ഹാരിയർ ഓൾ വീൽ ഡ്രൈവ് മോഡൽ ഇനി ഒരെണ്ണമല്ല; കുറഞ്ഞ വിലയിൽ ഹാരിയർ ഇവി QWD എത്തിച്ച് ടാറ്റ

ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹനങ്ങളിലെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഹാരിയർ ഇവി. ഇന്ത്യൻ വിപണിയിലെ കരുത്തൻ ഇലക്ട്രിക് മോഡൽ എന്ന വിശേഷണത്തിന് കൂടി യോഗ്യമായ ഈ വാഹനത്തിന്റെ പുതിയ ഓൾ വീൽ ഡ്രൈവ്-ഡ്യുവൽ മോട്ടോർ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് നിർമാതാക്കൾ. കുറഞ്ഞ വിലയിൽ ലഭിക്കുന്ന ക്വാഡ് വീൽ ഡ്രൈവ് മോഡൽ എന്ന വിശേഷണത്തോടെയാണ് ടാറ്റ മോട്ടോഴ്‌സ് ഈ വേരിയന്റ് എത്തിച്ചിരിക്കുന്നത്.
ഹാരിയർ ഇവി ഫിയർലെസ് പ്ലസ് എന്ന പേരിലാണ് പുതിയ വേരിയന്റ് വന്നിരിക്കുന്നത്. 26.49 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. നിലവിലെ ഹാരിയർ ക്വാഡ് വീൽ ഡ്രൈവ് പതിപ്പിനെക്കാൾ 2.50 ലക്ഷം രൂപ കുറവാണ് പുതിയതിന്. ഈ മോഡലിന്റെ എൻട്രിയോട് കൂടി ക്വാഡ് വീൽ ഡ്രൈവ് (ഓൾ വീൽ ഡ്രൈവ്) പതിപ്പുകളുടെ എണ്ണം രണ്ടായി ഉയർത്താനും ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ മോഡലിനൊപ്പം സീവീഡ് ഗ്രീൻ എന്ന പുതിയ നിറം കൂടി ഹാരിയർ നിരയിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്.
ഇലക്ട്രിക് ഹാരിയറിന്റെ മറ്റ് വേരിയന്റുകളിൽ നിന്ന് ഡിസൈനിലും ഫീച്ചറുകളിലും മാറ്റം വരുത്താതെയാണ് പുതിയ പതിപ്പും എത്തിയിരിക്കുന്നത്. റെഗുലർ ഹാരിയറിൽ നിന്നും ടാറ്റയുടെ മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽനിന്നും സിഗ്നേച്ചർ ഡിസൈനുകളും ഇതിലുണ്ട്. എൽഇഡി ഡിആർഎൽ, പൊസിഷൻ ലാമ്പ്, മൂടിക്കെട്ടിയ ഗ്രില്ല്, പുതിയ ലോഗോ, ബമ്പറിൽ സ്ഥാനം പിടിച്ചിരിക്കുന്ന ക്വാഡ് ബീം എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പ് തുടങ്ങിയവയാണ് മുൻഭാഗത്ത്. പിൻഭാഗം അലങ്കരിക്കുന്നതും വലിയ എൽഇഡി ലൈറ്റും ബമ്പറിലും സ്‌കിഡ് പ്ലേറ്റും ചേർന്നാണ്.
ഹാരിയർ ഇവിയുടെ ഉയർന്ന വേരിയന്റിൽ നൽകിയിട്ടുള്ള ഭൂരിഭാഗം ഫീച്ചറുകളും ഫിയർലെസ് പ്ലസ് എന്ന വേരിയന്റിലേക്കും നൽകിയിട്ടുണ്ട്. 12.5 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ്, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ടാറ്റയുടെ പുതിയ സ്റ്റിയറിങ്ങ് വീൽ. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, മെമ്മറി ഫങ്ഷൻ നൽകിയിട്ടുള്ള മുൻനിര സീറ്റുകൾ, തുടങ്ങിയ ഫീച്ചറുകൾക്ക് പുറമെ, സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ലെവൽ-2 അഡാസ് ഫീച്ചറും ഈ വേരിയന്റിലുണ്ട്.
മെക്കാനിക്കൽ ഫീച്ചറുകൾ എംപവേർഡ് ക്വാഡ് വീൽ ഡ്രൈവ് 75 പതിപ്പിൽ നൽകിയിട്ടുള്ളത് തന്നെയാണ് ഫിയർലെസ് പ്ലസിലും നൽകിയിരിക്കുന്നത്. 75 കിലോവാട്ട് ബാറ്ററി പാക്കിനൊപ്പം മുന്നിലേയും പിന്നിലേയും ആക്‌സിലിൽ ഓരോ മോട്ടോറും വീതം നൽകിയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. 313 എച്ച്പി പവറും 504 എൻഎം ടോർക്കുമാണ് രണ്ട് മോട്ടോറുകൾ കൂടി ഉത്പാദിപ്പിക്കുന്നത്. ഓൾ വീൽ ഡ്രൈവ് പതിപ്പിലും 622 കിലോമീറ്റർ റേഞ്ചാണ് ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനൽകുന്നത്.
Content Highlights: Introduction of the Fearless Plus AWD variant at a competitive price point., Dual-motor setup delivering 313HP and 504Nm torque., Impressive 622km range on a single charge., Loaded with Level-2 ADAS, 360-degree camera, and 12.5-inch infotainment., New Seaweed Green color option added to the lineup.