കിടിലന്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത് കര്‍വും കര്‍വ് ഇവിയും; ഇനി ബെയ്‌സ് മോഡല്‍ മുതല്‍ ഫീച്ചര്‍ റിച്ചെന്ന് ടാറ്റ

ടാറ്റ കര്‍വ് കൂപ്പെ എസ്‌യുവി | Photo: Tata Motors
ടാറ്റ കര്‍വ് കൂപ്പെ എസ്‌യുവി | Photo: Tata Motors

ഇന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിട്ടുള്ള കൂപ്പെ എസ്‌യുവി മോഡലാണ് കര്‍വ്. പെട്രോള്‍,ഡീസല്‍, ഇലക്ട്രിക് എന്നീ പവര്‍ ട്രെയിനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തില്‍ ഏതാനും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. കര്‍വ്, കര്‍വ് ഇവി എന്നീ വാഹനങ്ങളുടെ ഉയര്‍ന്ന വകഭേദത്തിലാണ് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നത്. മാറ്റങ്ങളുമായി എത്തിയ കര്‍വിന് 14.55 ലക്ഷം രൂപയാണ് വില. ഇലക്ട്രിക് പതിപ്പിന് 18.49 ലക്ഷം രൂപയും വിലയാകും. 

ഇന്റീരിയറിലാണ് പ്രധാന കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിരിക്കുന്നത്. ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പെര്‍ഫൊറേറ്റഡ് സീറ്റുകള്‍, റിയര്‍ വിന്‍ഡോ സണ്‍ഷെയ്ഡ്, കപ്പ് ഹോള്‍ഡറുകള്‍ നല്‍കിയിട്ടുള്ള റിയര്‍ സീറ്റ് ആംറെസ്റ്റ്, ഡാഷ് ബോര്‍ഡില്‍ പതിപ്പിച്ചിട്ടുള്ള കാര്‍ബണ്‍ ഫൈബര്‍ ഇന്‍സേര്‍ട്ട്, ഇരട്ട നിറങ്ങളില്‍ തീര്‍ത്തിരിക്കുന്ന ഇന്റീരിയര്‍ തീം, ലെതറേറ്റ് സീറ്റ് അപ്‌ഹോള്‍സ്ട്രി എന്നിവയാണ് കര്‍വ്, കര്‍വ് ഇവി മോഡലുകളില്‍ പുതുതായി നല്‍കിയിരിക്കുന്നത്.

ഐസിഇ മോഡല്‍ കര്‍വിന്റെ ക്രിയേറ്റീവ് പ്ലസ് എസ് വേരിയന്റ് മുതല്‍ ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ നല്‍കുന്നുണ്ട്. എന്നാല്‍, അടിസ്ഥാന വേരിയന്റ് മുതല്‍ തന്നെ പെര്‍ഫൊറേറ്റഡ് സീറ്റുകള്‍, റിയര്‍ സീറ്റ് ആംറെസ്റ്റും നല്‍കുന്നുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. കര്‍വ് ഇവിയില്‍ വിങ്ഡ് ഹെഡ്‌റെസ്റ്റും എലിവേറ്റഡ് ഫ്‌ളോര്‍ബോര്‍ഡും നല്‍കുന്നുണ്ട്. രണ്ട് മോഡലുകളുടെയും ഇന്റീരിയര്‍ സ്‌പേസും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

മെക്കാനിക്കലായും ഡിസൈനിലും മാറ്റം വരുത്താതെയാണ് കര്‍വിന്റെ ഈ കൂട്ടിച്ചേര്‍ക്കലുകള്‍. 125 പിഎസ് പവറും 225 എന്‍എം ടോര്‍ക്കും നല്‍കുന്ന ടിജിഡിഐ പെട്രോള്‍ ടര്‍ബോ എന്‍ജിന്‍, 120 പിഎസ് പവറും 170 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 118 പിഎസ് പവറും 260 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നീ എന്‍ജിനുകളിലാണ് കര്‍വ് എത്തുന്നത്. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡി.സി.ടി. എന്നിവയാണ് ട്രാന്‍സ്മിഷന്‍.

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് കര്‍വ് ഇവി എത്തുന്നത്. 150 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് 45 കിലോവാട്ട് ബാറ്ററി പാക്കുള്ള മോഡലിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 502 കിലോമീറ്റര്‍ റേഞ്ചാണ് എംഐഡിസി സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍, ടാറ്റ മോട്ടോഴ്സിന്റെ സി75 ടെസ്റ്റ് അനുസരിച്ച് ഈ വാഹനത്തിന് 350 കിലോമീറ്റര്‍ റേഞ്ച് ഉറപ്പിക്കാമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഒമ്പത് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ മോഡലിനാകും.

ലോങ് റേഞ്ച് മോഡലായ 55 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷനില്‍ 167 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് നല്‍കുന്നത്. 585 കിലോമീറ്ററാണ് ടെസ്റ്റിങ് ഏജന്‍സികള്‍ ഈ വാഹനത്തിന് പറയുന്ന റേഞ്ച് എങ്കിലും സി75 ടെസ്റ്റ് അനുസരിച്ച് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 425 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സ് ഉറപ്പുനല്‍കിയിട്ടുള്ളത്. 8.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതും ഈ വാഹനത്തിന്റെ സവിശേഷതയാണ്.

Content Highlights: Tata Motors adds premium features to its popular Curvv & Curvv EV. Explore enhanced interiors and updated pricing for base to feature-rich variants.