ഒന്നല്ല, രണ്ട് റോള്‍സ് റോയിസ് സ്വന്തമാക്കി അംജദ് സിതാര

ആഡംബര വാഹനങ്ങളിലെ അതികായരായ റോള്‍സ് റോയിസ് പുറത്തിറക്കുന്ന ഏക എസ്.യു.വി. മോഡലാണ് കള്ളിനന്‍. ലോകത്തിലെ അതിസമ്പന്നരായ വ്യക്തികളുടെ അഭിമാന ചിഹ്നമായി വിശേഷിപ്പിക്കുന്ന ഈ വാഹനം സെലിബ്രിറ്റി സ്റ്റാറ്റസിലും മുന്നിലാണ്. ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയ താരരാജക്കന്‍മാര്‍ക്കും പ്രമുഖ വ്യവസായി എം.എ യൂസഫലിക്കും യാത്രയൊരുക്കുന്ന ഈ അത്യാഡംബര എസ്.യു.വി. ഇന്ത്യയില്‍ ഏറ്റവുമധികമുള്ളത് അംബാനിയുടെ ഗ്യാരേജിലായിരിക്കും.
അംബാനി ഗ്യാരേജിലേതിന് സമാനമായി ആഡംബര തുളുമ്പുന്ന റോള്‍സ് റോയിസ് വാഹനങ്ങള്‍ ഗ്യാരേജില്‍ നിറയ്ക്കാനുള്ള നീക്കത്തിലാണ് കേരളത്തില്‍ നിന്നുള്ള യുവവ്യവസായിയായ അംജദ് സിതാരയും. ആദ്യം സ്വന്തമാക്കിയ റോള്‍സ് റോയിസ് റെയ്ത്ത് ബ്ലാക്ക് ബാഡ്ജിന് പിന്നാലെ ഇപ്പോള്‍ കള്ളിനന്‍ എസ്.യു.വിയും സ്വന്തമാക്കിയിരിക്കുകയാണ് അംജദ് സിതാര. അദ്ദേഹത്തിന്റെ ഗ്യാരേജിലെ രണ്ടാമത്തെ റോള്‍സ് റോയിസാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമായി കള്ളിനന്‍ സ്വന്തമാക്കിയ പ്രായം കുറഞ്ഞ വൃക്തി എന്ന പദവിയും അംജദിനാണ്.
ബി.സി.സി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍, ബി.സി.സി പ്രോപ്പര്‍ട്ടീസ് എന്നീ ബ്രാന്‍ഡുകളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് അംജദ് സിതാര എന്ന വ്യവസായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റോള്‍സ് റോയിസ് അവതരിപ്പിച്ച കള്ളിനന്‍ 2 ബ്ലാക്ക് ബാഡ്ജ് മോഡലാണ് അംജദ് സ്വന്തമാക്കിയിരിക്കുന്നത്. റോള്‍സ് റോയിസ് കള്ളിനന്‍ 2 എന്ന പേരില്‍ എത്തിയ പുതിയ മോഡലിന്റെ സ്റ്റാന്റേഡ് മോഡലിന് 10.50 കോടി രൂപയും ബ്ലാക്ക് ബഡ്ജ് പതിപ്പ് 12.25 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില.
റോള്‍സ് റോയിസ് കാറുകളോടുള്ള പ്രണയമാണ് പുതിയ കള്ളിനന്‍ 2 ബ്ലാക്ക് ബാഡ്ജ് രണ്ടാമത്തെ റോള്‍ റോയിസ് മോഡലായി ഗ്യാരേജിലെത്തിക്കാന്‍ തീരുമാനിച്ചത്. അംജദ് സിതാരയുടെ എസ്.യു.വികളുടെ വീഡിയോ അടുത്തിടെ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ ബി6 പ്രൊഡക്ഷന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവെച്ചിട്ടുണ്ട്.
റെഗുലര്‍ കള്ളിനന്‍ മോഡലുകളെക്കാള്‍ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷുകള്‍ കൂടുതലായി നല്‍കുന്ന മോഡലാണ് ബ്ലാക്ക് ബാഡ്ജ് പതിപ്പ്. അംജദ് സ്വന്തമാക്കിയ വാഹനത്തില്‍ ഓറഞ്ച്ബ്ലാക്ക് കോംമ്പിനേഷനില്‍ ഇന്റീരിയര്‍ ഒരുക്കിയതാണ് പ്രധാനമായി വരുത്തിയിട്ടുള്ള കസ്റ്റമൈസേഷന്‍. വാഹനത്തില്‍ വരുത്തുന്ന രൂപമാറ്റത്തിന് അനുസരിച്ച് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയില്‍ മാറ്റമുണ്ടാകുന്നുണ്ട്.
റെഗുലര്‍ മോഡലിനും ബ്ലാക്ക് ബാഡ്ജ് പതിപ്പിനും ലുക്കില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ക്ക് പുറമെ, ബ്ലാക്ക് ബാഡ്ജ് മോഡല്‍ കൂടുതല്‍ കരുത്തനുമാണെന്നതും ശ്രദ്ധേയമാണ്. കള്ളിനനിന്റെ ആദ്യ മോഡലില്‍ കരുത്തേകിയിരുന്ന 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 എന്‍ജിനാണ് പുതിയ പതിപ്പിലും നല്‍കിയിരിക്കുന്നത്. സ്റ്റാന്റേഡ് മോഡല്‍ 571 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമേകുമ്പോള്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പ് 600 ബി.എച്ച്.പി. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗ്യാരേജിലെത്തിയ പുതിയ റോള്‍സ് റോയിസ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എസ്.യു.വിക്കൊപ്പം റോള്‍സ് റോയിസിന്റെ തന്നെ റെയ്ത്ത് എന്ന ആഡംബര സെഡാന്‍, മെഴ്‌സിഡീസ് മെയ്ബ, ബി.എം.ഡബ്ല്യു, റേഞ്ച് റോവര്‍, ബെന്റ്‌ലി തുടങ്ങി ആഡംബര വാഹനങ്ങളുടെ വലിയ നിരയും അദ്ദേഹത്തിന്റെ വാഹനശേഖരത്തിലുണ്ട്.
Content Highlights: Rolls royce cullinan black badge series II in amjad sitara guarage