ഡ്രിഫ്റ്റും കോര്‍ണറിങ്ങും സീനല്ല, കരുത്താണ് കൈമുതല്‍; ടാറ്റയുടെ കരിമ്പുലിയായി ഹാരിയര്‍ ഇ.വി | Video

ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിലും വില്‍പ്പനയിലും ഇന്ത്യയിലെ മറ്റ് വാഹന കമ്പനികളെക്കാള്‍ ഒരുപടി മുന്നിലാണ് ടാറ്റ മോട്ടോഴ്‌സ്. കൃത്യമായ ഇടവേളകളില്‍ പുതിയ മോഡല്‍ എത്തിച്ച് വിപണിയുടെ മേധാവിത്വം നിലനിര്‍ത്താനും ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. ടാറ്റയുടെ ഇലക്ട്രിക് വാഹനനിരയിലേക്ക് ഇനിയെത്താന്‍ ഊഴം കാത്തിരിക്കുന്ന മോഡല്‍ ഹാരിയറിന്റെ ഇ.വിയാണെന്ന് ഉറപ്പായി കഴിഞ്ഞു. വിപണിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വാഹനത്തിന്റെ ശേഷിയും കരുത്തും ഉറപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളിലാണ് കമ്പനി.
ടാറ്റയുടെ നിര്‍മാണ പ്ലാന്റിലെ ടെസ്റ്റിങ് സെന്ററിലാണ് ഹാരിയര്‍ പ്രൊഡക്ഷന്‍ മോഡലിന്റെ പരീക്ഷണയോട്ടം നടന്നത്. നാല് വാഹനങ്ങള്‍ ഒരുമിച്ച് ഇറക്കി സ്പീഡ്, ബ്രേക്കിങ്ങ്, കാര്യക്ഷമത, ഡ്രിഫ്റ്റിങ്, കോര്‍ണറിങ് തുടങ്ങി നിരവധി പരീക്ഷണങ്ങളാണ് ഹാരിയറിന്റെ ഇലക്ട്രിക് മോഡല്‍ ഉപയോഗിച്ച് ഈ ട്രാക്കില്‍ നടത്തിയത്. വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പിക്കുന്നതിനായി നടത്തിയ ടെസ്റ്റുകളുടെ വീഡിയോ ടാറ്റ മോട്ടോഴ്‌സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
റെഗുലര്‍ ഹാരിയറില്‍ നിന്നും ടാറ്റയുടെ മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍നിന്നും സിഗ്‌നേച്ചര്‍ ഡിസൈനുകള്‍ ഉള്‍പ്പെടുത്തിയാണ് ഹാരിയര്‍ ഇ.വിയെ അലങ്കരിച്ചിരിക്കുന്നത്. എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പൊസിഷന്‍ ലാമ്പ്, മൂടിക്കെട്ടിയ ഗ്രില്ല്, പുതിയ ലോഗോ, മറ്റ് ഇലക്ട്രിക് മോഡലുകളിലെ ഡിസൈന് സമാനമായി ഒരുങ്ങിയിട്ടുള്ള എയര്‍ഡാം, ബമ്പറില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ക്വാഡ് ബീം എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് തുടങ്ങിയവയാണ് മുന്‍ഭാഗത്ത്. പിന്‍ഭാഗം അലങ്കരിക്കുന്നതും വലിയ എല്‍.ഇ.ഡി. ലൈറ്റും ബമ്പറിലും സ്‌കിഡ് പ്ലേറ്റും ചേര്‍ന്നാണ്.
ഫീച്ചറുകളാല്‍ സമ്പന്നമാണ് റെഗുലര്‍ ഹാരിയര്‍. ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ലേഔട്ടിനൊപ്പം ഫീച്ചറുകളും നല്‍കിയാണ് ഹാരിയര്‍ ഇ.വിയുടെ ഇന്റീരിയറും ഡിസൈന്‍ ചെയ്തിരിക്കുന്നത്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ചുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, 10 സ്പീക്കര്‍ ജെ.ബി.എല്‍. സൗണ്ട് സിസ്റ്റം എന്നിവയാണ് ഹാരിയര്‍ ഇ.വിയില്‍ നല്‍കിയിട്ടുള്ള സവിശേഷ ഫീച്ചറുകള്‍.
വെഹിക്കിള്‍ ടു ലോഡ്, വെഹിക്കിള്‍ ടു ചാര്‍ജ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതാണ് ഹാരിയര്‍ ഇ.വിയുടെ മറ്റൊരു ഹൈലൈറ്റ്. അഡാസില്‍ അധിഷ്ഠിതമായ അഡ്വാന്‍സ്ഡ് സുരക്ഷ ഫീച്ചറുകള്‍ക്കൊപ്പം സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് എയര്‍ബാഗ്, എബിഎസ്-ഇബിഡി, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോള്‍ഡ് സംവിധാനമുള്ള ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ഇലക്ടോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ അടിസ്ഥാന സുരക്ഷ സംവിധാനങ്ങളും ഹാരിയര്‍ ഇ.വിയില്‍ നല്‍കും.
ടാറ്റയുടെ രണ്ടാം തലമുറ ഇ.വി. ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയാണ് ഹാരിയര്‍ ഇലക്ട്രിക് ഒരുക്കിയിരിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഹാരിയര്‍ ഇ.വിയില്‍ നല്‍കിയിട്ടുള്ളത്. ഇരട്ട ഇലക്ട്രിക് മോഡല്‍ കരുത്തേകുന്ന വാഹനമായിരിക്കും ഹാരിയര്‍ ഇലക്ട്രിക് എന്നാണ് നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ള സൂചന. മെക്കാനിക്കല്‍ ഫീച്ചറുകളും ടാറ്റ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പോലും 60 കിലോവാട്ടില്‍ അധികം ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും ഇതില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ചും ഉറപ്പാക്കും.
Content Highlights: Tata Motors is testing the Harrier EV, boasting impressive features-advanced safety and performance