നിരത്തിലെ ചലിക്കുന്ന കൊട്ടാരം, അത്യാഡംബരം നിറച്ച് പുതിയ റോള്‍സ് റോയിസ് കള്ളിനന്‍

റോള്‍സ് റോയിസ് കള്ളിനന്‍ II | Photo: Rolls Royce
റോള്‍സ് റോയിസ് കള്ളിനന്‍ II | Photo: Rolls Royce

ഡംബര വാഹനങ്ങളുടെ അവസാനവാക്കാണ് റോള്‍സ് റോയിസ് മോഡലുകള്‍. ഇവയില്‍ തന്നെ അല്‍പ്പം തലയെടുപ്പ് കൂടിയ മോഡലും റോള്‍സ് റോയിസ് നിരയിലെ ആദ്യ എസ്.യു.വിയുമാണ് കള്ളിനന്‍. 2018-ല്‍ എത്തിയ ഈ വാഹനത്തിന് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം തലമുറ മാറ്റം വന്നിരിക്കുകയാണ്. റോള്‍സ് റോയിസ് കള്ളിനന്‍ II എന്ന പേരില്‍ എത്തിയ പുതിയ മോഡലിന്റെ സ്റ്റാന്റേഡ് മോഡലിന് 10.50 കോടി രൂപയും ബ്ലാക്ക് ബഡ്ജ് പതിപ്പ് 12.25 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില.

റോള്‍സ് റോയിസ് വാഹനങ്ങളില്‍ ഏറ്റവുമധികം ഡിമാന്റുള്ള മോഡലായി മാറാന്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ കള്ളിനനിന് സാധിച്ചിരുന്നു. രാജ്യാന്തര നിരത്തുകളില്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അവതരിപ്പിച്ച വാഹനമാണ് ഇപ്പോള്‍ ഇന്ത്യയിലും എത്തിച്ചിരിക്കുന്നത്. ചെറിയ രൂപമാറ്റം, അഴിച്ചുപണി വരുത്തിയിട്ടുള്ള ഇന്റീരിയര്‍, കാര്യക്ഷമമായ സാങ്കേതികവിദ്യ എന്നിവയാണ് തലമുറ മാറ്റത്തിനൊപ്പം ഈ വാഹനത്തില്‍ വന്നിട്ടുള്ള പുതുമകള്‍. നിലവിലെ മോഡലിനെക്കാള്‍ നാല് കോടി രൂപയോളം വിലയിലും മാറ്റമുണ്ട്. 

ആദ്യ കള്ളിനന്‍ മോഡലിന്റെ തലയെടുപ്പ് നിലനിര്‍ത്തിയാണ് ഡിസൈനിലെ അഴിച്ചുപണികള്‍ വരുത്തിയിരിക്കുന്നത്. ഹെഡ്‌ലാമ്പുകളുടെ വലിപ്പത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇതിനരികിലായി എല്‍ ഷേപ്പില്‍ ഡി.ആര്‍.എല്ലും നല്‍കുന്നുണ്ട്. ചെറിയ മാറ്റങ്ങളാണ് ബമ്പറില്‍ വരുത്തിയിട്ടുള്ളത്. ഗ്രില്ലിന്റെ ഡിസൈനിലുമുണ്ട് ഏതാനും മാറ്റങ്ങള്‍. വലിപ്പത്തില്‍ മാറ്റമില്ലെങ്കിലും അലോയി വീലുകളുടെ ഡിസൈന്‍ പുതുമയുള്ളതാണ്. പിന്നിലെ ബമ്പര്‍ പൂര്‍ണമായും മാറിയിട്ടുണ്ട്. സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് പിന്നിലെ സ്‌കിഡ് പ്ലേറ്റ്. 

അകത്തളത്തില്‍ വലിയ അഴിച്ചുപണിയാണ് വരുത്തിയിരിക്കുന്നത്. ഡാഷ്‌ബോര്‍ഡില്‍ ഉടനീളമുള്ള ഗ്ലാസ് പാനലാണ് പ്രധാന പുതുമ. ഇതിലാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവ നല്‍കിയിട്ടുള്ളത്. ഒരു അനലോഗ് ക്ലോക്കും തിളങ്ങുന്ന സ്പിരിറ്റ് ഓഫ് എസ്റ്റസി ലോഗോയും ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ സ്പിരിറ്റി ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. പുതിയ ഗ്രാഫിക്‌സുകള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. 

മെക്കാനിക്കലായ മാറ്റങ്ങള്‍ ഈ വാഹനത്തില്‍ വരുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മുന്‍ മോഡലില്‍ കരുത്തേകിയിരുന്ന 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി12 എന്‍ജിനാണ് പുതിയ പതിപ്പിലും നല്‍കിയിരിക്കുന്നത്. സ്റ്റാന്റേഡ് മോഡല്‍ 571 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമേകുമ്പോള്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പ് 600 ബി.എച്ച്.പി. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Rolls Royce Cullinan II Launched in India, Price starts at 10.50 crores