സിയേറ ഫാൻസ് സോഷ്യൽ മീഡിയയിലല്ല, കളത്തിലാണ്; ബുക്കിങ് ഒരുലക്ഷം കടന്നു, ഇനി ഉത്പാദനം കൂട്ടും

സിയേറ എന്ന എസ്‌യുവിയുടെ തിരിച്ചുവരവ് തന്നെ ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ച് ഒരു ചരിത്ര സംഭവമാണ്. ഈ തിരിച്ചുവരവിലെ ഇരട്ടിമധുരമായിരുന്നു ആദ്യ ദിവസം തന്നെ ലഭിച്ച 70000 ബുക്കിങ്ങ്. ടാറ്റയുടെ ഒരു വാഹനത്തിന് ആദ്യ ദിവസം ലഭിക്കുന്ന ഏറ്റവും ഉയർന്ന ബുക്കിങ് എന്ന ഒരു ചരിത്രം കൂടി സിയേറയിലൂടെ പിറക്കുകയായിരുന്നു. ഇപ്പോഴിതാ ഈ വാഹനത്തിന്റെ ബുക്കിങ് ഒരുലക്ഷം എന്ന മാജിക് നമ്പർ പിന്നിട്ടിരിക്കുകയാണെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.
ബുക്കിങ് ആരംഭിച്ച ആദ്യ ദിവസം തന്നെ 70000 പേർ ഈ വാഹനത്തിനായി എത്തിയതോടെ ഞങ്ങളുടെ ശ്രദ്ധ പൂർണമായും ഇത്രയും ആളുകൾക്ക് യഥാസമയം വാഹനം നൽകുന്നതിലേക്ക് മാറിയിരുന്നു. പിന്നീട് ഓരോ ദിവസം ബുക്കിങ്ങുകൾ വന്നുകൊണ്ടിരുന്നുവെങ്കിലും ഇപ്പോൾ ആറക്ക സംഖ്യ പിന്നിട്ടിരിക്കുകയാണെന്നാണ് ഈ നേട്ടത്തോട് പ്രതികരിക്കവെ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ എംഡി ആൻഡ് സിഇഒ ഷൈലേഷ് ചന്ദ്ര അറിയിച്ചത്.
ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ച് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സിയേറ എസ്‌യുവിയുടെ ഉത്പാദനം വർധിപ്പിക്കുന്നതിലാണെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. മാർച്ച് മാസത്തോടെ സിയേറയുടെ പ്രതിമാസ ഉത്പാദനം 15,000 യൂണിറ്റ് ആയി ഉയർത്താനാണ് ടാറ്റ മോട്ടോഴ്‌സ് തീരുമാനിച്ചിരിക്കുന്നത്. ബുക്കിങ് ഒരുലക്ഷം യൂണിറ്റിന് മുകളിൽ എത്തിയതോടെ വാഹനത്തിനായുള്ള കാത്തിരിപ്പ് വേരിയന്റുകളുടെ അടിസ്ഥാനത്തിൽ മൂന്ന് മുതൽ നാല് മാസം വരെ ഉയർന്നതായാണ് റിപ്പോർട്ട്.
സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലീഷ്ഡ്, അക്കംപ്ലീഷ്ഡ് പ്ലസ് എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ എത്തുന്ന സിയേറയ്ക്ക് 11.49 ലക്ഷം രൂപയിലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. സിയേറയുടെ ഡീസൽ എൻജിൻ മോഡലിനാണ് താരതമ്യേന ഉയർന്ന ബുക്കിങ്. ഈ വാഹനത്തിനാണ് ഏറ്റവും കൂടിയ ബുക്കിങ് കാത്തിരിപ്പും വരുന്നത്. ടർബോ പെട്രോൾ എൻജിൻ മോഡലിനുള്ള കാത്തിരിപ്പ് ഡീസൽ പതിപ്പിനെക്കാൾ നാല് ആഴ്ച വരെ കുറവാണ്.
പുതിയ തലമുറ സിയേറയിൽ, 158 ബിഎച്ച്പി പവറും 255 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ ഹൈപ്പീരിയോൺ എൻജിനാണ് നൽകിയിരിക്കുന്നത്. ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവൽ എന്നീ ഗിയർബോക്‌സുകളാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. 105 ബിഎച്ച്പി പവറും 145 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനിലും സിയേറ എത്തുന്നുണ്ട്. ആറ് സ്പീഡ് മാനുവൽ ഏഴ് ഡിസിഎ എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ.
1.5 ലിറ്റർ ക്രെയോജെറ്റ് ഡീസൽ എൻജിനാണ് സിയേറയിലെ മറ്റൊരു ഓപ്ഷൻ. 116 ബിഎച്ച്പി പവറും 260 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാൻസ്മിഷനുകൾ. സിയേറയുടെ ലൈനപ്പിലെ ഏറ്റവും ഉയർന്ന വേരിയന്റുകൾക്കാണ് കൂടുതൽ ഡിമാന്റ് എന്നും അതുകൊണ്ടുതന്നെ അവയ്ക്കുള്ള ബുക്കിങ് കാത്തിരിപ്പും കൂടുതലാണെന്നാണ് ഡീലർഷിപ്പുകൾ നൽകുന്ന വിവരം.
Content Highlights: Tata Sierra SUV`s highly anticipated comeback is a massive success with over 1 lakh bookings. Discover details, variants, and waiting periods for this iconic vehicle.