ഹ്യൂണ്ടായി എക്സ്റ്ററിന് ചെക്ക് പറഞ്ഞ് ടാറ്റ; 7.10 ലക്ഷം രൂപയ്ക്ക് പഞ്ച് സി.എന്‍.ജി അവതരിപ്പിച്ചു

സി.എന്‍.ജി കാറുകളുടെ നിരയിലേക്ക് പഞ്ച് കൂടെ അവതരിപ്പിച്ച് ടാറ്റ. ആകര്‍ഷകമായ വിലയും മെച്ചപ്പെട്ട ഫീച്ചറുകളുമായാണ് പഞ്ച് സി.എന്‍.ജിയുടെ വരവ്. ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതിക വിദ്യയോടെയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. 7.10 ലക്ഷം രൂപ മുതല്‍ 9.68 ലക്ഷം രൂപ വരെയാണ് പഞ്ച് സി.എന്‍.ജിയുടെ എക്‌സ്‌ഷോറൂം വില. പ്യുവര്‍, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അക്പ്ലിഷ്ഡ്, അക്പ്ലിഷ്ഡ് ഡാസില്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വാഹനം വിപണിയിലെത്തും. ഇതിനൊപ്പം ടിയാഗോ സിഎന്‍ജി, ടിഗോര്‍ സിഎന്‍ജി എന്നിവയുടെ പുതുക്കിയ പതിപ്പുകളും ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു.
ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ് എന്നിവയ്ക്ക് ശേഷം ടാറ്റയുടെ സി.എന്‍.ജി നിരയിലെ നാലാമത്തെ മോഡലാണ് പഞ്ച്. ഡിസൈനിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ടാറ്റ പഞ്ച് സി.എന്‍.ജി തയ്യാറാക്കിയിരിക്കുന്നത്. 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍ പ്ലേ കണക്ടിവിറ്റി, എഞ്ചിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സ്വിച്ച്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ് എന്നീ ഫീച്ചറുകളോടെയാണ് പഞ്ച് സിന്‍.എന്‍.ജിയുടെ വരവ്. നിലവില്‍ പഞ്ചിന്റെ പെട്രോള്‍ മോഡലുകളില്‍ സണ്‍റൂഫ് ഇല്ല.
1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 75.94 ബി.എച്ച്.പി കരുത്തില്‍ പരമാവധി 97 എന്‍.എം ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. മൈലേജ് ടാറ്റ പുറത്തുവിട്ടിട്ടില്ല. എങ്കിലും ആള്‍ട്രോസ് സി.എന്‍.ജിക്ക് സമാനമായ മൈലേജ് പഞ്ചിനും ലഭിക്കുമെന്നാണ് സൂചന. ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ മികച്ച ബൂട്ട് സ്‌പേസും വാഹനത്തിനുണ്ട്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. ഗ്ലോബല്‍ എന്‍.സി.എ.പി ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ ആല്‍ഫ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച പഞ്ചില്‍ മികച്ച സുരക്ഷ സംവിധാനങ്ങളും ഉറപ്പുവരുത്തുന്നു.
പഞ്ചിന്റെ പെട്രോള്‍ മോഡലിന്റെ എതിരാളിയായ ഹ്യൂണ്ടായി എക്‌സറ്ററിന്റെ സി.എന്‍.ജി വേരിയന്റാണ് പഞ്ച് സി.എന്‍.ജിയുടെയും പ്രധാന എതിരാളി. എക്സ്റ്റര്‍ സി.എന്‍.ജി മോഡലിന് 8.24 ലക്ഷം മുതല്‍ 8.97 ലക്ഷം വരെയാണ്എക്‌സ്‌ഷോറൂം വില. ഇതോടെ വിലയുടെ കാര്യത്തില്‍ ടാറ്റയുടെ ഈ മൈക്രോ എസ്.യു.വി മുന്‍കൈ നേടിയിരിക്കയാണ്.
Content Highlights: Tata Punch CNG Launch in India