വിദേശത്തും മേൽവിലാസം നേടി ഇന്ത്യയുടെ സ്വന്തം ടാറ്റ പഞ്ച്; കുതിപ്പ് ദക്ഷിണാഫ്രിക്കൻ നിരത്തുകളിൽ

ഇന്ത്യൻ വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്സിന് ഏറ്റവും വലിയ വിൽപ്പന നേട്ടം സമ്മാനിച്ചിട്ടുള്ള മോഡൽ പഞ്ച് എന്ന കോംപാക്ട് എസ്.യു.വിയാണ്. പെട്രോൾ, സി.എൻ.ജി, ഇലക്ട്രിക് എന്നീ പവർട്രെയിനുകളിൽ എത്തുന്ന ഈ വാഹനം വിൽപ്പന ചാർട്ടിൽ ഒന്നാം സ്ഥാനത്ത് എത്തിയ ചരിത്രം പോലുമുണ്ട്. ഇന്ത്യയിൽ കരുത്തുറ്റ സാന്നിധ്യം ഉറപ്പിച്ച ഈ എസ്യുവി വിദേശ രാജ്യങ്ങളിലേക്കും കടൽകടന്നെത്തിയിരിക്കുകയാണ്.
ടാറ്റ മോട്ടോഴ്സിന് മികച്ച സ്വാധീനമുള്ള ദക്ഷിണാഫ്രിക്കൻ വിപണിയിലാണ് പഞ്ച് അവതരിപ്പിച്ചിരിക്കുന്നത്. 2.24 ലക്ഷം റാൻഡ് ആണ് (ഏകദേശം 12.82 ലക്ഷം രൂപ) പഞ്ച് എസ്യുവിയുടെ ദക്ഷിണാഫ്രിക്കയിലെ എക്സ്ഷോറൂം വില. 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ്, ടർബോ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളിലായി പ്യുവർ പ്ലസ്, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ് പ്ലസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പഞ്ച് എസ്യുവി ദക്ഷിണാഫ്രിക്കൻ വിപണികളിൽ എത്തുന്നത്.
ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച മുഖംമിനുക്കിയ പഞ്ച് എസ്യുവിയാണ് ദക്ഷിണാഫ്രിക്കയിൽ എത്തിച്ചിരിക്കുന്നത്. ഫീച്ചറുകളിലും ഡിസൈനിലും മെക്കാനിക്കൽ സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തിയായിരുന്നു 2026 പഞ്ച് എസ്യുവി ഇന്ത്യൻ വിപണിയിൽ എത്തിയത്. ടർബോ പെട്രോൾ എൻജിന്റെ വരവായിരുന്നു ഇന്ത്യയിൽ എത്തിയ പഞ്ചിലെ ഹൈലൈറ്റ്. ഈ മോഡൽ തന്നെയാണ് ദക്ഷിണാഫ്രിക്കയിലും.
ടാറ്റയുടെ നെക്സോൺ എസ്.യു.വിയിൽ കരുത്തേകുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് പഞ്ചിൽ പുതുതായി കരുത്തേകാനെത്തിയത്. 120 എച്ച്പി പവറും 170 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. 11.1 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനം മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് എത്തുന്നത്. വിദേശ മോഡലിലും മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് നൽകിയിരിക്കുന്നത്.
പഞ്ച് എസ്.യു.വിയിൽ ആദ്യംമുതൽ കരുത്തേകിയിരുന്നത് 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാണ്. 88 എച്ച്പി പവറും 115 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. സിഎൻജി കരുത്തിലും പഞ്ച് ഇന്ത്യയിൽ എത്തുന്നുണ്ട്. 73 എച്ച്പി പവറും 103 ടോർക്കുമാണ് ഇതിലെ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ ഈ എൻജിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകുന്നുണ്ട്.
Content Highlights: Tata Punch compact SUV launched in the South African market., Starting ex-showroom price is 2.24 lakh Rand (approx. Rs 12.82 lakh)., Available in three variants: Fuel Plus, Adventure, and Accomplished Plus., Features a 1.2-litre naturally aspirated engine and a new 1.2-litre turbo petrol engine., Mirrors the updated design and features introduced in the 2026 Indian-spec model.