തുകളിൽ എത്താനും ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ടീസറുകളും സൂചന ചിത്രങ്ങളും പുറത്തുവിട്ട് തുടർന്നിരുന്ന സസ്‌പെൻസിന് ടാറ്റ മോട്ടോഴ്‌സ് വിരാമമിട്ടിരിക്കുകയാണ്. നിരത്തുകളിൽ എത്താനൊരുങ്ങുന്ന സിയേറ ഇവിയുടെ ഡിസൈൻ പൂർണമായും വെളിപ്പെടുത്തിയുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജൂൺ 30-നാണ് ഈ വാഹനം അവതരിപ്പിക്കുന്നത്.
സിയേറ ICE പതിപ്പുമായി ഡിസൈൻ സമാനതകളുമായെത്തുന്ന വാഹനമാണ് സിയേറയുടെ ഇലക്ട്രിക്കും. എന്നാൽ, ക്ലോസ്ഡ് ഗ്രില്ല് ഉൾപ്പെടെ ഇലക്ട്രിക് വാഹനങ്ങളുടേതായ മാറ്റങ്ങൾ സിയേറ ഇവിയിൽ പ്രകടമാണ്. എൽഇഡിയിൽ തീർത്തിരിക്കുന്ന ഹെഡ്ലാമ്പ് യൂണിറ്റ് ഉൾപ്പെടെയുള്ള ലൈറ്റുകളും, ഡ്യുവൽ ടോൺ നിറത്തിലുള്ള ബമ്പറും, ഫ്‌ളാറ്റ് ബോണറ്റും ഉൾപ്പെടെയുള്ളവയാണ് സിയേറയുടെ മുൻഭാഗത്തെ മാറ്റങ്ങൾ.
ക്ലോസ്ഡ് ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, വീതിയേറിയ എൽഇഡി ഡിആർഎൽ, എന്നിവ ഇലക്ട്രിക്കിലും സ്ഥാനം നേടിയിട്ടുണ്ട്. റെഗുലർ മോഡലിലെ അലോയി വീലുകൾക്ക് പകരം ഇവി സ്പെക് എയറോ അലോയി വീലുകളാണ് ഈ ഇലക്ട്രിക് എസ്‌യുവിയിലുള്ളത്. ഇന്റീരിയറിലെ ഫീച്ചറുകൾ പൂർണമായും നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ICE പതിപ്പുമായി ഇന്റീരിയർ ഫീച്ചറുകൾ പങ്കിട്ടേക്കുമെന്നാണ് വിവരം. ഉയർന്ന വേരിയന്റുകളിൽ മൂന്ന് സ്‌ക്രീനുകളും താഴ്ന്ന വേരിയന്റിൽ രണ്ട് സ്‌ക്രീനും നൽകിയേക്കും.
മെക്കാനിക്കൽ ഫീച്ചറുകളുടെ കാര്യത്തിലും സസ്‌പെൻസ് തുടരുകയാണ്. അതേസമയം, സിംഗിൾ മോട്ടോർ റിയർ വീൽ ഡ്രൈവ്, ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് പതിപ്പുകളിൽ സിയേറ ഇവി ലഭ്യമായേക്കുമെന്നാണ് അഭ്യൂഹങ്ങൾ. ഒന്നിലധികം ബാറ്ററി പാക്ക് ഓപ്ഷനുകളിലും സിയേറയുടെ ഇലക്ട്രിക് പതിപ്പ് എത്തും. ഹാരിയറിലെ 65kWh, 75kWh ബാറ്ററി പാക്കുകളായിരിക്കും ഇതിൽ നൽകുകയെന്നും സൂചനയുണ്ട്.
ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളിലെ ഫ്ളാഗ്ഷിപ്പ് മോഡലായ ഹാരിയർ ഇവിക്ക് താഴെയായിരിക്കും സിയേറ ഇലക്ട്രിക്കിന്റെ സ്ഥാനം. ഹ്യുണ്ടായിയുടെ ക്രെറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഇ-വിത്താര, മഹീന്ദ്ര ബിഇ6 തുടങ്ങിയ വാഹനങ്ങളുമായായിരിക്കും സിയേറ ഇവി വിപണിയിൽ ഏറ്റുമുട്ടുക. ടാറ്റയുടെ സാനന്ദിലെ പ്ലാന്റിൽ റെഗുലർ സിയേറ വാഹനങ്ങൾക്കൊപ്പമായിരിക്കും ഇലക്ട്രിക് പതിപ്പുകളും നിർമിക്കുകയെന്നാണ് റിപ്പോർട്ട്.
Content Highlights: Official design revealed with closed grille and aero-alloy wheels., Launch scheduled for June 30th., Expected dual-motor AWD and single-motor RWD configurations., Likely to feature 65kWh and 75kWh battery packs., Direct competition with Hyundai Creta EV and Maruti Suzuki e-Vitara.