ആ പരിഹാസത്തിന് പരിഹാരമാകുന്നു; ടർബോ എൻജിൻ കരുത്തിൽ നിരത്ത് കീഴടക്കാനൊരുങ്ങി റെനോ ട്രൈബർ

#Auto Desk
റെനോ ട്രൈബര്‍ | Photo: Renault India
റെനോ ട്രൈബര്‍ | Photo: Renault India

റെനോ ട്രൈബർ, ഇന്ന് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന എംപിവി. ഈയൊരു വിശേഷണം കൊണ്ടുതന്നെ നിരവധി ആരാധകരുള്ള വാഹനമായി മാറിയ മോഡലാണ് ട്രൈബർ. എന്നാൽ, ചിലരെങ്കിലും ഈ വാഹനത്തെ കുറ്റപ്പെടുത്തുന്ന ഒരു കാരണം കൂടിയുണ്ട്. അത് പവറിന്റെ കാര്യത്തിലാണ്. ഈയൊരു കുറവ് നികത്താനുള്ള നടപടി റെനോ ആരംഭിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.

ടർബോ എൻജിൻ നൽകുന്നതിലൂടെ പവർ കുറവാണെന്ന പരാതിക്ക് പരിഹാരം കാണാനാണ് നിർമാതാക്കൾ ഒരുങ്ങുന്നത്. റെനോ കൈഗറിലും നിസാൻ മാഗ്നൈറ്റിലും നൽകിയിട്ടുള്ള 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എൻജിനായിരിക്കും ഈ വാഹനത്തിൽ നൽകുകയെന്നാണ് വിവരം. പുതിയ എൻജിനൊപ്പം സിവിടി ട്രാൻസ്മിഷനിലും സിഎൻജി പവർട്രെയിനിലും ഭാവിയിൽ ട്രൈബറിനെ പ്രതീക്ഷിക്കാം.

2026 ഒക്ടോബർ മാസത്തിനുള്ളിൽ ടർബോ എൻജിൻ ട്രൈബർ എത്തിയേക്കുമെന്നാണ് ഓട്ടോകാർ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഈ വാഹനത്തിൽ നൽകിയിരിക്കുന്ന ബിആർ10 എന്ന നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിന്റെ ടർബോ പതിപ്പായ എച്ച്ആർ10 എന്ന എൻജിനാണ് ട്രൈബറിനായും കരുതി വെച്ചിരിക്കുന്നത്. 100 എച്ച്പി പവറും 160 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, സിവിടി എന്നീ ട്രാൻസ്മിഷനുകളും പ്രതീക്ഷിക്കാം.

ട്രൈബറിന്റെ ടർബോ പതിപ്പിനൊപ്പം തന്നെ വരവ് പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് സിഎൻജി പതിപ്പ്. ബൂട്ട് ഫ്‌ളോറിൽ സ്ഥാനമുറപ്പിക്കുന്ന ഇരട്ട സിഎൻജി ടാങ്കുകളുമായായിരിക്കും ഈ മോഡൽ എത്തുന്നത്. ട്രൈബറിന്റെ സിഎൻജി പതിപ്പ് മുമ്പുതന്നെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും ഇത് ആഫ്റ്റർ മാർക്കറ്റ് റെട്രോ ഫിറ്റ്‌മെന്റായാണ് നൽകിയിരുന്നത്. ഇതിന് പകരം ഫാക്ടറി ഫിറ്റഡ് ആയായിരിക്കും ഇനി ട്രൈബർ സിഎൻജി എത്തുക.

Content Highlights: Introduction of 1.0L 3-cylinder turbo petrol engine producing 100hp and 160Nm torque., Expected launch timeline set for October 2026., Transition from naturally aspirated engine to HR10 turbo engine., Introduction of factory-fitted dual-cylinder CNG variant., Availability of both 5-speed manual and CVT transmission options.